ഇതിപ്പോള്‍ മലയാളത്തിന്റെയും താഴെയായല്ലോ സ്ഥാനം... ആറ് മാസത്തില്‍ ഹിറ്റായത് മൂന്ന് സിനിമകള്‍ മാത്രം... 47 ഫ്‌ളോപ്പുകളുമായി ടോളിവുഡ്
Indian Cinema
ഇതിപ്പോള്‍ മലയാളത്തിന്റെയും താഴെയായല്ലോ സ്ഥാനം... ആറ് മാസത്തില്‍ ഹിറ്റായത് മൂന്ന് സിനിമകള്‍ മാത്രം... 47 ഫ്‌ളോപ്പുകളുമായി ടോളിവുഡ്
അമര്‍നാഥ് എം.
Tuesday, 2nd June 2026, 8:50 pm

ബാഹുബലിക്ക് മുമ്പ് പലരുടെയും കണ്ണില്‍ ട്രോള്‍ മെറ്റീരിയലായി മാത്രം ശ്രദ്ധ നേടിയ ഇന്‍ഡസ്ട്രിയായിരുന്നു ടോളിവുഡ്. ബാഹുബലിക്ക് ശേഷം തെലുങ്ക് ഇന്‍ഡസ്ട്രിയുടെ തലവര തന്നെ മാറുകയായിരുന്നു. പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി നല്‍കിക്കൊണ്ട് ഇന്ത്യന്‍ സിനിമയുടെ ടോപ്പില്‍ ടോളിവുഡ് തിളങ്ങിനിന്നു. ബോളിവുഡിനെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ഈ നേട്ടം.

എന്നാല്‍ ആ വര്‍ഷം തെലുങ്ക് ഇന്‍ഡസ്ട്രിക്ക് അത്ര നല്ല കാലമല്ല. 2026 ആരംഭിച്ച് പകുതിയോടടുക്കുമ്പോള്‍ വമ്പന്‍ ഹിറ്റെന്ന് പറയാന്‍ വെറും മൂന്ന് സിനിമകള്‍ മാത്രമാണ് തെലുങ്കിനുള്ളത്. സൂപ്പര്‍താരങ്ങളുടെ പല സിനിമകളും ബോക്‌സ് ഓഫീസില്‍ അടപടലം തകരുകയായിരുന്നു. 80ലേറെ സിനിമകളാണ് ഈ വര്‍ഷം തിയേറ്ററിലെത്തിയത്. സൂപ്പര്‍താരങ്ങളുടെ 40ലധികം സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണു.

തെലുങ്ക് സിനിമ 2026 Photo: Cinejosh/ X.com

ചിരഞ്ജീവി നായകനായ മന ശങ്കര വരപ്രസാദഗാരുവാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രം. 300 കോടിയിലേറെയാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ തെലുങ്ക് മെഗാ സ്റ്റാറിന്റെ തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ കാണാന്‍ സാധിച്ചത്. പ്രഭാസിന്റെ രാജാസാബാണ് ലിസ്റ്റിലെ രണ്ടാമത്തൈ ചിത്രം. 400 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം 200 കോടി മാത്രം നേടി ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി.

നവീന്‍ പൊളിഷെട്ടിയുടെ അനഗനഗ ഒക്ക രാജു 100 കോടിയിലേറെ നേടിയതാണ് മറ്റൊരു നേട്ടം. 15 കോടിയിലൊരുങ്ങിയ ചിത്രം 103 കോടിയാണ് സ്വന്തമാക്കിയത്. 150 കോടി മുതല്‍മുടക്കിലൊരുങ്ങിയ പവര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ ഉസ്താദ് ഭഗത് സിങ് 93 കോടി മാത്രം നേടി കളംവിട്ടു. ഹിറ്റില്ലാത്ത 13ാം വര്‍ഷമാണ് പവര്‍ സ്റ്റാറിന്റേത്.

പെദ്ദി Photo: Theatrical poster

പവന് വെല്ലുവിളിയുമായി മാസ് മഹാരാജ രവി തേജയും കളത്തിലുണ്ട്. സംക്രാന്തി റിലീസായെത്തിയ ഭാരത മഹാസായുലകു വിജ്ഞാപതിയും പരാജയമായതോടെ ഫ്‌ളോപ്പിന്റെ കാര്യത്തില്‍ ഡബിള്‍ ഹാട്രിക് രവി തേജ സ്വന്തമാക്കി. വമ്പന്മാര്‍ക്ക് അടിതെറ്റിയ വര്‍ഷത്തില്‍ അപ്രതീക്ഷിത വിജയം നേടിയ ചില ചിത്രങ്ങളുണ്ട്. സംഗീത് സോഹന്റെ രാകസ, അദിവി ശേഷിന്റെ ഡക്കോയിറ്റ് എന്നിവ ഹിറ്റ് സ്റ്റാറ്റസ് നേടിയിട്ടുണ്ട്.

എന്നാല്‍ പ്രഭാസടക്കമുള്ള വമ്പന്‍ താരങ്ങളുള്ള തെലുങ്ക് ഇന്‍ഡസ്ട്രി ഇപ്പോള്‍ മലയാളത്തിനും പിന്നിലാണ്. രണ്ട് 200 കോടിയും രണ്ട് 100 കോടി ചിത്രങ്ങളുമാണ് ഈ വര്‍ഷം മോളിവുഡില്‍ പിറന്നത്. ജൂണ്‍ നാലിന് പുറത്തിറങ്ങുന്ന പെദ്ദി ഹിറ്റായില്ലെങ്കില്‍ തെലുങ്ക് ഇന്‍ഡസ്ട്രിക്കും റാം ചരണിനും വലിയ തിരിച്ചടിയായിരിക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Tollywood get only three hits in five months

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം