തൊഗാഡിയയുടെ പേടിയും ദീനദയാല്‍ ഉപാദ്ധ്യായയുടെ ദുരൂഹമരണവും തമ്മിലെന്ത് ?
F.B Notification
തൊഗാഡിയയുടെ പേടിയും ദീനദയാല്‍ ഉപാദ്ധ്യായയുടെ ദുരൂഹമരണവും തമ്മിലെന്ത് ?
ശ്രീകാന്ത് പി.കെ
Wednesday, 17th January 2018, 1:59 pm

ബിജെപിയുടെ പൂര്‍വ്വ രൂപമായിരുന്ന ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവും ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്നു ദീന്‍ ദയാല്‍ ഉപാദ്ധ്യായ. ഇന്നും സംഘ പരിവാറിന്റെ സ്വാതിക മുഖങ്ങള്‍ എന്ന് തോന്നിപ്പിക്കുന്നവര്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്ന അവരുടെ പ്രത്യയ ശാസ്ത്രമായി കരുതിപ്പോന്ന എകാത്മാ മാനവദര്‍ശനത്തിന്റെ ഉപജ്ഞാതാവ്.

തന്റെ ബിരുദ പഠന കാലത്ത് രാഷ്ട്രീയസ്വയംസേവക സംഘവുമായി അടുത്ത അദ്ധേഹം ആര്‍എസ്എസ് ആചാര്യന്‍ കെ.ബി. ഹെഡ്‌ഗേവാറിന്റെ അടുത്ത സഹചാരിയായിരുന്നു. സംഘത്തില്‍ ജില്ലാ പ്രചാരകനും, ഉത്തര്‍പ്രദേശ് സഹ പ്രാന്തപ്രചാരകുമോക്കെയായി മാറിയ ദീന്‍ ദയാല്‍ ഉപാദ്ധ്യായ പല സംഘ് പ്രസിദ്ധീകരണങ്ങളുമൊക്കെ ആരംഭിച്ചിരുന്നു.

സ്വാതന്ത്രാനന്തരം ആര്‍എസ്എസ് ഒരു രാഷ്ട്രീയ മുഖമായി മാറാനുള്ള തീരുമാനത്തെ തുടര്‍ന്ന് അന്നത്തെ സര്‍ സംഘ ചാലക് എം.എസ്.ഗോള്‍വല്‍ക്കര്‍ വാജ്‌പേയ്‌ക്കൊപ്പം ആ ദൗത്യം നിറവേറ്റാന്‍ നിയോഗിച്ചത് ദീന്‍ ദയാലിനെ ആയിരുന്നു.1952 മുതല്‍ ജനസംഘം ജനറല്‍ സെക്രട്ടറി ആയിരുന്ന ദീന്‍ ദയാല്‍ 1967 ലാണ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

 

അദ്ധ്യക്ഷനായി ചുമതലയേറ്റ് രണ്ടു മാസം തികയും മുന്‍പാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ലക്‌നൗവില്‍നിന്നും പാട്‌നയിലേക്ക് രാത്രി ട്രെയിനില്‍ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം 1968 ഫെബ്രുവരി പതിനൊന്നിനു മുഗല്‌സാരായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടു കിട്ടുകയായിരുന്നു. ഇന്നും ദുരൂഹമായി തുടരുന്ന ആ മരണത്തിന്റെ ചുരുളഴിക്കാന്‍ അന്നോ ഇന്നോ സംഘിനു കാര്യമായ താല്പ്പര്യമുണ്ടായിരുന്നില്ല എന്നതാണ് കാര്യം. തങ്ങളുടെ ഏറ്റവും ഉന്നതനായ രാഷ്ട്രീയാചാര്യന്റെ മരണത്തെ കുറിച്ചാണ് പറഞ്ഞത്.

പ്രവീണ്‍ തൊഗാഡിയ: സംഘ പരിവാര്‍ പോഷക സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ ദേശീയ അധ്യക്ഷന്‍. വളരെ ചെറുപ്പത്തില്‍ തന്നെ ആര്‍എസ്എസ്സിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്ര മുഖങ്ങളായി മാറിയവരില്‍ ഒരാള്‍. പരിചയപ്പെടുത്തലുകളൊട്ടും തന്നെ ആവശ്യമില്ലാത്ത കുപ്രസക്തന്‍. ആ മനുഷ്യന്‍ ഇന്ന് പറയുന്നു, തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന്. ആര് കൊല്ലാന്‍ ശ്രമിക്കുന്നു ? ഭരണ കൂടം. ഏത് ഭരണ കൂടം? തന്റെ തന്നെ പാര്‍ട്ടി കയ്യാളുന്ന ഭരണ കൂടം. എന്തിനു ?? എന്തിനു??

മോഡിയേയും അസംഖ്യം സംസ്ഥാന മുഖ്യമന്ത്രിമാരെയും അധികാര കസേരയിലേക്ക് ആനയിച്ച എണ്ണമറ്റ കലാപങ്ങളെ കുറിച്ച് ഏറെ അറിവുള്ളോരു മനുഷ്യനെ, തങ്ങളുടെ പോഷക സംഘടനയുടെ ദേശീയ അധ്യക്ഷനെ അവരുടെ തന്നെ ഭരണ കൂടം ഫെയ്ക്ക് എന്‍കൗണ്ടറിലൂടെ കൊല്ലപ്പെടുത്തുമെന്ന് കാലമിതുവരെ അവര്‍ക്കായി തന്ത്രങ്ങള്‍ മെനഞ്ഞും നടപ്പിലാക്കിയും വന്നൊരു മനുഷ്യന്‍ ഭയപ്പെടുന്നു.

കാര്യമായ രാഷ്ട്രീയാധികാരം കയ്യില്‍ ഇല്ലാത്ത കാലത്ത് പാര്‍ട്ടി തന്നെ കെട്ടി പൊക്കിയ അവരുടെ ആചാര്യന്‍ ദുരൂഹമായി കൊല്ലപെട്ടിട്ടുണ്ട്. പിന്നെയാണോ അധികാരം അതിന്റെ ഏറ്റവും ഉന്നതിയില്‍ കയ്യിലുള്ള ഈ സമയം. തൊഗാഡിയയുടെ ഭയത്തിനു പിന്നില്‍ കാരണങ്ങളുണ്ട്. അയാള്‍ക്ക് അറിയുന്ന പോലെ സംഘിനെ കൂടുതല്‍ പേര്‍ക്ക് അറിയികയുമില്ല. ഒരു പക്ഷേ അത് തന്നെയാവാം കാരണവും.