| Thursday, 30th April 2026, 7:54 pm

കേരളത്തില്‍ തൂക്കുസഭയ്ക്ക് സാധ്യത; യു.ഡി.എഫിന് നേരിയ മുന്‍തൂക്കം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന് പ്രമുഖ സര്‍വേ ഏജന്‍സിയായ ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍.

യു.ഡി.എഫിന് നേരിയ മേല്‍ക്കൈ ലഭിക്കുമെങ്കിലും എല്‍.ഡി.എഫും തൊട്ടുപിന്നാലെ തന്നെയുണ്ട്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ 11 സീറ്റുകള്‍ വരെ നേടി നിര്‍ണായക ശക്തിയാകുമെന്നാണ് പ്രവചനം.

സീറ്റ് നില പ്രവചനം

യു.ഡി.എഫ്: 60 – 78 സീറ്റുകള്‍

എല്‍.ഡി.എഫ്: 55 – 73 സീറ്റുകള്‍

എന്‍.ഡി.എ: 3 – 11 സീറ്റുകള്‍

എക്‌സിറ്റ് പോള്‍ കണക്കനുസരിച്ച് യു.ഡി.എഫിന് 40 ശതമാനവും എല്‍.ഡി.എഫിന് 38 ശതമാനവും എന്‍.ഡി.എയ്ക്ക് 20 ശതമാനവും വോട്ട് വിഹിതം ലഭിക്കാന്‍ സാധ്യതയുണ്ട്

വിവിധ സമുദായങ്ങള്‍ക്കിടയിലെ വോട്ട് വിഹിതത്തെക്കുറിച്ച് സര്‍വേ നല്‍കുന്ന കണക്കുകളിങ്ങനെ,

നായര്‍ വോട്ടുകള്‍: എന്‍.ഡി.എ – 39%, യു.ഡി.എഫ് – 32%, എല്‍.ഡി.എഫ് – 28%

മുസ്‌ലിം വോട്ടുകള്‍: യു.ഡി.എഫ് – 62%, എല്‍.ഡി.എഫ് – 33%, എന്‍.ഡി.എ – 4%

ഈഴവ വോട്ടുകള്‍: എല്‍.ഡി.എഫ് – 47%, എന്‍.ഡി.എ- 32%, യു.ഡി.എഫ് – 20%

ക്രിസ്ത്യന്‍ വോട്ടുകള്‍: യു.ഡി.എഫ് – 53%, എല്‍.ഡി.എഫ് – 34%, ബി.ജെ.പി – 11%

എസ്.സി വോട്ടുകള്‍: എല്‍.ഡി.എഫ് – 49%, യു.ഡി.എഫ് – 31%, ബി.ജെ.പി – 18%

കേരളത്തിന് പുറമെ അസമിലും തമിഴ്‌നാട്ടിലും ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചനം നടത്തിയിട്ടുണ്ട്. അസമില്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തും. ആകെയുള്ള 126 സീറ്റുകളില്‍ 93 മുതല്‍ 111 സീറ്റുകള്‍ വരെ എന്‍.ഡി.എ നേടുമെന്ന് പ്രവചിക്കുന്നു (വോട്ട് വിഹിതം 50%). കോണ്‍ഗ്രസ് സഖ്യം 14-32 സീറ്റുകളിലേക്ക് ചുരുങ്ങാം.

തമിഴ്‌നാട്ടില്‍ 125 മുതല്‍ 136 വരെ സീറ്റുകള്‍ നേടി ഡി.എം.കെ സഖ്യം അധികാരം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ടുഡേയ്‌സ് ചാണക്യയുടെ വിലയിരുത്തല്‍. എന്നാല്‍ വിജയ്‌യുടെ ടി.വി.കെ 63 മുതല്‍ 74 സീറ്റുകള്‍ വരെ നേടി നിര്‍ണായക ശക്തിയാകുമെന്നും സര്‍വേ പറയുന്നു.

കഴിഞ്ഞ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കൃത്യമായ പ്രവചനങ്ങള്‍ നടത്തിയ ഏജന്‍സിയാണ് ടുഡേയ്‌സ് ചാണക്യ.

മറ്റ് മിക്ക എക്‌സിറ്റ് പോളുകളും യു.ഡി.എഫിന് അനുകൂലമായ ഭരണമാറ്റം പ്രവചിക്കുമ്പോള്‍, ടുഡേയ്‌സ് ചാണക്യയുടെ തൂക്കുസഭ പ്രവചനം ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയാണ്.

Content Highlight: Today’s Chanakya Exit Poll predicts a hung assembly in Kerala, slight lead for UDF

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more