| Friday, 20th June 2025, 7:52 am

ജയിക്കാന്‍ 12 പന്തില്‍ 11; W,0, W,W, W! സൂര്യ ആനന്ദ് മലിംഗയായപ്പോള്‍ പത്ത് റണ്‍സിന് ജയിച്ച് പാന്തേഴ്‌സ്; അള്‍ട്ടിമേറ്റ് ത്രില്ലര്‍, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ടി.എന്‍.പി.എല്ലില്‍ നെല്ലായ് റോയല്‍ കിങ്‌സിനെ പരാജയപ്പെടുത്തി സെയ്‌ചെം മധുരൈ പാന്തേഴ്‌സിന് തകര്‍പ്പന്‍ വിജയം. സേലം ക്രിക്കറ്റ് ഫൗണ്ടേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് പാന്തേഴ്‌സ് സ്വന്തമാക്കിയത്. 19ാം ഓവറില്‍ ഹാട്രിക് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ സൂര്യ ആനന്ദിന്റെ കരുത്തിലാണ് പാന്തേഴ്‌സ് വിജയിച്ചുകയറിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ കിങ്‌സിന് 18.5 ഓവറില്‍ 158 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാന്തേഴ്‌സ് ബി. അനിരുദ്ധ് സീത രാം, അതീഖ് ഉര്‍ റഹ്‌മാന്‍ എന്നിവരുടെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. അനിരുദ്ധ് 37 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ 27 പന്തില്‍ 36 റണ്‍സാണ് അതീഖ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. എട്ട് പന്തില്‍ 24 റണ്‍സ് നേടിയ ഗുര്‍ജാപ്‌നീത് സിങ്ങിന്റെ പ്രകടനവും പാന്തേഴ്‌സ് നിരയില്‍ നിര്‍ണായകമായി.

റോയല്‍ കിങ്‌സിനായി സോനു യാദവ് മൂന്ന് വിക്കറ്റുമായി തിളങ്ങി. റോക്കി ബി. രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബി. ചെറിയാന്‍, വി. യുദ്ധീശ്വരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ കിങ്‌സിന് തുടക്കം പാളിയെങ്കിലും വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ അരുണ്‍ കാര്‍ത്തിക്കിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ടീം മുമ്പോട്ട് കുതിച്ചു. 43 പന്തില്‍ 67 റണ്‍സാണ് അരുണ്‍ കാര്‍ത്തിക് സ്വന്തമാക്കിത്. വിക്കറ്റ് കീപ്പര്‍ റിത്വിക് ഈശ്വരന്‍ (19 പന്തില്‍ 25), സോനു യാദവ് (20 പന്തില്‍ 32) എന്നിവരുടെ പ്രകടനവും ടീമിനെ വിജയത്തിനരികിലെത്തിച്ചു.

18ാം ഓവര്‍ അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന നിലയിലായിരുന്നു റോയല്‍ കിങ്‌സ്. നാല് വിക്കറ്റ് കയ്യിലിരിക്കെ 12 പന്തില്‍ 11 റണ്‍സ് മാത്രമാണ് ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്.

19ാം ഓവര്‍ എറിയാനായി ക്യാപ്റ്റന്‍ എന്‍.എസ്. ചതുര്‍വേദ് എസ്. സൂര്യ ആനന്ദിനെ പന്തേല്‍പ്പിച്ചു. ഓവറിലെ ആദ്യ പന്തില്‍ തന്നെ ടീമിന്റെ പ്രതീക്ഷയായ സോനു യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി സൂര്യ ആനന്ദ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി.

ശേഷമെത്തിയ യുദ്ധീശ്വരന്‍ ആദ്യ പന്ത് ചെറുത്തെങ്കിലും നേരിട്ട രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. സച്ചിന്‍ രാഥിയെയും ബി. ചെറിയാനെയും ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയതോടെ പാന്തേഴ്‌സ് പത്ത് റണ്‍സിന്റെ വിജയം സ്വന്തമാക്കി. സൂര്യ ആനന്ദ് തന്നെയാണ് കളിയിലെ താരവും.

ഈ വിജയത്തിന് പിന്നാലെ നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി ആറാമതാണ് മധുരൈ പാന്തേഴ്‌സ്.

ജൂണ്‍ 22നാണ് പാന്തേഴ്‌സിന്റെ അടുത്ത മത്സരം. ഇന്ത്യന്‍ സിമന്റെ കമ്പനി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സാണ്.

Content Highlight: TNPL: Madurai Panthers defeated Nellai Royal Kings

We use cookies to give you the best possible experience. Learn more