| Saturday, 10th January 2026, 4:28 pm

പശ്ചിമ ബംഗാളിലെ ഇ.ഡി റെയ്‌ഡിനെതിരെ സുപ്രീം കോടതിയിൽ തടസ ഹരജിയുമായി ടി.എം.സി

ശ്രീലക്ഷ്മി എ.വി.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഐ.പാക്കിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നടത്തിയ റെയ്‌ഡിനെതിരെ സുപ്രീം കോടതിയിൽ തടസ ഹരജിയുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി).

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി  മമതക്കെതിരായ ഹരജി അടിയന്തരമായി കേൾക്കണമെന്ന ഇ.ഡിയുടെ ആവശ്യം കൽക്കട്ട ഹൈക്കോടതി ഇന്ന് (ശനി) തള്ളിയിരുന്നു.

തുടർന്ന് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ടി.എം.സിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

കേസിന്റെ വാദം  ജനുവരി 14ന് കേൾക്കുമെന്ന് കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മമതക്കെതിരായ ഇ.ഡിയുടെ ഹരജിയും ഇ.ഡിക്കെതിരായ തൃണമൂൽ കോൺഗ്രസിന്റെ ഹരജികളും ഹൈക്കോടതി ഇന്നലെ (വെളളി) വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തിരുന്നു.

എന്നാൽ ഇരുപക്ഷവും തമ്മിൽ കോടതിക്കുള്ളിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഹരജികളിൽ വാദം കേൾക്കുന്നത് ജനുവരി 14ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് സുവ്ര ഘോഷാണ് വാദം കേൾക്കുന്നത് മാറ്റിവെച്ചത്.

ജനുവരി എട്ടിന് ടി.എം.സിയുടെ തെരഞ്ഞെടുപ്പ് കൺസൾട്ടന്റായ ഐ-പാക്കിന്റെ ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജെയ്നിന്റെ വീട്ടിലുമായി നടന്ന ഇ.ഡി റെയ്‌ഡാണ്‌ ഹരജിക്കാസ്പദമായ സംഭവം.

മമതക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അതിന് സി.ബി.ഐയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം. തങ്ങൾക്ക് ആവശ്യമായ ഹാർഡ് ഡിസ്ക് അടക്കമുള്ള രേഖകൾ കൊൽക്കത്ത പൊലീസ് മുഖേന മമത പിടിച്ചെടുത്തിട്ടുണ്ടെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.

ബി.ജെ.പിയെ ഇന്ത്യ ഭരിക്കാൻ അനുവദിക്കില്ലെന്നും ഐ.പാക്കിലെ റെയ്‌ഡിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന റാലിയിൽ മമത ബാനർജി പറഞ്ഞിരുന്നു.

ഈ വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം പ്രതിപക്ഷം ദൽഹിയിൽ വിജയം നേടണമെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlight: TMC files stay petition in Supreme Court against ED raids in West Bengal

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more