എത്രമാത്രം കരുതലാണ് നമ്മുടെ സര്‍ക്കാര്‍ സവര്‍ണര്‍ക്ക് നല്‍കുന്നതെന്ന് കൂടി പാഠ്യപദ്ധതിയില്‍ വരട്ടെ
FB Notification
എത്രമാത്രം കരുതലാണ് നമ്മുടെ സര്‍ക്കാര്‍ സവര്‍ണര്‍ക്ക് നല്‍കുന്നതെന്ന് കൂടി പാഠ്യപദ്ധതിയില്‍ വരട്ടെ
ടി.കെ. ഉമ്മര്‍
Friday, 18th November 2022, 5:34 pm

കേരളത്തില്‍ പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം വരുന്നു. ലക്ഷക്കണക്കിന് അധ്യാപകര്‍ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തുന്നത്. മാത്രവുമല്ല, തങ്ങള്‍ പഠിക്കേണ്ട കരിക്കുലത്തെക്കുറിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ചര്‍ച്ച ചെയ്യാന്‍ അവസരം, കൂടാതെ പൊതുജനങ്ങള്‍ക്കും.

ലോക ചരിത്രത്തില്‍ ആദ്യമായി തളത്തില്‍ ദിനേശന്റെ കഥ വെള്ളിത്തിരയില്‍ എന്ന പരസ്യം മാതിരി. എന്തൊരു പ്രഹസനമാണ് സജീ ഇത്? എത്രമേല്‍ ജനാധിപത്യപരം എന്നറിയിക്കാനോ? എന്തായാലും പൗരന്‍ എന്ന നിലയില്‍ എന്റെ ഒരു നിര്‍ദേശം മുന്നോട്ടുവെക്കട്ടെ.

ഇന്ന് ഒരധ്യാപകന്‍ ക്ലാസില്‍ നടത്തിയ ഈ ചര്‍ച്ചയില്‍ കുട്ടികളില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്.

തങ്ങള്‍ എന്തിനാണ് പഠിക്കുന്നത്? ജോലി കിട്ടുമോ? ഞങ്ങള്‍ ജനറല്‍ കാറ്റഗറിയില്‍ ആയിപ്പോയില്ലേ? ഇതാണ് ചില കുട്ടികള്‍ ഉയര്‍ത്തിയ ആശങ്ക. ഇത് എവിടെനിന്നും വരുന്നു? തീര്‍ച്ചയായും വീട്ടകങ്ങളില്‍ നിന്നുതന്നെ. നൂറ്റൊന്നാവര്‍ത്തിച്ച ഈ നുണ ശരിയല്ലെന്ന് മനസ്സിലാക്കിക്കേണ്ട ബാധ്യത കരിക്കുലത്തിനുണ്ട്. സംവരണം പ്രാതിനിധ്യത്തിനു വേണ്ടിയാണെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തിലെ മുഴുവന്‍ ജനങ്ങളും അത് തിരിച്ചറിയണം. പക്ഷേ ഇക്കാര്യം നടക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല. കാരണം സംവരണം അനര്‍ഹര്‍ക്ക് സ്ഥാനം നല്‍കലാണെന്ന് പിന്നോക്കക്കാരെപ്പോലും വിശ്വസിപ്പിക്കാന്‍ നമ്മുടെ പൊതുബോധത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം തന്നെ തങ്ങള്‍ ജനറലല്ലേ എന്ന് വിലപിക്കുന്ന കുഞ്ഞുങ്ങളെ (മുതിര്‍ന്നവരെയും) ആശ്വസിപ്പിക്കാന്‍ തീര്‍ച്ചയായും അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. പാഠ്യ പദ്ധതിയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം.

എയ്ഡഡ് മേഖലയിലാണ് പകുതിയിലധികം അധ്യാപക തസ്തികകള്‍. അതില്‍ ഒരു പിന്നോക്കക്കാരനും കടന്നുകയറാന്‍ നമ്മുടെ ഗവണ്‍മെന്റുകള്‍ സമ്മതിക്കുകയില്ല. സവര്‍ണ സംവരണം വന്നതോടെ ഇനി ഒട്ടും ഭയപ്പെടേണ്ടതില്ല. അവരുടെ ദാരിദ്ര്യം സവിശേഷമാണ്. മാസം 60,000 രൂപയുള്ളവരും അവിടെ ദരിദ്രരാണെന്ന കാര്യം പ്രത്യേകം പറയണം.

മുന്നോക്കക്കാരുടെ കാര്യത്തില്‍ അത്രയും കരുതല്‍ ഈ സര്‍ക്കാരിനുണ്ടെന്ന്, കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ നമ്മുടെ തൊഴിലാളി സര്‍ക്കാര്‍ അത് നടപ്പാക്കിയതിനെക്കുറിച്ച്, പിന്നോക്കക്കാരന് അവന്റെ ജനസംഖ്യയുടെ പകുതി പോലും കൊടുക്കാന്‍ വര്‍ഷങ്ങള്‍ ഗവേഷണം നടത്തുമ്പോള്‍ ഒരു ആലോചനയുമില്ലാതെ അഞ്ച് ശതമാനത്തില്‍ താഴെവരുന്ന സവര്‍ണ ദരിദ്രര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയ സര്‍ക്കാരിന്റെ കരുതലിനെക്കുറിച്ച്, കട്ട് ഓഫ് മാര്‍ക്ക് ഏറ്റവും കുറഞ്ഞവര്‍ക്കും സവര്‍ണ സംവരണം കിട്ടുന്നതിനെക്കുറിച്ച് വിശദമായ പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

കേരളത്തിലെ പ്ലസ്ടു സ്‌കൂളുകളില്‍ മുഴുവന്‍ D+ കാരായ സവര്‍ണര്‍ക്കും ഇഷ്ടപ്പെട്ട വിഷയത്തില്‍ അഡ്മിഷന്‍ കിട്ടുന്നുണ്ട്. ഇപ്പോള്‍ പലയിടത്തും ജനസംഖ്യയുടെ എത്രയോ ഇരട്ടി സംവരണം ലഭിച്ചതുകൊണ്ട് പലയിടത്തും സീറ്റുകള്‍ വേക്കന്റാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് ഒരു അന്വേഷണാത്മക പ്രോജക്ട് കൂടി കരിക്കുലത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നമ്മുടെ സര്‍ക്കാര്‍ മുന്നോക്കക്കാര്‍ക്ക് എത്രമാത്രം കരുതലാണ് നല്‍കുന്നത് എന്നത് തീര്‍ച്ചയായും കേരളം തിരിച്ചറിയേണ്ടതുണ്ട്.

Content Highlight: TK Ummar write up on curriculum modification and Economically Weaker Sections reservation

ടി.കെ. ഉമ്മര്‍
അധ്യാപകന്‍