മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് ടിനി ടോം. 1998 ൽ പുറത്തിറങ്ങിയ പഞ്ചപാണ്ഡവർ ആയിരുന്നു ടിനി ടോമിന്റെ ആദ്യ സിനിമ. മിമിക്രിയിലൂടെ കടന്നു വന്ന താരം മമ്മൂട്ടി നായകനായെത്തിയ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് താരം. എത്ര വലിയ സിനിമയുടെ ഓഫാറുകൾ വന്നാലും ആദ്യം കമ്മിറ്റ് ചെയ്ത ചിത്രമാണ് താൻ തെരഞ്ഞെടുക്കുകയെന്നും അതിനാൽ തന്നെ തനിക്ക് യാതൊരു ശാപവും ഉണ്ടാവില്ലെന്നും പറയുകയാണ് ടിനി ടോം.
‘സുരേഷ് ഗോപി എപ്പോഴും എന്നോട് പറയും അഭിനയിക്കുകയാണെങ്കിൽ ജോഷി സാറിന്റെ പടത്തിൽ അഭിനയിക്കണമെന്ന്. ഈ ആഗ്രഹവുമായി ഞാൻ ജോഷി സാറിന്റെ വീട്ടിൽ ചെന്നിരുന്നു. ഉടനെ തന്നെ എനിക്ക് വിളി വന്നിരുന്നു പക്ഷെ എനിക്ക് ആ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു ചെറിയ പടം കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. റൺ ബേബി റണ്ണിലെ ഒരു പ്രധാന വേഷമായിരുന്നത്. അത് ഏത് വേഷമാണെന്ന് ഞാൻ പറയുന്നില്ല.
നമ്മൾ ആദ്യം ഏറ്റ സിനിമയല്ലേ ചെയ്യേണ്ടത്. ഞാൻ രണ്ട് നടന്മാരുടെ അടുത്ത് ഈ കാര്യത്തെ കുറിച്ച് ചോദിച്ചു. അതിൽ ഒരു നടൻ എന്നോട് പറഞ്ഞത് ‘ചേട്ടാ നമ്മൾ ഇപ്പോൾ ചെറിയ പടം കമ്മിറ്റ് ചെയ്ത ശേഷം വലിയ പടം വരുകയാണെങ്കിൽ നമ്മൾ വലിയ പടം ചെയ്യണം എന്ന്. അപ്പോൾ ഞാൻ ചോദിച്ചു അവർ വിളിക്കില്ലേയെന്ന് അപ്പോൾ ഫോൺ ഓഫ് ആക്കി വെച്ചാൽ മതി എന്ന് ആ നടൻ മറുപടി പറഞ്ഞു.
എന്നാൽ ഈ കാര്യത്തെ കുറിച്ച് കരമന സുധീറിനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് ആദ്യം കമ്മിറ്റ് ചെയ്ത ചെറിയ പടം തന്നെ ചെയ്യണം എന്നായിരുന്നു. കാരണം താത്കാലികമായി ആ വലിയ പടം ചെയ്തിട്ട് ഗുണം കിട്ടുമെങ്കിലും ഭാവിയിൽ അത് ശാപമായി നമ്മുടെ കുടുംബത്തിനെ ബാധിക്കുമെന്ന് പറഞ്ഞു,’ ടിനി ടോം പറഞ്ഞു.
താൻ സിനിമ രംഗത്ത് പതിയെയാണ് ഉയരുന്നതെങ്കിലും ഒരാളെയും ചീറ്റ് ചെയ്യതെയാണ് നില നിൽക്കുന്നതെന്നും ആരുടേയും ശാപവും തനിക്കുണ്ടാകില്ലെന്നും ടിനി ടോം കൂട്ടിച്ചേർത്തു. അതിനാൽ തന്നെ കുടുംബവുമൊത്ത് നന്നായി ജീവിക്കുന്നുവെന്നും സന്തോഷത്തോടെ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.