98ാമത് അക്കാദമി അവാര്‍ഡിന്റെ ഫൈനല്‍ നോമിനേഷന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളില്‍ പലതും ലിസ്റ്റില്‍ ഇടംപിടിച്ചത് സിനിമാപ്രേമികള്‍ക്ക് സന്തോഷം പകര്‍ന്നു. റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത സിന്നേഴ്‌സ് അക്കാദമിയുടെ ഇതുവരെയുള്ള നോമിനേഷനില്‍ ചരിത്രമെഴുതി. 16 നോമിനേഷനുകളാണ് സിന്നേഴ്‌സ് സ്വന്തമാക്കിയത്.
മികച്ച ചിത്രം, നടന്‍, സഹനടി, സഹനടന്‍, സംവിധായകന്‍ തുടങ്ങി പ്രധാന മേഖലയിലെല്ലാം സിന്നേഴ്‌സ് നോമിനേഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. സിന്നേഴ്‌സിനൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു പേരാണ് ഹോളിവുഡ് താരം തിമോത്തി ഷാലമെറ്റിന്റേത്. മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇത്തവണ തിമോത്തിയും ഇടംപിടിച്ചിട്ടുണ്ട്.
മാര്‍ട്ടി സുപ്രീം Photo: IMDB
സ്‌പോര്‍ട്‌സ് ഡ്രാമ ഴോണറിലൊരുങ്ങിയ മാര്‍ട്ടി സുപ്രീം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തിമോത്തി നോമിനേറ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഹോളിവുഡ് കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി പലരും മാര്‍ട്ടി സുപ്രീമിനെ വിലയിരുത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് തിമോത്തി മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചത്.
എ കംപ്ലീറ്റ് അണ്‍നോണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് കഴിഞ്ഞവര്‍ഷം തിമോത്തിയുടെ പേരും അവസാനം വരെ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അഡ്രിയന്‍ ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇത്തവണയും അവസാന റൗണ്ടില്‍ മറ്റുള്ളവര്‍ക്ക് കോമ്പറ്റീഷന്‍ കൊടുക്കാന്‍ തിമോത്തിയുമുണ്ട്. കരിയറിലെ മൂന്നാമത്തെ അക്കാദമി നോമിനേഷനാണ് തിമോത്തിയുടേത്.
തിമോത്തി ഷാലമെറ്റ് Photo: Reddit
2018ല്‍ കോള്‍ മി ബൈ യുവര്‍ നെയിം എന്ന ചിത്രത്തിലൂടെയാണ് തിമോത്തി ആദ്യമായി ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കുന്നത്. 30 വയസിനിടെ മൂന്നാമത്തെ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ തിമോത്തി ഷാലമെറ്റാണ് സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. മികച്ച നടനെന്ന നിലയില്‍ തിമോത്തി ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
ഓസ്‌കര്‍ ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷന്‍ നേടിയ താരം മെറില്‍ സ്ട്രീപ്പാണ്. 21 തവണയാണ് മെറിലിന്റേ പേര് അവസാന റൗണ്ട് വരെയെത്തിയത്. മൂന്ന് തവണ മികച്ച നടിയായി മെറില്‍ തെരഞ്ഞെടുക്കപ്പെട്ടു. 12 നോമിനേഷന്‍ നേടിയ ജാക്ക് നിക്കോള്‍സണും രണ്ടാം സ്ഥാനത്തുണ്ട്. ഭാവിയില്‍ തിമോത്തി ഷാലമെറ്റിന്റേ പേരും ഇങ്ങനെ കാണാനാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Timothee Chalamete got his third Academy Nomination