കണ്ണൂര്‍: കണ്ണൂര്‍ തിമിരി ബോംബേറ് കേസില്‍ പത്ത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്. തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞു എന്ന കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സി.പി.ഐ.എം മുന്‍ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി. വി. ബാബുരാജ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ബാബുരാജ് അയോഗ്യനാവും.
2011 നവംബര്‍ 27ന് വൈകിട്ട് ആയിരുന്നു ബോംബേറ് ഉണ്ടായത്.
രണ്ടാം പ്രതി തെക്കിനിയില്‍ ടി.വി ബിനു എന്ന ഉടുമ്പ് ബിനു 25 വര്‍ഷം തടവ് അനുഭവിക്കണം.
ബാക്കി ഒമ്പത് പേര്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. തിമിരി ഏളയാട് മേമന എം.കെ പ്രദീപ്കുമാര്‍, കൂത്തമ്പലം പനയന്തട്ടയപുരയില്‍ പി.പി സത്യന്‍, സി.പി.ഐ.എം പഞ്ചായത്തംഗമായ ഏളയാട് പുല്ലായിക്കൊടി വീട്ടില്‍ പി.വി ബാബുരാജ്, അടുക്കം ഇടത്തിലെവീട്ടില്‍ ഇ.വി വിനോദ് കുമാര്‍, ഏളയാട് പാലേരി വിജയന്‍, ഏളയാട് കരിപ്പാല്‍ പടിഞ്ഞാറെ വീട്ടില്‍ കെ.പി സുരേഷ്, ചെറുപുഴ തെക്കേവയല്‍ ടോബി, ഏളയാട് കോറോത്ത് വളപ്പില്‍ ജനാര്‍ദനന്‍, കാരയാട്ട് മാന്‍വെട്ടുംകുന്നേല്‍ ശിവപ്രകാശ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
2011 നവംബര്‍ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി കോളേജിന് സമീപം ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക്‌നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആര്‍.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ സി.പി.ഐ.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു.
ഇതില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവര്‍ത്തകരെ പിറ്റേ ദിവസം വാഹനങ്ങളില്‍ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോവുകയായിരുന്ന ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
30 ഓളം പ്രവര്‍ത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. അതില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രന്‍, എ.ടി.സന്തോഷ്, ചന്ദ്രന്‍, ജോജി ഫിലിപ്പ്, ലാല്‍കൃഷ്ണന്‍, എം.സി.നാരായണന്‍, എം.കെ.മുരളി, ഷിജില്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു.രമേശന്‍ ഹാജരായി.
Content Highlight: Timiri bomb case; CPI(M) activists sentenced to 25 years in prison