കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ആദിത്യാ, ധുരന്ധറില്‍ ബി.ജെ.പി ഗവണ്മെന്റിന്റെ നേട്ടമായി കാണിച്ച കാര്യങ്ങളില്‍ പൊരുത്തക്കേടെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ആദിത്യാ, ധുരന്ധറില്‍ ബി.ജെ.പി ഗവണ്മെന്റിന്റെ നേട്ടമായി കാണിച്ച കാര്യങ്ങളില്‍ പൊരുത്തക്കേടെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Sunday, 22nd March 2026, 2:57 pm

ബോക്‌സ് ഓഫീസില്‍ റെക്കോഡുകളൊന്നും ബാക്കിവെക്കാതെ കുതിപ്പ് തുടരുകയാണ് ധുരന്ധര്‍ 2 റിവഞ്ച്. ആദ്യഭാഗം ബോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയപ്പോള്‍ രണ്ടാം ഭാഗവും ഗംഭീര വിജയമായി മാറുമെന്നാണ് കളക്ഷന്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 500 കോടിക്കടുത്താണ് ചിത്രം നേടിയത്.

മേക്കിങ്ങിലും പെര്‍ഫോമന്‍സിലും ഒരുപോലെ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും സംവിധായകന്‍ തന്റെ പ്രൊപ്പഗണ്ട പച്ചക്ക് വരച്ചുകാട്ടുന്നുണ്ടെന്നാണ് ധുരന്ധര്‍ 2നെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. ബി.ജെ.പി ഗവണ്മെന്റിനെയും നരേന്ദ്ര മോദിയെയും നല്ല രീതിയില്‍ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. പല കാര്യങ്ങളിലും സംവിധായകന്‍ കൊണ്ടുവന്ന കൃത്യതയെ ‘പീക്ക് ഡീറ്റെയ്‌ലിങ്’ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ചില കാര്യങ്ങളുടെ ടൈംലൈനില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ധുരന്ധര്‍ 2ലെ പ്രധാന വില്ലനായ മേജര്‍ ഇഖ്ബാലിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യമാണ് ആദ്യത്തേത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നായകന്റെ കൈകൊണ്ട് മരിക്കുകയാണ് മേജര്‍ ഇഖ്ബാല്‍. കഥ നടക്കുന്ന കാലഘട്ടം 2018നോടടുത്താണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മേജര്‍ ഇഖ്ബാല്‍ 2011ല്‍ യു.എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ചിത്രത്തിലെ മറ്റൊരു വില്ലനാണ് എസ്.പി. അസ്‌ലം ചൗധരി. സഞ്ജയ് ദത്ത് അവതരിപ്പിച്ച ഈ കഥാപാത്രത്തിന് ആദ്യഭാഗത്തില്‍ ഗംഭീര സ്‌ക്രീന്‍ സ്‌പെയ്‌സായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അസ്‌ലമിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്റര്‍വെല്ലിന് മുമ്പ് സഞ്ജയ് ദത്തിന്റെ കഥാപാത്രം മരിക്കുകയാണ്. 2014ല്‍ അദ്ദേഹം സഞ്ചരിച്ച കാറിലേക്ക് തീവ്രവാദികള്‍ ബോംബ് നിറച്ച കാറുമായി വന്ന് ഇടിച്ചാണ് അസ്‌ലം ചൗധരി മരിച്ചത്. എന്നാല്‍ ധുരന്ധര്‍ 2ല്‍ ഈ കഥാപാത്രം മരിക്കുന്നത് 2015ന് ശേഷമെന്നാണ് കാണിക്കുന്നത്.

2023ല്‍ ഉത്തര്‍പ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച മുന്‍ എം.പിയും കൊടും ക്രിമിനലുമായ ആതിഖ് അഹമ്മദിനെയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ധുരന്ധര്‍ 2ല്‍ 2023ന് മുന്നേ ആദിത്യ ധര്‍ ആതിഖിനെ കൊല്ലുന്നുണ്ട്. ഇന്ത്യക്ക് ഭീഷണിയായ പല തീവ്രവാദികളെയും പാകിസ്ഥാനില്‍ നുഴഞ്ഞു കയറി കൊന്നത് മോദി ഭരണത്തില്‍ കയറിയതിന് ശേഷമാണെന്നാണ് ആദിത്യ ധര്‍ വരുത്തിതീര്‍ക്കുന്നത്.

ഇത് മാത്രമല്ല, 2014 വരെ ഇന്ത്യ ഭരിച്ച യു.പി.എ സര്‍ക്കാരിനെ പാകിസ്ഥാന്റെ ആളുകളായി ചിത്രീകരിക്കുന്ന ഡയലോഗും സംവിധായകന്‍ ധുരന്ധര്‍ 2ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലതുപക്ഷ പ്രൊപ്പഗണ്ടകള്‍ പ്രേക്ഷകരിലേക്ക് അവര്‍ പോലും ഇന്‍ജെക്ട് ചെയ്യുന്ന ശ്രമമാണ് ആദിത്യ ധറിന്റേതെന്ന് പലരും വിമര്‍ശിക്കുന്നു. ആദ്യഭാഗത്തില്‍ സംവിധായകന്‍ പല അജണ്ടകളും ഒളിപ്പിച്ച് കടത്തിയപ്പോള്‍ രണ്ടാം ഭാഗത്തില്‍ പച്ചക്ക് പറയുന്നത് വിമര്‍ശിക്കപ്പെടുകയാണ്.

Content Highlight: Timeline mistake in Dhurandhar 2 movie pointing by social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം