സിക്‌സറിന്റെ എണ്ണത്തില്‍ ധോണിക്കൊപ്പമെത്തി ന്യൂസിലാന്‍ഡ് ബൗളര്‍; ഒരുപക്ഷേ ഇവന് മുമ്പില്‍ ധോണി നാളെ തന്നെ വീണേക്കും
Sports News
സിക്‌സറിന്റെ എണ്ണത്തില്‍ ധോണിക്കൊപ്പമെത്തി ന്യൂസിലാന്‍ഡ് ബൗളര്‍; ഒരുപക്ഷേ ഇവന് മുമ്പില്‍ ധോണി നാളെ തന്നെ വീണേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th February 2023, 8:36 pm

ടെസ്റ്റ് ഫോര്‍മാറ്റിലെ സിക്‌സറുകളുടെ എണ്ണത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ലെജന്‍ഡുമായ എം.എസ്. ധോണിക്കൊപ്പമെത്തി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് സൗത്തി ധോണിക്കൊപ്പമെത്തിയത്.

നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് സൗത്തി ഈ നേട്ടം കൈവരിച്ചത്.

രണ്ടാം ടെസ്റ്റിലെ രണ്ടാം ദിവസം രണ്ട് സിക്‌സറടിച്ചാണ് സൗത്തി ധോണിക്കൊപ്പമെത്തിയത്. ഈ ടെസ്റ്റിന് മുമ്പ് 91 മത്സരത്തില്‍ നിന്നും 76 സിക്‌സറുകളായിരുന്നു ധോണിയുടെ പേരിലുണ്ടായിരുന്നത്, അതായത് ധോണിയേക്കാള്‍ രണ്ട് സിക്‌സറുകള്‍ മാത്രം കുറവ്.

എന്നാല്‍, ഒമ്പതാം നമ്പറിലറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സൗത്തി ധോണിയുടെ റെക്കോഡിനൊപ്പമെത്തിയത്. 18 പന്തില്‍ നിന്നും പുറത്താകാതെ 23 റണ്‍സ് നേടിയാണ് താരം കിവീസ് ഇന്നിങ്‌സില്‍ കരുത്തായത്.

മത്സരത്തിന്റെ മൂന്നാം ദിവസം താരം ഇതേ ഫോം തന്നെ പിന്തുടരുകയാണെങ്കില്‍ ധോണിയുടെ റെക്കോഡും തകര്‍ത്തേക്കാം.

നിലവില്‍ ടെസ്റ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ 14ാം സ്ഥാനത്താണ് സൗത്തി. ഈ പട്ടികയില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ പ്യുവര്‍ ബൗളറും സൗത്തി തന്നെയാണ്.

സിക്‌സറടി വീരന്‍മാരായ ബ്രണ്ടന്‍ മക്കല്ലത്തിനും ക്രിസ് ക്രെയ്ന്‍സിനും ശേഷം ഈ പട്ടികയില്‍ ഇടം നേടിയ മൂന്നാം ന്യൂസിലാന്‍ഡ് താരവും സൗത്തി തന്നെയാണ്.

ന്യൂസിലാന്‍ഡിനായി 700 വിക്കറ്റ് തികച്ച ആദ്യ പേസര്‍ എന്ന റെക്കോഡും സൗത്തിയുടെ പേരില്‍ തന്നെയാണ്. ന്യൂസിലാന്‍ഡിനായി 92 ടെസ്റ്റ് മത്സരം കളിച്ച സൗത്തി അഞ്ച് ഫിഫ്റ്റിയുള്‍പ്പെടെ 1898 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 77* ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിലും അപകടം മണക്കുകയാണ്. രണ്ടാം ദിവസം കളിയവസനാപ്പിക്കുമ്പോള്‍ 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് ടീം നേടിയിരിക്കുന്നത്. ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാന്‍ കിവികള്‍ക്ക് ആദ്യ ഇന്നിങ്സില്‍ ഇനി 97 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കണം.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ടോം ലാഥവും ഹെന്റി നിക്കോള്‍സുമാണ് പിടിച്ചുനിന്നത്. ലാഥം 76 പന്തില്‍ നിന്നും 35 റണ്‍സ് നേടിയപ്പോള്‍ നിക്കോള്‍സ് 38 പന്തില്‍ നിന്നും 30 റണ്‍സ് നേടി.

ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്സിനെ കരകയറ്റിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍ പുറത്താകാതെ ക്രീസിലുണ്ട് എന്നതാണ് കിവി ആരാധകരുടെ ആശ്വാസം. 55 പന്തില്‍ നിന്നും 25 റണ്‍സ് നേടിയാണ് താരം ക്രീസില്‍ തുടരുന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ജോ റൂട്ട് പുറത്താകാതെ 154 റണ്‍സും ബ്രൂക്ക് 186 റണ്‍സുമാണ് നേടിയത്. ഒടുവില്‍ ഇംഗ്ലണ്ട് 87.1 ഓവറില്‍ രണ്ട് വിക്കറ്റ് കയ്യിലിരിക്കെ 435 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

 

Content Highlight: Tim Southee equals MS Dhoni’s record