ഐ.പി.എല്‍ 2026ന് മുന്നോടിയായി മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തിയെ ബൗളിങ് പരിശീലകനായി നിയമിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര കരിയറിനോട് വിടചൊല്ലിയ സൗത്തി നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടാന്റായി പ്രവര്‍ത്തിക്കുകയാണ്.
പുതിയ സീസണിന് മുന്നോടിയായി ഓസീസ് ഇതഹാസം ഷെയ്ന്‍ വാട്‌സണെ അസിസ്റ്റന്റ് കോച്ചായി പാളയത്തിലെത്തിച്ച മുന്‍ ചാമ്പ്യന്‍മാര്‍ ഇപ്പോള്‍ സൗത്തിയെയും സ്വന്തമാക്കി നൈറ്റ് റൈഡേഴ്‌സിനെ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്.
‘ടിം സൗത്തിയെ ഒരിക്കല്‍ക്കൂടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇത്തവണ പരിശീലകന്റെ റോളിലാണ്,’ കെ.കെ.ആര്‍ സി.ഇ.ഒ വെങ്കി മൈസൂര്‍ പറഞ്ഞു.
‘ടിമ്മിന്റെ (ടിം സൗത്തി) പരിചയസമ്പത്ത് ടീമിന്റെ ബൗളിങ് യൂണിറ്റിനെ മൂര്‍ച്ച കൂട്ടിയെടുക്കുന്നതില്‍ നിര്‍ണായകമായിരിക്കും. അവന്റെ നേതൃഗുണവും ശാന്തസ്വഭാവവും യുവ ബൗളര്‍മാര്‍ക്ക് ഏറ്റവും അനുയോജ്യനായ മെന്ററാക്കി മാറ്റുന്നു,’ വെങ്കി കൂട്ടിച്ചേര്‍ത്തു.
‘കെ.കെ.ആര്‍ എല്ലായ്‌പ്പോഴും വീടുപോലെയായിരുന്നു. പുതിയ റോളില്‍ തിരിച്ചെത്തുന്നത് ഏറെ അഭിമാനകരമാണ്,’ സൗത്തി പറഞ്ഞു.
സൗത്തിയെ സംബന്ധിച്ച് നൈറ്റ് റൈഡേഴ്‌സ് ക്യാമ്പ് ഒട്ടും അന്യമല്ല. തന്റെ പ്ലെയിങ് കരിയറില്‍ 2021, 2022, 2023 കാലഘട്ടത്തില്‍ താരം കൊല്‍ക്കത്തയ്ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ ന്യൂസിലാന്‍ഡിനായി 700ലധികം വിക്കറ്റ് വീഴ്ത്തിയ താരമാണ്. ടീമിനൊപ്പം നൂറിലധികം റെഡ് ബോള്‍ മത്സരത്തില്‍ കളത്തിലിറങ്ങിയ താരം, 2019-21 സൈക്കിളിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിലും പങ്കാളിയായിരുന്നു. 2019 ഏകദിന ലോകകപ്പില്‍ കിവീസിനെ ഫൈനലിലേക്ക് നയിച്ചതിലും സൗത്തിയുടെ പങ്ക് ഏറെ വലുതായിരുന്നു.
Content Highlight: Tim Southee appointed as Kolkata Knight Riders’ bowling coach