തെലങ്കാന ടി – 20ലീഗിൽ തകർപ്പൻ സെഞ്ച്വറിയടിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ തിലക് വർമ. മേഡക് ഫാൽക്കൺസും വാറങ്കൽ വാറിയേഴ്സും തമ്മിലുള്ള മത്സരത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം. ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ എയെ കിരീടമണിയിച്ചതിന് ശേഷമാണ് താരത്തിന്റെ ഈ പ്രകടനം എന്നതും ശ്രദ്ധയമാണ്.
ഫാൽക്കൺസിന്റെ ക്യാപ്റ്റനായ തിലക് 56 പന്തുകൾ നേരിട്ട് 136 റൺസെടുത്ത് പുറത്താവാതെ നിന്നു. എട്ട് സിക്സറുകളും 14 ഫോറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് അതിർത്തി കടന്നത്. 242.85 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഈ പ്രകടനം ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വാറങ്കൽ വാറിയേഴ്സ് 259 റൺസ് പടുത്തുയർത്തിയിരുന്നു. ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസ് താരം അമൻ റാവുവിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ടീം കൂറ്റൻ സ്കോർ ഉയർത്തിയത്.
ഫാൽക്കൺസിനെതിരെ 48 പന്തുകളിൽ നിന്ന് 142 റൺസായിരുന്നു അമന്റെ സമ്പാദ്യം. 12 ഫോറുകളും13 സിക്സുകളുമടക്കമാണ് 22കാരന്റെ ഇന്നിങ്‌സ്. 295.8 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റേന്തിയത്. മത്സരത്തിൽ വെറും 32 പന്തുകൾ നേരിട്ട് സെഞ്ച്വറിയടിച്ച് ഇന്ത്യയിലെ സ്റ്റേറ്റ് ലീഗുകളിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു.
എന്നാൽ, മറുപടി ബാറ്റിങ്ങിൽ തിലകും സെഞ്ച്വറിയടിച്ചതോടെ വാറിയേഴ്സ് പരാജയം രുചിച്ചു. അവസാന ഓവറിൽ ഫാൽക്കൺസിന് വേണ്ടിയിരുന്നത് 11 റൺസാണ്. ആദ്യ പന്തിൽ തന്നെ തിലക് ലോങ്ങ് ഓണിലൂടെ സിക്സടിച്ചു.
പിന്നീട് രണ്ട് ഡബിളും തിലക് ഓടിയെടുത്തു. ഓവറിലെ നാലാം പന്തിൽ ഒരു സിംഗിളെടുത്ത് താരം ടീമിനെ വിജയിപ്പിക്കുകയായിരുന്നു.
Content Highlight: Tilak Varma smashed magnificent century in Telangana T20 League