ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരത്തിന് ഗാബ വേദിയാവുകയാണ്. പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.
മോശം കാലാവസ്ഥ മൂലം ആദ്യ മത്സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കി. എന്നാല്‍ മൂന്നാം ടി-20 വിജയിച്ച് ഒപ്പമെത്തിയ ഇന്ത്യ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തിലും വിജയിച്ച് ലീഡ് സ്വന്തമാക്കി.
ഗാബയില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുകയും ഇന്ത്യ ലീഡ് നേടുകയും ചെയ്ത സാഹചര്യത്തില്‍ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും ആതിഥേയര്‍ക്ക് വിജയിച്ചേ മതിയാകൂ.
ഈ മത്സരത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് കരിയര്‍ തിരുത്തിക്കുറിക്കാനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സ് എന്ന ചരിത്ര നേട്ടത്തിലേക്കാണ് തിലക് വര്‍മ, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവര്‍ കണ്ണുവെക്കുന്നത്.
വെറും നാല് റണ്‍സ് നേടിയാല്‍ തിലക് വര്‍മയ്ക്കും അഞ്ച് റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ സഞ്ജുവിനും ആയിരത്തിലെത്താം. 11 റണ്‍സാണ് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ഈ നേട്ടത്തിലെത്താന്‍ ആവശ്യമുള്ളത്.
33 ഇന്നിങ്‌സില്‍ നിന്നും 47.42 ശരാശരിയിലും 146.68 സ്‌ട്രൈക് റേറ്റിലും 996 റണ്‍സാണ് തിലക് അന്താരാഷ്ട്ര ടി-20 കരിയറില്‍ സ്വന്തമാക്കിയത്. നാല് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും തിലക് അടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ നാലാം ടി-20യില്‍ പുറത്താകാതെ നേടിയ 120 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
42 ഇന്നിങ്‌സില്‍ നിന്നും 25.51 ശരാശരിയിലും 147.40 സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു സ്‌കോര്‍ ചെയ്യുന്നത്. മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു തന്റെ പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്. 111 ആണ് ഉയര്‍ന്ന സ്‌കോര്‍.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു അഭിഷേക് ശര്‍മ വരവറിയിച്ചത്. വെടിക്കെട്ടുകള്‍ക്കൊപ്പം സ്ഥിരതയും കൈമുതലാക്കിയ ഓപ്പണിങ് ബാറ്റര്‍ 27 ഇന്നിങ്‌സില്‍ നിന്നുമാണ് 989 റണ്‍സ് നേടിയത്. 36.62 എന്ന ശരാശരിയിലും 189.82 സ്‌ട്രൈക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്ത താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 135 ആണ്.
നാളെ ഈ റെക്കോഡിലെത്താന്‍ അഭിഷേകിന് സാധിച്ചാല്‍ വേഗത്തില്‍ 1,000 അന്താരാഷ്ട്ര ടി-20 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനും സാധിക്കും. 27 ഇന്നിങ്‌സില്‍ നിന്നും ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയ വിരാട് കോഹ്‌ലിയാണ് ഈ റെക്കോഡില്‍ ഒന്നാമതുള്ളത്.
മൂവര്‍ക്കും ഇന്ത്യ അഞ്ചാം ടി-20യില്‍ അവസരം നല്‍കുകയാണെങ്കില്‍ ഒറ്റ മത്സരത്തില്‍ ഒരു ടീമിലെ മൂന്ന് താരങ്ങള്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അപൂര്‍വതയ്ക്കും ഗാബ സാക്ഷ്യം വഹിക്കും.
Content Highlight: Tilak Varma, Sanju Samson and Abhishek Sharma are set to score 1,000 T20I runs