ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും പ്രതിഭ വ്യക്തമാക്കാന്‍ ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഹാംഷെയറിന് വേണ്ടിയാണ് തിലക് കളത്തിലിറങ്ങുന്നത്. ടീമിന് വേണ്ടി അടുത്ത നാല് മത്സരങ്ങളില്‍ തിലക് കളത്തിലിറങ്ങും.
ഇന്ത്യന്‍ ഡൊമസ്റ്റിക് സര്‍ക്യൂട്ടുകളില്‍ തിളങ്ങിയ തിലക് വര്‍മ ഇംഗ്ലണ്ട് മണ്ണിലും ആ പ്രകടനം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും അടക്കമുള്ള താരങ്ങളുടെ പാത പിന്തുടര്‍ന്നാണ് തിലക് കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്.
തിലക് വര്‍മ ഹാംഷെയറിനായി കളത്തിലിറങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്ലബ്ബ് ഡയറക്ടര്‍ ഗില്‍സ് വൈറ്റ് പറഞ്ഞു.
‘തിലക് ഏറെ കഴിവുള്ള ക്രിക്കറ്റ് താരമാണ്. അന്താരാഷ്ട്ര തലത്തിലും ഐ.പി.എല്ലിലും തിലക് ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ഹാംഷെയര്‍ ക്രിക്കറ്റിനായി തിലകിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്,’ വൈറ്റ് പറഞ്ഞു.
ആഭ്യന്തര തലത്തില്‍ ഹൈദരാബാദിന്റെ താരമായ തിലക് 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 28 ഇന്നിങ്‌സില്‍ നിന്നും 50.16 ശരാശരിയില്‍ 1204 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ സ്വന്തമാക്കിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 121 ആണ്.
ഇതിന് പുറമെ എട്ട് വിക്കറ്റുകളും താരം ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദും കൗണ്ടി കളിക്കാന്‍ ഒരുങ്ങുകയാണ്. യോര്‍ക്‌ഷെയറിന് വേണ്ടിയാണ് ഗെയ്ക്വാദ് കളത്തിലിറങ്ങുന്നത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും തന്റെ കരിയറില്‍ യോര്‍ക്‌ഷെയറിനായി കളത്തിലിറങ്ങിയിട്ടുണ്ട്.
അതേസമയം, കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ വണ്ണില്‍ ഏഴാം സ്ഥാനത്താണ് ഹാംഷെയര്‍. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് തോല്‍വിയുമായി 82 പോയിന്റാണ് ടീമിനുള്ളത്. ഏഴ് മത്സരത്തില്‍ നിന്നും 59 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് യോര്‍ക്‌ഷെയര്‍.
കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ചയാണ് ഹാംഷെയറിന്റെ അടുത്ത മത്സരം. ചെംസ്‌ഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ എസെക്‌സാണ് എതിരാളികള്‍. അതേസമയം, ടി-20 ബ്ലാസ്റ്റില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഹാംഷെയര്‍ ഹോക്‌സ് സോമര്‍സെറ്റിനെയും നേരിടും.
Content Highlight: Tilak Varma joins Hampshire for county cricket