പ്രോട്ടിയാസിന്റെ കാലനാണിവന്‍; ഒറ്റയാള്‍ പോരാട്ടത്തില്‍ പിറന്നത് കിടിലന്‍ റെക്കോഡ്
Sports News
പ്രോട്ടിയാസിന്റെ കാലനാണിവന്‍; ഒറ്റയാള്‍ പോരാട്ടത്തില്‍ പിറന്നത് കിടിലന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th December 2025, 8:55 am

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 51 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. പ്രോട്ടിയാസ് ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 162 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. സ്വന്തം മണ്ണില്‍ നടക്കുന്ന അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് തിലക് വര്‍മയായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അഞ്ചാമനായി ഇറങ്ങിയായിരുന്നു തിലകിന്റെ ഒറ്റയാള്‍ പോരാട്ടം. 34 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്.

 മത്സരത്തിനിടെ തിലക് വർമ Photo: BCCI/x.com

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും തിലകിന് സാധിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് തിലക് തന്റെ അക്കൗണ്ടിലാക്കിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നാണ് തിലക് ഒന്നാമനായത്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം, സിക്‌സ്

തിലക് വര്‍മ – 26

സൂര്യകുമാര്‍ യാദവ് – 25

സഞ്ജു സാംസണ്‍ – 19

രോഹിത് ശര്‍മ – 16

ഹര്‍ദിക് പാണ്ഡ്യ – 13

സുരേഷ് റെയ്‌ന – 13

അഭിഷേക് ശര്‍മ – 12

വിരാട് കോഹ്‌ലി – 12

മത്സരത്തില്‍ ജിതേഷ് ശര്‍മ 27 റണ്‍സ് നേടി സെക്കന്റ് ടോപ് സ്‌കോററായി. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മോശം പ്രകടനം നടത്തിയാണ് മടങ്ങിയത്. ഗില്‍ പൂജ്യത്തിനും സൂര്യ അഞ്ച് റണ്‍സിനുമാണ് കൂടാരത്തിലെത്തിയത്.

പ്രോട്ടിയാസിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയ ഒട്ട്‌നിയല്‍ ബാര്‍ട്ട്മാനാണ്. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 6.00 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്.

മത്സരത്തില്‍ പ്രോട്ടിയാസ് സൂപ്പര്‍ താരവും ഓപ്പണറുമായ ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്തിലാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. 46 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 90 റണ്‍സ് നേടിയാണ് ഡി കോക്ക് മടങ്ങിയത്. 195.65 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

കോക്കിന് പുറമെ അവസാന ഘട്ടത്തില്‍ 16 പന്തില്‍ 30* റണ്‍സ് നേടിയ ഡൊണോവന്‍ ഫെരേരയയുടേയും 12 പന്തില്‍ 20* റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റേയും തകര്‍പ്പന്‍ പ്രകടനം പ്രോട്ടിസിന് നിര്‍ണായകമായി. ബൗളിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ ഒരു വിക്കറ്റും നേടി.

Content Highlight: Tilak Varma In Great Record Achievement Against South Africa