ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയായ ബിസാന്‍ ഔദയെ ബാന്‍ ചെയ്ത് ടിക് ടോക്
World
ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയായ ബിസാന്‍ ഔദയെ ബാന്‍ ചെയ്ത് ടിക് ടോക്
നിഷാന. വി.വി
Friday, 30th January 2026, 10:07 am

ടെല്‍അവീവ്: ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയും എമ്മി അവാര്‍ഡ് ജേതാവുമായ ബിസാന്‍ ഔദയുടെ ടിക് ടോക് അക്കൗണ്ട് പൂര്‍ണ്ണമായും ബാന്‍ ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്.

ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ നിശബ്ദമാക്കപ്പെടുന്നതിനെകുറിച്ചുള്ള വര്‍ധിച്ച് വരുന്ന ആശങ്കകള്‍ക്കിടെയാണ് നടപടി.

ജനുവരി 28ന് ഗസയില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്റെ അക്കൗണ്ട് ടിക് ടോക് നിരോധിച്ചതായി ബിസാന്‍ അറിയിച്ചത്.

‘ടിക് ടോക് എന്റെ അക്കൗണ്ട് ഇല്ലാതാക്കി, എനിക്കതില്‍ 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. നാല് വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്തിയതാണിത്,’ ഔദ പറഞ്ഞു.

‘ഇത് ഗസയില്‍ നിന്നുള്ള ബിസാന്‍, ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന വരിയില്‍ തുടങ്ങുന്ന ഗസയില്‍ നിന്നുള്ള ദൈനംദിന വീഡിയോകളിലൂടെയായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.

സോഷ്യല്‍ മീഡിയ പ്രത്യേകിച്ച് ടിക് ടോക് സയണിസിറ്റ് വിരുദ്ധ വികാരം രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ടെന്ന ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും ടിക് ടോക് സി.ഇ.ഓ ആദം പ്രെസ്റ്ററിന്റെയും പരാമര്‍ശങ്ങള്‍ ഔദ അടുത്തിടെ പങ്കുവെച്ചിരുന്നു.

സയണിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നത് വിദ്വേഷ പ്രസംഗമായി കണക്കാക്കുന്നതുള്‍പ്പെടെ ടിക് ടോകിന്റെ മോഡറേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തുമെന്നും സി.ഇ.ഓ ആദം പോസ്റ്റര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

നിയന്ത്രണങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ പൂര്‍ണമായ നിരോധനമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പത്രപ്രവര്‍ത്തകയായ ബിസാന്‍ ഔദ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പടെ നിരവധി അമേരിക്കക്കാരുടെ നിക്ഷേപ സ്ഥാപനങ്ങളാണ് ടിക് ടോക് നിയന്ത്രിക്കുന്നത്.

ടിക് ടോകിന് ഒരു പ്രത്യേക യു.എസ് പതിപ്പ് സൃഷ്ടിക്കുന്നതിനുള്ള കരാര്‍ പൂര്‍ത്തിയായതായി ടിക് ടോക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിരോധനം.

ടിക് ടോക്കിന്റെ നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അല്‍ ജസീറയുടെ ഗസ ബ്യൂറോയിലെ മാധ്യമ പ്രവര്‍ത്തകയാണ് ബിസാന്‍.
എന്നാല്‍ അക്കൗണ്ട് തിരിച്ചു കിട്ടിയതായി ഔദ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമ ശ്രദ്ധയും സര്‍ക്കാരിതര സംഘടനകളില്‍ നിന്നുള്ള സമ്മര്‍ദവുമാണ് തന്റെ അക്കൗണ്ട് തിരിച്ചു കിട്ടാനുള്ള കാരണമെന്ന് ഔദ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: TikTok bans Palestinian journalist Bisan Auda

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.