| Saturday, 17th May 2025, 5:48 pm

ദുല്‍ഖറിന് ഇത് തീരാനഷ്ടം, ബോക്‌സ് ഓഫീസിന് റീത്ത് വെക്കാനുറപ്പിച്ച് കമല്‍ ഹാസനും എസ്.ടി.ആറും മണിരത്‌നവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്‌ഡേറ്റും അതിനെ കൂട്ടുകയും ചെയ്തിരുന്നു. കമല്‍ ഹാസനൊപ്പം സിലമ്പരസനും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന ഗ്യാങ്സ്റ്ററിന്റെയും അയാളുടെ വളര്‍ത്തുമകന്‍ അമരന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു ഘട്ടത്തില്‍ ശക്തിവേല്‍ നായ്ക്കര്‍ക്കെതിരെ അമരന്‍ തിരിയുന്നതും ഇരുവരും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. കമല്‍ ഹാസനും സിലമ്പരസനും തമ്മിലുള്ള രംഗങ്ങള്‍ തിയേറ്ററില്‍ തീപാറിക്കുമെന്ന് ഉറപ്പാണ്.

സിലമ്പരസനാണ് അമരനായി വേഷമിടുന്നത്. ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ദുല്‍ഖര്‍ സല്‍മാനെയായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രൊജക്ടില്‍ നിന്ന് ദുല്‍ഖര്‍ പിന്‍വാങ്ങുകയായിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ വലിയ നഷ്ടമാകും തഗ് ലൈഫിലേതെന്ന് ട്രെയ്‌ലര്‍ റിലീസായതിന് പിന്നാലെ പലരും അഭിപ്രായപ്പെടുന്നുണ്ട്.

വന്‍ താരനിരയാണ് തഗ് ലൈഫില്‍ അണിനിരക്കുന്നത്. അഭിരാമി, തൃഷ, നാസര്‍, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, പങ്കജ് ത്രിപാഠി, വയ്യാപുരി തുടങ്ങയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന നടരാജനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ.ആര്‍. റഹ്‌മാന്‍ കമല്‍ ഹാസന്‍ ചിത്രത്തിനായി സംഗീതം നല്‍കുന്നത്. ‘വിന്‍വെളി നായകാ’ എന്ന് തുടങ്ങുന്ന ബി.ജി.എം. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ മൂന്ന് ഇതിഹാസങ്ങള്‍ ഒരു സിനിമയില്‍ ഒന്നിക്കുന്നതാണ് തഗ് ലൈഫിന് മേലുള്ള പ്രതീക്ഷകള്‍ക്ക് കാരണം.

രവി.കെ. ചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് അന്‍ബറിവ് ഡ്യുവോ ആണ്. കമല്‍ ഹാസന്റെ ഉടമസ്ഥതതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. 250 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Thug Life movie trailer out now

We use cookies to give you the best possible experience. Learn more