ഇന്ത്യന്‍ സിനിമ കണ്ട മൂന്ന് പ്രതിഭാസങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന സിനിമ. കമല്‍ ഹാസനും മണിരത്‌നവും 36 വര്‍ഷത്തിന് ശേഷം കൈകോര്‍ക്കുമ്പോള്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതവും സിനിമയുടെ ഭാഗമാകുന്നു. ഒരു സാധാരണ സിനിമാപ്രേമിക്ക് കാത്തിരിക്കാന്‍ മറ്റെന്ത് വേണം. ഇന്ത്യന്‍ സിനിമ ഇപ്പോഴും അത്ഭുതത്തോടെ നോക്കിക്കാണുന്ന നായകന്‍ എന്ന സിനിമ പോലെയോ അല്ലെങ്കില്‍ അതിന് മുകളിലോ നില്‍ക്കുന്ന ഒരു സിനിമയായിരുന്നു പ്രതീക്ഷിച്ചത്.
സിനിമയുടെ ആദ്യത്തെ 20 മിനിറ്റ് അത് ശരിവെക്കുന്നതായിരുന്നു. മോണോക്രോമില്‍ കാണിച്ച ആ ഭാഗവും കമല്‍ ഹാസനെ ചെറുപ്പമായി കാണിച്ചതും എല്ലാം കണ്ടപ്പോള്‍ വേറെ ലെവല്‍ സിനിമയെന്ന് മനസില്‍ കുറിച്ചു. അതിന് ശേഷം തിയേറ്ററുകളെ ഇളക്കിമറിച്ച സിലമ്പരസന്റെ ഇന്‍ട്രോയും അതിന് എ.ആര്‍. റഹ്‌മാന്‍ നല്‍കിയ പാട്ടും എല്ലാം കൂടെ പൈസ വസൂലെന്ന് തോന്നിപ്പിച്ചു.
പിന്നീടങ്ങോട്ട് എന്ത് ചെയ്യണമെന്നറിയാതെ അണിയറപ്രവര്‍ത്തകര്‍ ഓരോന്ന് കാട്ടിക്കൂട്ടുന്നതാണ് കാണാന്‍ സാധിച്ചത്. ഒന്നേ കാല്‍ മണിക്കൂറോളം കഴിഞ്ഞ് വരുന്ന ഇന്റര്‍വെല്‍ ബ്ലോക്ക് കുറച്ച് പ്രതീക്ഷ തന്നു. എന്നാല്‍ പഴയ വീഞ്ഞിനെ അതിപുരാതന കുപ്പിയിലാക്കിയുള്ള അവതരണം പിന്നീടുള്ള ഒന്നരമണിക്കൂര്‍ ക്ഷമ പരീക്ഷിച്ചു എന്ന് തന്നെ പറയാം.
ഒരുപാട് കോണ്‍ഫ്‌ളിക്റ്റുകള്‍ കാണിച്ച് അവസാനം കഥ തുടങ്ങിയ സ്ഥലത്ത് തന്നെ എത്തി ഒന്ന് കണക്ടായി വന്നപ്പോഴേക്ക് സിനിമയും തീര്‍ന്നു. ഇതിനിടയില്‍ ക്ഷമ പരീക്ഷിച്ച ചില ഭാഗങ്ങളുമുണ്ടായി. അതില്‍ എടുത്തു പറയേണ്ടത് തൃഷയുടെ കഥാപാത്രത്തെയാണ്. എന്തിനോ വേണ്ടി തിളച്ച സാമ്പാറെന്ന് സംശയമില്ലാതെ പറയാന്‍ സാധിക്കും.
കമല്‍ ഹാസനും തൃഷയുമൊന്നിച്ചുള്ള റൊമാന്‍സ് പോര്‍ഷന്‍ വെട്ടിമാറ്റിയിരുന്നെങ്കില്‍ സിനിമ നന്നായേനെ. അത്രമാത്രം അനാവശ്യവും അണ്‍സഹിക്കബിളുമായിരുന്നു ആ ഭാഗങ്ങള്‍. യാതൊരു ഇമോഷണല്‍ കണക്ഷനും തോന്നാത്ത കഥാപാത്രമായി തൃഷയുടെ ഇന്ദ്രാണി മാറി.
കമല്‍ ഹാസന്റെ ഇമോഷണല്‍ രംഗങ്ങളുടെയും ആക്ഷന്‍ സീക്വന്‍സുകളുടെയും കൂടെ സിലമ്പരസന്റെ പെര്‍ഫോമന്‍സും സിനിമയെ ഒരു പരിധി വരെ താങ്ങിനിര്‍ത്തി. എങ്കിലും കമല്‍ ഹാസന്റെ ഡയലോഗ് ഡെലിവറി പലയിടത്തും വ്യക്തമാകാത്തത് കല്ലുകടിയായി. സെക്കന്‍ഡ് ഹാഫില്‍ മുടി നീട്ടി വളര്‍ത്തി വരുന്ന ഗെറ്റപ്പ് കണ്ടപ്പോള്‍ ഇന്ത്യന്‍ താത്തയില്‍ നിന്ന് അദ്ദേഹം പുറത്തുവരാത്തതുപോലെ തോന്നി.
തന്റെ സംഗീതം കൊണ്ട് എ.ആര്‍. റഹ്‌മാന്‍ സിനിമയെ അപ്‌ലിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. പ്രത്യേകിച്ച് ബി.ജി.എമ്മും ‘അഞ്ചു വണ്ണ പൂവേ’ എന്ന പാട്ടും സിനിമക്ക് കുറച്ചധികം മൈലേജ് നല്‍കി. സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച വെഡ്ഡിങ് സോങ്ങ് ഇംപാക്ട് നല്‍കാതെ പോയപ്പോള്‍ ‘മുത്ത മഴൈ’ എന്ന പാട്ട് പൂര്‍ണമായും ഒഴിവാക്കി.
സിനിമയില്‍ അപ്രതീക്ഷിതമായി ഞെട്ടിച്ചത് മലയാളി താരങ്ങളാണ്. കമല്‍ ഹാസന്‍ അവതരിപ്പിച്ച ശക്തിവേല്‍ നായ്ക്കരുടെ വലംകൈയായ പത്രോസായി ജോജു ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. കാഞ്ഞിരപ്പള്ളിക്കാരന്‍ പത്രോസ് ചുമ്മാ അങ്ങ് പൊളിച്ചു. സ്‌ക്രീന്‍ പ്രസന്‍സില്‍ കമല്‍ ഹാസനെക്കാള്‍ ജോജു മുന്നിട്ട് നിന്നെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. തമിഴില്‍ ജോജുവിന് ഇനിയും ഒരുപാട് അവസരം ലഭിക്കുമെന്ന് ഉറപ്പാണ്.
ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം സെക്കന്‍ഡ് ഹാഫിന്റെ തുടക്കത്തില്‍ മിന്നിമറഞ്ഞ് പോയപ്പോള്‍ അത്രയേ ഉള്ളോ എന്ന് വിചാരിച്ചു. എന്നാല്‍ ആ കഥാപാത്രത്തിന് ഒരു ഷിഫ്റ്റ് ലഭിച്ചപ്പോഴേക്ക് സിനിമ തീര്‍ന്നത് നിരാശ സമ്മാനിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സര്‍പ്രൈസ് ബാബുരാജായിരുന്നു. അദ്ദേഹത്തിന് ഈയടുത്ത് കിട്ടിയതില്‍ വെച്ച് മികച്ചൊരു വേഷമായിരുന്നു.
അശോക് സെല്‍വന്‍, നാസര്‍, അലി ഫസല്‍ മൂന്ന് ഗംഭീര പെര്‍ഫോമര്‍മാരെ കൈയില്‍ കിട്ടിയിട്ടും മണിരത്‌നത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. യാതൊരു ഇംപാക്ടുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഇവരുടേത്. അഭിരാമിക്ക് പെര്‍ഫോം ചെയ്യാനുള്ള വേഷമായിരുന്നു ഈ സിനിമയിലെ ജീവ. എന്നാല്‍ അവസാനമായപ്പോഴേക്ക് ആ കഥാപാത്രത്തെയും പൂര്‍ണതയില്ലാതെ അവസാനിപ്പിച്ചു.
രവി കെ. ചന്ദ്രന്‍, തുടക്കത്തിലെ മോണോക്രോം സീനുകളിലും പിന്നീട് വന്ന ആക്ഷന്‍ സീനുകളിലുമെല്ലാം മികച്ച ക്യാമറ വര്‍ക്കായിരുന്നു. എന്നാല്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇമോഷണല്‍ സീന്‍ പകര്‍ത്തിവെച്ചത് വളരെ അമച്വറായി തോന്നി. മറ്റ് സീനുകളിലെല്ലാം അതിഗംഭീരമായി അദ്ദേഹം ഫ്രെയിമുകള്‍ സെറ്റ് ചെയ്തുവെച്ചു.
കമല്‍ ഹാസനെ ഡീ ഏജ് ചെയ്ത ഭാഗം അതിഗംഭീര വി.എഫ്.എക്‌സ് വര്‍ക്കായിരുന്നു. എന്നാല്‍ മറ്റ് സീനുകളില്‍ ഗ്രാഫിക്‌സ് രംഗങ്ങള്‍ മുഴച്ചുനിന്നു. അന്‍ബറിവ് ഒരുക്കിയ ആക്ഷന്‍ രംഗങ്ങളെല്ലാം നല്ല അനുഭവമായിരുന്നു. സിലമ്പരസന്‍ -അലി ഫസല്‍ ഫൈറ്റ്, ക്ലൈമാക്‌സ് ഫൈറ്റ് എന്നിവ എടുത്തുപറയേണ്ടതാണ്.
മൊത്തത്തില്‍ പറഞ്ഞ് പറഞ്ഞ് പഴകിത്തേഞ്ഞ കഥയെ എങ്ങനെയെങ്കിലും പറഞ്ഞുതീര്‍ക്കണമെന്ന് ചിന്തയില്‍ എടുത്ത സിനിമയായി തഗ് ലൈഫിനെ കണക്കാക്കാം.
Content Highlight: Thug Life movie review