| Saturday, 7th June 2025, 9:36 am

ആയിരത്തിലധികം ഷോ കൂടുതല്‍, എന്നിട്ടും റെട്രോയുടെ ആദ്യദിന കളക്ഷന്‍ മറികടക്കാനാകാതെ തഗ് ലൈഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്റെ സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ ഹൈപ്പ് വാനോളമുയര്‍ന്നു. വന്‍ താരനിരയും വമ്പന്‍ പ്രൊമോഷനുമെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചു.

എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തെ ഭൂരിഭാഗം പ്രേക്ഷകരും കൈയൊഴിഞ്ഞു. വളരെ ദുര്‍ബലമായി തിരക്കഥയാണ് ചിത്രത്തിന് വിനയായത്. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും മോശം തിരക്കഥയെന്നാണ് പലരും തഗ് ലൈഫിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ചിത്രം ആദ്യദിനം 40 കോടിയാണ് വേള്‍ഡ്‌വൈഡായി സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് 17.8 കോടിയാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് 13 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. സൂര്യ നായകനായെത്തിയ റെട്രോ ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്ന് നേടിയതിനെക്കാള്‍ നാല് കോടിയോളം കുറവാണ് തഗ് ലൈഫ് നേടിയത്.

സ്‌ക്രീനുകളുടെയും ഷോസിന്റെയും എണ്ണത്തില്‍ തഗ് ലൈഫിനായിരുന്നു മേല്‍ക്കൈ. എന്നിട്ടും ഹൈപ്പിനൊത്ത് ഉയരാത്തത് ചിത്രത്തിന് തിരിച്ചടിയായി മാറി. പലയിടത്തും മൂന്നാം ദിനം ചിത്രം മാറ്റിയിരിക്കുകയാണ്. തഗ് ലൈഫിന് പകരം ടൂറിസ്റ്റ് ഫാമിലി വീണ്ടും പല തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നത് വാര്‍ത്തയായിരുന്നു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെട്രോയും ടൂറിസ്റ്റ് ഫാമിലിക്ക് മുന്നില്‍ അടിപതറി. കങ്കുവ എന്ന വന്‍ പരാജയത്തിന് ശേഷം സൂര്യ നായകനായെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കിയത്. മികച്ച പെര്‍ഫോമന്‍സും ഗംഭീര മേക്കിങ്ങും ഉണ്ടായിട്ട് കൂടി രണ്ടാം പകുതിയില്‍ രാഷ്ട്രീയം പറഞ്ഞ ഭാഗം പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോയതാണ് ചിത്രത്തിന് തിരിച്ചടിയായത്. കാലങ്ങളായി വലിയൊരു ഹിറ്റിന് വേണ്ടിയുള്ള സൂര്യയുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായ ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ നായകനായെത്തിയ ചിത്രമാണ് തഗ് ലൈഫ്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജോജു ജോര്‍ജ്, തൃഷ, നാസര്‍, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍ എന്നിവരും ചിത്രത്തില്‍ അണിനിരന്നു.

Content Highlight: Thug Life earned less collection than Retro in Tamilnadu on first day

Latest Stories

We use cookies to give you the best possible experience. Learn more