| Monday, 9th June 2025, 10:28 am

കാരവനുണ്ടെങ്കിലും അതിലേക്ക് പോകാതെ രാത്രി ശോഭനാ മാം ആ ബെഞ്ചില്‍ കിടന്നുറങ്ങി: കെ.ആര്‍ സുനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന സിനിമയെ കുറിച്ചും നടി ശോഭനയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തിന്റെ കോ റൈറ്റര്‍ കെ.ആര്‍ സുനില്‍.

എത്രയോ വലിയ ആര്‍ടിസ്റ്റുകളാകുമ്പോഴും ശോഭനയും മോഹന്‍ലാലുമൊക്കെ കീപ്പ് ചെയ്യുന്ന ചില ക്വാളിറ്റികളെ കുറിച്ചാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കെ.ആര്‍ സുനില്‍ സംസാരിക്കുന്നത്.

ഒരു കഥാപാത്രത്തെ ചെയ്യുമ്പോള്‍ അവരുടെ മനസില്‍ അത് മാത്രമാണ് ഉണ്ടാവുകയെന്നും അതില്‍ നിന്ന് ഒരു തരത്തിലും മാറി നില്‍ക്കാന്‍ അവര്‍ തയ്യാറാവില്ലെന്നും കെ.ആര്‍ സുനില്‍ പറയുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ കാരവനുണ്ടെങ്കിലും തന്റെ സീനുകള്‍ പൂര്‍ണമായും എടുത്തു തീരാതെ കാരവാനിലേക്ക് പോകാത്ത വ്യക്തിയാണ് ശോഭനാ മാമെന്നും രാത്രി സമയത്തെ ഷൂട്ടിലൊക്കെ വെറും ഒരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ശോഭനാ മാമിനെ താന്‍ കണ്ടിട്ടുണ്ടെന്നും സുനില്‍ പറയുന്നു.

‘ തുടരും എന്ന സിനിമയിലൂടെ പഴയ ശോഭനാ മാമിനേയോ പഴയ ലാലേട്ടനെയോ കൊണ്ടുവരിക എന്നതായിരുന്നില്ല ഞങ്ങള്‍ ഉദ്ദേശിച്ചത്. കൃത്യമായ പശ്ചാത്തലമുള്ള, ചെറുതായിട്ട് തമിഴൊക്കെ കലര്‍ന്ന മലയാളം സംസാരിക്കുന്ന കഥാപാത്രമായിരുന്നു അവരുടേത്.

ശോഭനാ മാം വളരെ നന്നായിട്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ശോഭനാ മാമിന്റെ പല സീനുകളും കണ്ടപ്പോള്‍ ഭയങ്കരമായി എക്‌സൈറ്റഡായിരുന്നു.

ഇത്രയും വലിയ ലജന്റായ ആര്‍ടിസ്റ്റാണ് അവര്‍. അവരെ കുറിച്ച് പറയുകയാണെങ്കില്‍ ലൊക്കേഷനില്‍ അവര്‍ക്കുള്ള കാരവാന്‍ ഉണ്ടാകും. കുറച്ച് നടന്നുകഴിഞ്ഞാല്‍ കാരവാന്‍ ഉണ്ട്.

എന്നാല്‍ നൈറ്റ് ഷൂട്ടൊക്കെ എത്ര ലേറ്റായായാലും കാരവാനിലേക്ക് പോകാതെ ഷൂട്ട് നടക്കുന്ന വീട്ടിലെ ഒരു ബെഞ്ചില്‍ അവര്‍ രാത്രി കിടന്നുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതൊന്നും മറക്കാന്‍ പറ്റില്ല.

അത് കഴിഞ്ഞിട്ട് അവര്‍ക്ക് ഷോട്ടുണ്ട്. അവര്‍ ആ കഥാപാത്രമാണ്. അവരുടെ സീന്‍ എടുത്തു തീരുന്നതിന് മുന്‍പ് കാരവാനില്‍ പോയി തിരിച്ചുവരാനുള്ള മാനസികാവസ്ഥ അവര്‍ക്കുണ്ടാവില്ല.

ആ സീന്‍ കഴിഞ്ഞ് തീര്‍ത്ത് പോകുന്നതുവരെ അവര്‍ ആ കഥാപാത്രത്തിലാണ്. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ അവര്‍ എത്ര മാത്രം ഉയരത്തില്‍ നില്‍ക്കുന്ന ആള്‍ക്കാരാണ് എന്ന് അറിഞ്ഞ ദിവസമായിരുന്നു അതെല്ലാം.

പിന്നെ ക്യാരക്ടറിനെ കുറിച്ചൊക്കെ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പിന്നെ തരുണുമായിട്ടായിരുന്നു കൂടുതല്‍ സംസാരങ്ങളും ഉണ്ടായിരുന്നത്,’ സുനില്‍ പറഞ്ഞു.

Content Highlight: Thudarum Writer KR Sunil About Actress Shobhana

We use cookies to give you the best possible experience. Learn more