| Wednesday, 4th June 2025, 3:24 pm

ഒറ്റയാന് പകരം ദിനോസര്‍, അംബാസഡറിന് പകരം ഹെലികോപ്റ്റര്‍, തുടരും തെലുങ്ക് പതിപ്പിനെ ഇപ്പോഴേ ട്രോളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളക്കര കണ്ട ഗംഭീര വിജയമായി മാറിയിരിക്കുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കിയ ആദ്യ ചിത്രമായി തുടരും മാറി. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രത്തിന് പ്രശംസകള്‍ കൂടുകയാണ്.

ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. സൗത്ത് ഇന്ത്യയില്‍ ഹിറ്റാകുന്ന സിനിമകള്‍ ചൂടാറും മുമ്പ് റീമേക്ക് ചെയ്യുന്ന ബോളിവുഡ് തന്നെയാണ് പ്രധാന ഇര. അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നിവര്‍ ചിത്രത്തിന്റെ റീമേക്കിനായി ശ്രമിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഹിന്ദി റീമേക്കിന് മുമ്പ് ചിത്രം തെലുങ്കിലേക്ക് ഒരുക്കുമെന്നുള്ള റൂമറുകള്‍ ഇതിനിടെ ഉയര്‍ന്നിരുന്നു. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി തുടരും തെലുങ്കില്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഥയില്‍ ചെറിയ മാറ്റങ്ങളോടെയാകും ചിത്രം തെലുങ്കില്‍ ഒരുക്കുകയെന്ന് കേട്ടിരുന്നു.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തെലുങ്ക് പതിപ്പിനെ ട്രോളിക്കൊണ്ടുള്ള വീഡിയോകള്‍ വൈറലായിരിക്കുകയാണ്. ഏത് കഥയെയും വലിയ സ്‌കെയിലില്‍ ചിത്രീകരിക്കുന്ന തെലുങ്ക് സിനിമാ രീതിയെയാണ് ട്രോളുന്നത്. തുടരും സിനിമയില്‍ മോഹന്‍ലാലിനെ ഒറ്റയാനോട് ഉപമിച്ചപ്പോള്‍ തെലുങ്കില്‍ ദിനോസറിനെയാണ് നായക കഥാപാത്രവുമായി താരതമ്യം ചെയ്യുന്നത്. പ്രഭാസ് നായകനായെത്തിയ സലാറില്‍ നായകനെ ദിനോസറായാണ് പുകഴ്ത്തിയത്.

തെലുങ്കിലെ മെഗാസ്റ്റാറായതിനാല്‍ നായകന്‍ അംബാസഡര്‍ ഓടിക്കില്ലെന്നും മിനിമം ഹെലികോപ്റ്ററെങ്കിലും വേണമെന്നാണ് ട്രോളന്മാരുടെ ഭാഷ്യം. ബ്രൂസ് ലീ ദ ഫൈറ്റര്‍ എന്ന സിനിമയില്‍ ചിരഞ്ജീവി ഹെലികോപ്റ്ററില്‍ വന്ന് ഇറങ്ങുന്ന വീഡിയോയാണ് വീഡിയോയിലെ ഹൈലൈറ്റ്. ഒപ്പം തെലുങ്ക് സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഐറ്റം ഡാന്‍സും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍- പൃഥ്വിരാജ് കോമ്പോയിലൊരുങ്ങിയ ലൂസിഫര്‍ ചിരഞ്ജീവി തെലുങ്കില്‍ ഒരുക്കിയിരുന്നു. തിയേറ്ററില്‍ വന്‍ പരാജയമായ ചിത്രം സോഷ്യല്‍ മീഡിയയിലും കീറിമുറിക്കപ്പെട്ടു. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ അതിഥിവേഷത്തിലെത്തിയിട്ടും ചിത്രം ട്രോള്‍ മെറ്റീരിയലായി മാറി. സ്‌ക്രിപ്റ്റില്‍ ചിരഞ്ജീവി അനാവശ്യമായി കൈകടത്തിയെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നിരുന്നു.

Content Highlight: Thudarum movie Telegu remake troll video viral on social media

Latest Stories

We use cookies to give you the best possible experience. Learn more