| Monday, 7th April 2025, 10:39 am

സൂര്യക്ക് ആശ്വസിക്കാം, ക്ലാഷിന് മോഹന്‍ലാലില്ല, വീണ്ടും റിലീസ് ഡേറ്റ് മാറ്റി തുടരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍പരാജയങ്ങളില്‍ കേട്ട വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മലയാളസിനിമയിലെ സകലമാന കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മഞ്ഞുമ്മല്‍ ബോയ്‌സിനെയും 2018നെയും തകര്‍ത്ത് ഇന്‍ഡസ്ട്രിയിലെ ഹൈയസ്റ്റ് ഗ്രോസറും ഇന്‍ഡസ്ട്രി ഹിറ്റുമായി മാറാന്‍ എമ്പുരാന് സാധിച്ചു.

കേരള ബോക്‌സ് ഓഫീസിന്റെ ഒരേയൊരു രാജാവായി മാറിയ മോഹന്‍ലാലിന്റെ അടുത്ത റിലീസ് തുടരും ആണ്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി ഡ്രാമാ ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തുടരും.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ വീണ്ടും മാറ്റിയിരിക്കുകയാണ്. നേരത്തെ ജനുവരി റിലീസായി പ്ലാന്‍ ചെയ്ത ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് മെയിലേക്ക് മാറ്റുകയായിരുന്നു. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ചിത്രം ഒരാഴ്ച മുന്നേ തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 25 ആണ് പുതിയ റിലീസ് ഡേറ്റ്.

നേരത്തെ മെയ് ഒന്നിന് സൂര്യ നായകനായ റെട്രോയുടെ കൂടെയായിരുന്നു തുടരും ക്ലാഷിന് ഒരുങ്ങിയത്. 2014ലായിരുന്നു ബോക്‌സ് ഓഫീസില്‍ സൂര്യയും മോഹന്‍ലാലും അവസാനമായി ഏറ്റുമുട്ടിയത്. ലിംഗുസാമി സംവിധാനം ചെയ്ത അഞ്ചാനും അരുണ്‍കുമാര്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴിയും ഓണത്തിന് ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. രണ്ട് ചിത്രങ്ങളും ശരാശരി വിജയത്തിലൊതുങ്ങിയിരുന്നു.

2016ല്‍ പുലിമുരുകന് ശേഷം തിയേറ്ററുകളിലെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. സാധാരണ കുടുംബചിത്രമായി ഒരുങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിക്കടുത്ത് സ്വന്തമാക്കിയിരുന്നു. അതേ നേട്ടം തുടരും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.

എമ്പുരാനില്‍ മോഹന്‍ലാല്‍ എന്ന താരത്തിന്റെ വിശ്വരൂപം കണ്ടപ്പോള്‍ അദ്ദേഹത്തിലെ നടനെ തുടരും എന്ന ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. തോമസ് മാത്യു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

വിഷു റിലീസുകളായി മമ്മൂട്ടിയുടെ ബസൂക്ക, ബേസില്‍ ജോസഫിന്റെ മരണമാസ്, ഖാലിദ് റഹ്‌മാന്‍- നസ്‌ലെന്‍ ടീമിന്റെ ആലപ്പുഴ ജിംഖാന, അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങള്‍ക്ക് രണ്ടാഴ്ച സമയം മാത്രമായിരിക്കും ഫ്രീ റണ്‍ ലഭിക്കുക.

Content Highlight: Thudarum movie preponed to April 25 and avoided clash with Suriya’s Retro

We use cookies to give you the best possible experience. Learn more