| Sunday, 11th May 2025, 11:45 am

തുടരും; ഒറ്റക്കൊമ്പന്‍ കാടുകേറിയത് ഇങ്ങനെ; സോങ് മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കേരളാ ബോക്‌സ് ഓഫീസില്‍ നിന്നുമാത്രം 90 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമയായെന്ന ചരിത്രം കുറിക്കാന്‍ മോഹന്‍ലാലിന്റെ ‘ഒറ്റക്കൊമ്പന്’ കഴിഞ്ഞു.

കെ.ആര്‍. സുനിലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ രചിച്ചത്. ഷാജി കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ഒരുക്കിയ സംഗീതമാണ് തുടരും എന്ന ചിത്രത്തിന്റെ പ്രധാന പോസിറ്റീവുകളില്‍ ഒന്ന്.

ചിത്രത്തിലെ ഗാനങ്ങളും ബാക് ഗ്രൗണ്ട് സ്‌കോറും മികച്ച് നില്‍ക്കുന്നവയായിരുന്നു. തുടരുമിന് വേണ്ടി അഞ്ച് ഗാനങ്ങളാണ് ജേക്‌സ് ബിജോയ് ഒരുക്കിയത്. ഓരോ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഫൈറ്റ് സീനില്‍ ഉപയോഗിച്ച ‘കടേറും കൊമ്പാ’ എന്ന പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ജേക്‌സ് ബിജോയാണ് ‘കാടേറും കൊമ്പാ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ റെക്കോര്‍ഡിങ്ങാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ചെണ്ടയും പാട്ടിനായി ഉപയോഗിച്ചിരുന്നതായി വീഡിയോയില്‍ കാണാം. ‘കുരുതീ.. ചെറു തീ… കുരുതിക്കൊരു തീ.. ആളോ നീറുന്ന കാറ്റ് തീയിടാം..’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടേതാണ്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

അതേസമയം ആഗോളതലത്തില്‍ ഇതുവരെ 190 കോടിയിലധികം രൂപയാണ് തുടരും നേടിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ സിനിമ ആഗോളതലത്തില്‍ 200 കോടി എന്ന സംഖ്യ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാകും തുടരും. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

Content Highlight: Thudarum Movie Kaderum Komba Making Video Is Out

We use cookies to give you the best possible experience. Learn more