കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങളാണ് മോഹന്‍ലാലും സൂര്യയും. നാല് പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി ആഘോഷിക്കുന്ന മോഹന്‍ലാലിന് കേരള ബോക്‌സ് ഓഫീസിലുള്ള പവര്‍ വളരെ വലുതാണ്. സ്വന്തം ബോക്‌സ് ഓഫീസ് റെക്കോഡ് പലതവണയായി തിരുത്തിക്കുറിച്ച മോഹന്‍ലാല്‍ മലയാളത്തിലെ ഏറ്റവും വലിയ താരമെന്ന് സംശയമില്ലാതെ പറയാം.
വിജയ് കഴിഞ്ഞാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട തമിഴ് താരമാണ് സൂര്യ. അടുത്ത കാലത്തായി ബോക്‌സ് ഓഫീസ് പ്രകടനത്തില്‍ പിന്നോട്ടാണെങ്കിലും ആരാധകരുടെ എണ്ണത്തില്‍ സൂര്യക്ക് ഇടിവ് സംഭവിച്ചിട്ടില്ല. മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന്‍ കേരളത്തില്‍ നിന്ന് ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പത്തുവര്‍ഷത്തിന് ശേഷം ഇരുവരും കേരള ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ വരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും മെയ് ഒന്നിന് റിലീസ് ചെയ്‌തേക്കുമെന്നാണ് പുതിയ റൂമറുകള്‍. ജനവുരി റിലീസായ പ്ലാന്‍ ചെയ്ത തുടരും മറ്റ് ചല കാരണങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. ഷണ്മുഖന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.
ഇതേ ദിവസം തന്നെയാണ് സൂര്യ- കാര്‍ത്തിക് സുബ്ബരാജ് കോമ്പോയില്‍ ഒരുങ്ങുന്ന റെട്രോ പ്രേക്ഷകരിലേക്കെത്തുന്നത്.കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ക്ക് തന്നെ റെട്രോയുടെ മേല്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയായിരുന്നു. ചിത്രത്തില്‍ സൂര്യയുടെ ലുക്കും പുറത്തുവന്ന അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. റൊമാന്റിക് ആക്ഷന്‍ ഴോണറാണ് റെട്രോ ഒരുങ്ങുന്നത്.
ഇതിന് മുമ്പ് കേരള ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലും സൂര്യയും ഏറ്റുമുട്ടിയത് 2014ലായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത് പെരുച്ചാഴിയുടെ കൂടെ മത്സരത്തിന് എത്തിയത് സൂര്യയുടെ കരിയര്‍ ഹൈപ്പ് ചിത്രം അഞ്ചാനായിരുന്നു. എന്നാല്‍ രണ്ട് സിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. പൃഥ്വിരാജ് നായകനായെത്തിയ സപ്തമശ്രീ തസ്‌കരാഃ ആയിരുന്നു ആ സീസണിലെ വിജയി.
പത്തുവര്‍ഷത്തിന് ശേഷം രണ്ട് പേരും അവരുടെ സേഫ് സോണിലേക്ക് തിരിച്ചെത്തി സിനിമകള്‍ ചെയ്യുമ്പോള്‍ വിജയം ആര്‍ക്കായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സാധാരണ കുടുംബനാഥനായി മോഹന്‍ലാലും റൊമാന്റിക് ഹീറോയായി സൂര്യയും എത്തുമ്പോള്‍ ആരാധകരുടെ മനം നിറക്കുന്ന പ്രകടനം തന്നെ കാണാന്‍ സാധിക്കും.
Content Highlight: Thudarum movie going to clash with Suriya’s Retro in Kerala Box Office