| Saturday, 3rd May 2025, 8:28 pm

കിളി പോകും, അന്ത ആളുടെ പടത്തിന് പോസിറ്റീവ് വന്നാല്‍ ബോക്‌സ് ഓഫീസിന്റെ കിളി പോകും, രണ്ടാം വാരത്തിലും കളക്ഷന്‍ താഴാതെ ഷണ്മുഖന്റെ തേരോട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവ സംവിധായകനായ തരുണ്‍ മൂര്‍ത്തിയോടൊപ്പം മോഹന്‍ലാല്‍ കൈകോര്‍ത്തപ്പോള്‍ ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവങ്ങളിലൊന്നാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. നടനെന്ന നിലയിലും താരമെന്ന നിലയിലും മോഹന്‍ലാലിനെ പരമാവധി ഉപയോഗിക്കാന്‍ തരുണ്‍ മൂര്‍ത്തിക്ക് സാധിച്ചു.

റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ തുടരും ഇടംപിടിച്ചു. എമ്പുരാന്റെ വന്‍ വിജയം വെറും വണ്‍ ടൈം വണ്ടറല്ലെന്ന് തെളിയിക്കുന്നതായിരുന്നു തുടരും എന്ന സിനിമയുടെ മഹാവിജയം. അടുപ്പിച്ച് രണ്ട് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കയറ്റിയ ആദ്യ മലയാളനടന്‍ കൂടിയായി മോഹന്‍ലാല്‍ മാറി.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രത്തിന്റെ കളക്ഷന് കുറവ് സംഭവിക്കുന്നില്ല. പത്താം ദിവസവും മൂന്ന് കോടിക്ക് മുകളില്‍ കേരളത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രം സ്വന്തമാക്കി. പുതിയതായി റിലീസ് ചെയ്ത സിനിമകള്‍ക്ക് വലിയ ചലനം സൃഷ്ടിക്കാന്‍ സാധിക്കാത്തതിനാല്‍ അടുത്ത ദിവസവും ആറ് കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്ന് സ്വന്തമാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ആദ്യദിനവും അഞ്ചാം ദിനവും ബാക്കി എട്ട് ദിവസവും കേരളത്തില്‍ നിന്ന് ആറ് കോടിക്ക് മുകളില്‍ തുടരും കളക്ട് ചെയ്തിരുന്നു. ഇതേ ഹോള്‍ഡ് തുടരാനായാല്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നേട്ടവും തുടരും സ്വന്തമാക്കുമെന്ന് ഉറപ്പാണ്. വേനലവധിയുടെ അഡ്വാന്റേജും ചിത്രത്തിനെ തുണക്കുമെന്നാണ് ട്രാക്കര്‍മാരുടെ അനുമാനങ്ങള്‍.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലും ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇതിനോടകം 2.6 മില്യണ് മുകളില്‍ ടിക്കറ്റുകള്‍ ചിത്രത്തിന്റേതായി വിറ്റഴിഞ്ഞു. ബുക്ക്‌മൈഷോയില്‍ എമ്പുരാന് പിന്നിലായി രണ്ടാം സ്ഥാനത്താണ് തുടരും. 3.2 മില്യണ്‍ ടിക്കറ്റുകളാണ് എമ്പുരാന്റേതായി ബുക്ക്‌മൈഷോയില്‍ വിറ്റുപോയത്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് തുടരും നിര്‍മിച്ചത്. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായെത്തിയത്. 15 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഇവര്‍ക്ക് പുറമെ ഫര്‍ഹാന്‍ ഫാസില്‍, പുതുമുഖം പ്രകാശ് വര്‍മ, ബിനു പപ്പു, തോമസ് മാത്യു, മണിയന്‍പിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Content Highlight: Thudarum movie earned 3.8 crores through advance sales on second week

We use cookies to give you the best possible experience. Learn more