| Sunday, 18th May 2025, 10:51 pm

ടോട്ടല്‍ കളക്ഷനില്‍ എമ്പുരാന്‍, ബുക്ക്‌മൈഷോയില്‍ തുടരും, മോഹന്‍ലാലിന്റെ അടിയില്‍ മഞ്ഞുമ്മലിലെ പിള്ളേര്‍ക്ക് കിട്ടിയത് ബട്ടര്‍ഫ്‌ളൈ എഫക്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും തന്റെ പേരിലാക്കി മുന്നേറുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സിന്റെ പേരിലും സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും മോഹന്‍ലാല്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. എന്നാല്‍ ഈ വര്‍ഷം അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് മോഹന്‍ലാല്‍ തന്റെ തേരോട്ടം തുടരുകയാണ്.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ എമ്പുരാന്‍ ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ബോക്‌സ് ഓഫീസ് റെക്കോഡുകളും സ്വന്തം പേരിലാക്കിയിരുന്നു. ആദ്യദിനം തന്നെ 50 കോടി നേടിയ ചിത്രം മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയായി മാറി. 257 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ എമ്പുരാന്‍ വെറും സാമ്പിളാണെന്ന് ആരും മനസിലാക്കിയിരുന്നില്ല.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം അപ്രതീക്ഷിത വിജയമാണ് സ്വന്തമാക്കിയത്. തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ തരുണ്‍ മൂര്‍ത്തി അവതരിപ്പിച്ചപ്പോള്‍ തിയേറ്ററുകള്‍ ജനസാഗരമായി മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി സ്വന്തമാക്കിയതോടെ തുടര്‍ച്ചയായി രണ്ട് 200 കോടി നേടിയ ആദ്യ മലയാള നടനായി മോഹന്‍ലാല്‍ മാറി.

കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി തുടരും ചരിത്രമെഴുതി. ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കാന്‍ കഴിയുന്ന റെക്കോഡുകളെല്ലാം സ്വന്തം പേരിലാക്കിയ മോഹന്‍ലാല്‍ മറ്റ് ചിത്രങ്ങളെ പിന്നിലാക്കിയിരിക്കുകയാണ്. ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ മലയാള സിനിമയെന്ന നേട്ടം മഞ്ഞുമ്മല്‍ ബോയ്‌സിനെ പിന്തള്ളി എമ്പുരാന്‍ ഒന്നാമതെത്തി.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട മലയാളചിത്രമായി തുടരും മാറി. 43.30 ലക്ഷം ടിക്കറ്റുകളാണ് തുടരും വിറ്റഴിച്ചത്. 43.20 ലക്ഷം ടിക്കറ്റുകള്‍ വിറ്റ മഞ്ഞുമ്മല്‍ ബോയ്‌സിനെയാണ് തുടരും പിന്തള്ളിയത്. ഒപ്പം വന്ന സിനിമകളും പിന്നാലെ വന്ന സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ തുടരും സിനിമ ഇനിയും മുന്നേറുമെന്ന് ഉറപ്പാണ്.

റെസ്റ്റ് ഓഫ് ഇന്ത്യന്‍ കളക്ഷന്‍ മാത്രമാണ് മോഹന്‍ലാലിന് നിലവില്‍ തകര്‍ക്കാന്‍ സാധിക്കാത്തത്. മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെയാണ് അവിടെയും മോഹന്‍ലാലിന് വെല്ലുവിളി. 95 കോടിയാണ് ചിത്രം കേരളത്തിന് പുറത്ത് നിന്ന് നേടിയത്. ഇതില്‍ 67 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് മാത്രമാണ്. ഈ റെക്കോഡ് അത്ര പെട്ടെന്ന് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Thudarum movie crossed ticket sales of Manjummel Boys in Bookmyshow

We use cookies to give you the best possible experience. Learn more