| Monday, 21st April 2025, 10:11 am

മോഹന്‍ലാലിന്റേയും ശോഭനയുടേയും ഏത് സിനിമയിലെ പ്രായമായ വേര്‍ഷനാണ് 'തുടരും'; മറുപടിയുമായി സിനിമാറ്റോഗ്രാഫര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഏപ്രില്‍ 25ാം തിയതി ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.

മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നത് തന്നെയാണ് തുടരും എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരുടേയും കോംമ്പോ എങ്ങനെ വര്‍ക്കാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

മോഹന്‍ലാലും ശോഭനയും മത്സരിച്ച് അഭിനയിച്ച് അഭ്രപാളിയില്‍ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്.

അത്തരത്തില്‍ ഇരുവരുടേയും ഏതെങ്കിലും പഴയ സിനിമയിലെ രണ്ട് കഥാപാത്രങ്ങള്‍ക്ക് തുടരും എന്ന ചിത്രത്തിലെ കഥാപാത്രവുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സിനിമാറ്റോഗ്രാഫര്‍ ഷാജി കുമാര്‍.

ഇവരുടെ ഏതെങ്കിലും മുന്‍ സിനിമകളിലെ കഥാപാത്രങ്ങളാണ് ലളിതയും ഷണ്മുഖവുമെങ്കില്‍ ഏത് കഥാപാത്രവുമായിട്ടായിരിക്കും സാമ്യത എന്നായിരുന്നു ചോദ്യം. കൗമുദി മൂവീസിന് ന്ല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അവരുടെ പ്രായം ഈ സിനിമയില്‍ നമ്മള്‍ പറയുന്നുണ്ട്. അല്ലാതെ അവരൊരു ടീനോജോ കോളേജോ അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ പുതിയ ദമ്പതികളോ അല്ല.

ഇവരുടെ മെച്ച്വേര്‍ഡ് ലൈഫ് തന്നെയാണ് ഈ സിനിമയില്‍ കാണിക്കുന്നത്. പഴയ സിനിമകളില്‍ അത്രയും മെച്വേര്‍ഡ് കഥാപാത്രങ്ങളല്ല ഇവര്‍ ചെയ്തത്.

അന്ന് അവരുടെ പ്രായവുമായി ഏതാണ്ട് അടുത്തുവരുന്നതും, അന്നത്തെ പ്രാരാബ്ദങ്ങളും കാര്യങ്ങളും എല്ലാമായിരുന്നു ഉള്ളത്. അന്ന് അവര്‍ ജീവിക്കാനുള്ള ഓട്ടത്തിലായിരുന്നു.

എന്നാല്‍ ഇന്ന് അതല്ല. എല്ലാം നോക്കുന്ന കാലഘട്ടത്തിലേക്ക് അവര്‍ എത്തി. അത്തരത്തില്‍ മുന്‍ കഥാപാത്രങ്ങളുമായി കംപയര്‍ ചെയ്യാന്‍ പറ്റില്ല. അന്നത്തെ രീതിയല്ല ഇന്ന്.

അന്ന് ഫേസ് ചെയ്ത ക്യാരക്ടേഴ്‌സ് എല്ലാം അന്ന് എങ്ങനെ ജീവിക്കാന്‍ പറ്റും, നാളത്തെ ദിവസം എന്തായിരിക്കും എന്ന രീതിയിലായിരുന്നു. ഇന്ന് അതല്ല കുറച്ചുകൂടി അഡ്വാന്‍സ് ആയിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ചിന്തിക്കും. അവര്‍ക്ക് പക്വത വന്നിരിക്കുന്നു. അത് ഈ സിനിമയ്ക്ക് ആവശ്യമാണ്,’ ഷാജി കുമാര്‍ പറഞ്ഞു.

മോഹന്‍ലാലിനും ശോഭനയ്ക്കും എങ്ങനെ ഒരു സാധാരണക്കാരുടെ ചേഷ്ടങ്ങള്‍ ഇത്രയും ഒബ്‌സേര്‍വ് ചെയ്ത് കൊണ്ടുവരാന്‍ കഴിയുന്നു എന്ന് നമുക്ക് അത്ഭുതം തോന്നും.

കാരണം അവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ ജീവിക്കുന്നവരല്ല. സാധാരണക്കാരിലേക്ക് ഇറങ്ങി അധികം വരാന്‍ അവര്‍ക്കാവില്ല. കാരവനിലൂടെ ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന കാഴ്ചകള്‍ പോലെ അവരുടെ അത്തരത്തിലുള്ള കാഴ്ചകള്‍ പരിമിതമാണ്.

അവരുടെ ലൈഫില്‍ ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങള്‍ ആയിട്ടും അവിടെ നിന്ന് ഇത്രയും താഴേക്ക് ഇറങ്ങിവന്ന് സാധാരണക്കാരുടെ ചേഷ്ടങ്ങള്‍ എങ്ങനെ കൊണ്ടുവരാന്‍ പറ്റുമെന്നത് നമുക്ക് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ്,’ ഷാജി കുമാര്‍ പറയുന്നു.

Content Highlight: Thudarum Movie Cinematographer Shajikumar about Mohanlal Shobhana

We use cookies to give you the best possible experience. Learn more