| Saturday, 10th May 2025, 3:04 pm

ഖുറേഷിയെക്കൊണ്ട് സാധിക്കാത്തത് ഷണ്മുഖം പുഷ്പം പോലെ സാധിച്ചു, മലയാളത്തില്‍ ഇനി കംപ്ലീറ്റ് മോഹന്‍ലാല്‍ ഡൊമിനേഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ എന്ന താരത്തിന്റെ മുഴുവന്‍ പൊട്ടന്‍ഷ്യല്‍ എന്താണെന്ന് ബോക്‌സ് ഓഫീസിന് കാണിച്ചുകൊടുത്തിരിക്കുകയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന്‍ കേരള ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ത്തിരുന്നു. പിന്നാലെയെത്തിയ തുടരും മികച്ച പ്രതികരണങ്ങള്‍ സ്വന്തമാക്കിയതോടെ മോഹന്‍ലാല്‍ തന്റെ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ്.

പുലിമുരുകനെ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ 2018നെ തകര്‍ത്ത് കേരളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് തുടരും. കേരളത്തില്‍ നിന്ന് മാത്രം 90 കോടി കളക്ഷന്‍ സ്വന്തമാക്കിയാണ് മോഹന്‍ലാല്‍ തന്റെ സിംഹാസനം വീണ്ടെടുത്തത്. ഇതോടെ പല നാഴികക്കല്ലും മോഹന്‍ലാല്‍ താണ്ടിയിരിക്കുകയാണ്.

കൊവിഡിന് മുമ്പ് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മോഹന്‍ലാല്‍ നേടിയ പല റെക്കോഡുകളും കൊവിഡിന് ശേഷം മറ്റുള്ളവര്‍ സ്വന്തമാക്കിയിരുന്നു. ആദ്യദിന കളക്ഷന്‍ റെക്കോഡ് ലിയോ സ്വന്തമാക്കിയപ്പോള്‍ 2018 പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ഏറ്റവുമയുര്‍ന്ന കളക്ഷന്‍ നേടിയ സിനിമയെന്ന നേട്ടം മഞ്ഞുമ്മല്‍ ബോയ്‌സും സ്വന്തമാക്കി. എന്നാല്‍ എമ്പുരാനിലൂടെ ആദ്യദിന കളക്ഷനും ഹൈയസ്റ്റ് ഗ്രോസ്സറും എമ്പുരാന്‍ തന്റെ പേരിലാക്കി.

ഇന്‍ഡസ്ട്രി ഹിറ്റ് നേടാനായില്ലെന്ന വിമര്‍ശം വെറും മൂന്നാഴ്ച കൊണ്ട് മോഹന്‍ലാല്‍ പരിഹരിച്ചു. വെറുമൊരു ഫാമിലി ഡ്രാമയിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ മോഹന്‍ലാലിന് മുന്നില്‍ ഇനി ബോക്‌സ് ഓഫീസില്‍ എതിരാളികളില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അഞ്ച് പതിറ്റാണ്ടിലും ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമായുള്ള ഇന്ത്യയിലെ ഒരേയൊരു നടനായും മോഹന്‍ലാല്‍ മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, രജിനികാന്ത്, കമല്‍ ഹാസന്‍, ഷാരൂഖ് ഖാന്‍, മമ്മൂട്ടി എന്നിവര്‍ക്ക് പോലുമില്ലാത്ത അപൂര്‍വ നേട്ടമാണ് മോഹന്‍ലാല്‍ തന്റെ പേരിലാക്കിയിരിക്കുന്നത്. ഇനി മറ്റൊരു നടനും അടുത്തെങ്ങും ഈ റെക്കോഡ് തകര്‍ക്കില്ലെന്നും ഉറപ്പാണ്. തലമുറകളുടെ നായകനായി മോഹന്‍ലാല്‍ തുടരുമെന്ന് തന്നെയാണ് വ്യക്തമായത്.

എന്നാല്‍ മോഹന്‍ലാലിന് മുന്നില്‍ തകര്‍ക്കാനാകാത്ത രണ്ട് കളക്ഷനുകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. മാര്‍ക്കോ ഹിന്ദി മാര്‍ക്കറ്റില്‍ നിന്ന് സ്വന്തമാക്കിയ 15 കോടി എന്ന നേട്ടവും മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ നിന്ന് നേടിയ 60 കോടി കളക്ഷനും. ഈ രണ്ട് സിനിമകള്‍ രണ്ടിടത്തും സൃഷ്ടിച്ച സെന്‍സേഷന്‍ ആവര്‍ത്തിക്കാന്‍ മോഹന്‍ലാലിന് സാധിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ ഈ റെക്കോഡും മോഹന്‍ലാല്‍ തകര്‍ക്കുമെന്ന് ആരാധകര്‍ കരുതുന്നുണ്ട്.

Content Highlight: Thudarum becomes Industry hit in Kerala by beating 2018 movie

We use cookies to give you the best possible experience. Learn more