| Tuesday, 11th February 2025, 9:04 am

റിയൽ ലൈഫിൽ ലാലേട്ടൻ അത് ചെയ്യാനിടയില്ല, പക്ഷെ അദ്ദേഹത്തിന്റെ താളം കണ്ട് അച്ഛനെ ഓർമ വന്ന്: തരുൺ മൂർത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപനം മുതൽ വലിയ ശ്രദ്ധ നേടിയ സിനിമയാണ് തുടരും. സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തി മോഹൻലാലിനൊപ്പം ചെയ്യുന്ന സിനിമയാണ് തുടരും.

പുതിയ സംവിധായകർക്ക് മോഹൻലാൽ ഡേറ്റ് നല്കുന്നില്ലെന്ന വിമർശനത്തിനിടയിലാണ് തുടരും പ്രഖ്യാപിക്കപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന സിനിമകൂടിയാണ് തുടരും.

സിനിമയിലെ ഫസ്റ്റ് ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലും ശോഭനയും ചേർന്ന് ഒരു സാരി മടക്കി വെക്കുന്ന സീനാണ് ആദ്യം എടുക്കുന്നതെന്നും ഒരു സാധാരണ വീട്ടിലെ രണ്ടാളുകൾ ചെയ്യുന്ന വിധത്തിൽ നാച്ചുറലായി ആ സീൻ തനിക്ക് വേണമായിരുന്നുവെന്നും തരുൺ പറയുന്നു. മോഹൻലാൽ ആ സീനിൽ അഭിനയിക്കുന്നത് കണ്ടപ്പോൾ അച്ഛനെയാണ് ഓർമ വന്നതെന്നും വളരെ താളത്തിലാണ് അദ്ദേഹം അഭിനയിച്ചതെന്നും തരുൺ പറയുന്നു. മോഹൻലാലും ശോഭനയും സ്‌ക്രീനിൽ വരുമ്പോഴുള്ള കെമിസ്ട്രി നന്നായി വർക്കായെന്നും അത് തന്നെയായിരുന്നു സിനിമയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

മോഹൻലാൽ, ശോഭന എന്നുള്ളത് പ്രേക്ഷകരുടെ മനസിൽ കിടക്കുന്നതുകൊണ്ട് വർക്ക് ചെയ്യുമ്പോൾ അതെനിക്കൊരു ഫ്രീ ലൈസൻസാണ്
– തരുൺ മൂർത്തി

‘ഈ സിനിമയുടെ ഫസ്റ്റ് ഷോട്ടിൽ തന്നെ ലാലേട്ടനും ശോഭന മാമുമാണ് ഉള്ളത്. അവർ രണ്ടാളുംകൂടെ ഒരു സാരി മടക്കുന്ന സീനാണ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും കൂടെ കഞ്ഞി മുക്കിയ സാരി വലിക്കുന്നതും മടക്കി വെക്കുന്നതുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അത് റിക്രിയേറ്റ് ചെയ്യുകയെന്നതാണ് എന്റെ ലക്ഷ്യം.

ഞാൻ ആദ്യം ദിവസം തന്നെ വന്ന് അവരോട് പറഞ്ഞു, നിങ്ങൾ രണ്ടുപേരുംകൂടെ സാരി മടക്കി വെക്കുന്ന ഒരു സീക്വൻസാണ്, അതിന്റെയിടയിൽസാരി വലിച്ച് ലാലേട്ടൻ എന്തെങ്കിലും കുസൃതി കാണിക്കണം. എനിക്ക് തോന്നുന്നില്ല, കുറച്ചുനാളായിട്ട് ലാലേട്ടൻ വീട്ടിൽ സാരി മടക്കി വെച്ചിട്ടുണ്ടാവുമെന്ന്. അങ്ങനെയൊരു സാഹചര്യം ഉണ്ടാവാൻ സാധ്യതയില്ല. മാമിനും ഉണ്ടാവാൻ ചാൻസില്ല.

പക്ഷെ അദ്ദേഹം മടക്കി വെക്കുമ്പോൾ നമ്മൾ വീട്ടിൽ കണ്ടിട്ടുള്ള അച്ഛനെയാണ് ഓർമ വരുക. ലാലേട്ടൻ അത് ചെയ്യുന്നതിൽ ഒരു താളമുണ്ട്. നമുക്ക് എത്രയോ കാലത്തെ പരിചയമുണ്ടെന്ന് പെട്ടെന്ന് ഓൺ സ്‌ക്രീനിൽ തോന്നിപ്പിക്കുന്ന രീതിയിലാണ് രണ്ടുപേരും അത് ചെയ്യുന്നത്. ചിലപ്പോൾ നമ്മൾ മുമ്പും അവരുടെ കെമിസ്ട്രി സ്‌ക്രീനിൽ കണ്ടത് കൊണ്ടായിരിക്കാം.

ഓൺ സ്പോട്ടിലാണ് അത് കിട്ടുന്നത്. സത്യത്തിൽ അതായിരുന്നു ഈ സിനിമയുടെ ആവശ്യം. പുതിയ രണ്ടുപേരെ കൊണ്ടുവന്ന് ഈ സിനിമ തുടങ്ങാൻ എനിക്ക് സമയമില്ലായിരുന്നു. മോഹൻലാൽ, ശോഭന എന്നുള്ളത് പ്രേക്ഷകരുടെ മനസിൽ കിടക്കുന്ന ഒന്നാണ്. അപ്പോൾ വർക്ക് ചെയ്യുമ്പോൾ അതെനിക്കൊരു ഫ്രീ ലൈസൻസ് പോലെയാണ്,’തരുൺ മൂർത്തി പറയുന്നു.

നേരത്തെ ജനുവരി 30ന് റിലീസ് തീരുമാനിച്ച തുടരും ചില കാരണങ്ങളാൽ മാറ്റി വെച്ചിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മെയ് 15 ന് സിനിമ പ്രേക്ഷർക്ക് മുന്നിലെത്തുമെന്നാണ് വിവരം.

Content Highlight: Thrun Moorthy  About Thudarum Movie First Shot

We use cookies to give you the best possible experience. Learn more