വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍പൂരം; കുടമാറ്റം പതിനഞ്ച് മിനിറ്റ്: ഉന്നതതല യോഗത്തിള്‍ ധാരണ
Kerala
വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍പൂരം; കുടമാറ്റം പതിനഞ്ച് മിനിറ്റ്: ഉന്നതതല യോഗത്തിള്‍ ധാരണ
നിഷാന. വി.വി
Thursday, 23rd April 2026, 1:52 pm

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍പൂരം നടത്താന്‍ തീരുമാനം. കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമായി ചുരുക്കാനും കുടകളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര ഭാരവാഹികളും അടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകള്‍ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്.

തൃശ്ശൂര്‍ പൂരം ആചാരപരമായി നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. ഇലഞ്ഞിത്തറമേള ഗംഭീരമായി നടക്കും. കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പിള്‍ വെടിക്കെട്ടും മെയിന്‍ വെടിക്കെട്ടും ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കാനാണ് യോഗം തീരുമാനിച്ചത്.

വെടിക്കെട്ടിന് പകരം ആചാരത്തിന്റെ ഭാഗമായി കതിന മാത്രമേ പൊട്ടിക്കൂ. എന്നാല്‍ ആനകളുടെ എണ്ണം കുറയ്ക്കില്ല. 15 ആനകളെ തന്നെയാണ് എഴുന്നള്ളിക്കുക. ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതല യോഗം അന്തിമ തീരുമാനമെടുത്തത്.

അതേസമയം, അപകടത്തില്‍ മരണം 14 ആയി. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീഷ് അടക്കം നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നാല് പേരെ കാണാനില്ല. തിരിച്ചറിയാനാവാത്ത വിധത്തില്‍ ലഭിച്ച ശരീര ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന ഇന്ന് നടക്കും.

Content Highlight: Thrissur Pooram without fireworks; Kudamattam for fifteen minutes: Agreement reached at high-level meeting

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.