| Saturday, 28th June 2025, 11:11 pm

റീല്‍സെടുക്കാന്‍ മുനിസിപ്പാലിറ്റിയുടെ കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ചു; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ചേര്‍ത്തലയില്‍ കുടിവെള്ള ടാങ്കിലിറങ്ങി റീല്‍സ് ചിത്രീകരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാട്ടുകാര്‍ ചേര്‍ന്ന് യുവാക്കളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പള്ളിപ്പുറത്താണ് സംഭവം.

സംഭവത്തില്‍ മൂന്ന് പേരാണ് പിടിയിലായത്. മൂവരും കസ്റ്റഡിയില്‍ തുടരുകയാണ്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ റീല്‍സ് ചിത്രീകരിച്ചത്.

മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള ടാങ്കിലാണ് യുവാക്കള്‍ ഇറങ്ങിയത്. ഇതില്‍ നിന്നാണ് ചേര്‍ത്തല മുന്‍സിപ്പാലിറ്റിയുടെ മുഴുവന്‍ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നത്.

ഇന്ന് (ശനി) വൈകുന്നേരം 3.30യോട് കൂടിയാണ് സംഭവം നടന്നത്. വീഡിയോ ചിത്രീകരിച്ചിരുന്ന യുവാവിനെയും ടാങ്കില്‍ ചാടി കുളിച്ച രണ്ട് പേരെയുമാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. കൂകി വിളിയും ശബ്ദവും കേട്ടതോടെയാണ് യുവാക്കള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

സംഭവസ്ഥലത്തെത്തി തടഞ്ഞുവെച്ചതിലും പൊലീസിനെ വിളിച്ചുവരുത്തിയതിലും പ്രകോപിതരായ യുവാക്കള്‍ നാട്ടുകാര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്തു. നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണ്.

എന്നാല്‍ മുന്‍സിപ്പാലിറ്റി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പൊലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളു. കൂടാതെ വാട്ടര്‍ അതോറിറ്റിയും പരാതി നല്‍കണം.

Content Highlight: Three youths in custody in Alappuzha for bathing in municipal drinking water tank to take a reel

We use cookies to give you the best possible experience. Learn more