ശ്രീരാമന്റെയും ശിവന്റെയും ചാന്‍സ് തീര്‍ന്നു, അടുത്തത് മുരുകന്‍... തമിഴിലും തെലുങ്കിലുമായി വരാനുള്ളത് മൂന്ന് മുരുകന്‍
Indian Cinema
ശ്രീരാമന്റെയും ശിവന്റെയും ചാന്‍സ് തീര്‍ന്നു, അടുത്തത് മുരുകന്‍... തമിഴിലും തെലുങ്കിലുമായി വരാനുള്ളത് മൂന്ന് മുരുകന്‍
അമര്‍നാഥ് എം.
Saturday, 11th July 2026, 6:50 pm

സൗത്ത് ഇന്ത്യന്‍ സിനിമ പൂര്‍ണമായും ഭക്തിമാര്‍ഗത്തിലേക്ക് മാറുകയാണോ എന്നാണ് പലരുടെയും സംശയം. ഒന്നിന് പിന്നാലെ ഒന്നായി ബിഗ് ബജറ്റ് ഭക്തി സിനിമകള്‍ ഒരുങ്ങുകയാണ്. രാജമൗലിയാണ് തെലുങ്കില്‍ ഈയൊരു ട്രെന്‍ഡ് ആരംഭിച്ചുവെച്ചത്. ആര്‍.ആര്‍.ആറില്‍ ശ്രീരാമന്റെ റഫറന്ഡസ് ഉപയോഗിച്ചതിന് പിന്നാലെ തെലുങ്കില്‍ പല സിനിമയിലും ശ്രീരാമന് ഗസ്റ്റ് റോള്‍ ചെയ്യേണ്ട അവസ്ഥയായി. തെലുങ്കിനെ അനുകരിച്ച് ബോളിവുഡും രാമായണത്തെ തിരിച്ചും മറിച്ചും ഉപയോഗിച്ചെങ്കിലും ഗതി പിടിച്ചില്ല.

ശ്രീരാമനെ തെലുങ്കന്മാര്‍ ഏറ്റെടുത്തപ്പോള്‍ ശിവനെയാണ് കന്നഡ സിനിമ കൂട്ടുപിടിച്ചത്. കാന്താര ചാപ്റ്റര്‍ വണ്‍ വന്‍ വിജയമായതിന് പിന്നിലും ഭക്തി എന്ന എലമെന്റായിരുന്നു. ശിവനെ കന്നഡിഗരും ശ്രീരാമനെ തെലുങ്കും ഹിന്ദിയും കൂട്ടുപിടിച്ചപ്പോള്‍ പ്രാദേശിക ദൈവങ്ങളുമായിട്ടാണ് തമിഴ് സിനിമ കടന്നുവന്നത്. കറുപ്പ് സാമിയുടെ കഥ പറഞ്ഞ കറുപ്പ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.

കറുപ്പിന് ശേഷം മൂക്കുത്തി അമ്മന്‍ 2 (ദേവി), സെയോണ്‍ (മുരുകന്‍) എന്നീ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഭക്തി സിനിമകളെല്ലാം ഏറ്റെടുത്തിരിക്കുന്നത് മുരുകനെയാണ്. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന സെയോണാണ് ഇതില്‍ ആദ്യത്തേത്. തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രവും മുരുകനെ ആസ്പദമാക്കിയാണ്.

‘ഗോഡ് ഓഫ് വാര്‍’ എന്ന ടാഗ്‌ലൈനിലൊരുങ്ങുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വലിയ വിവാദമായിരുന്നു. വടക്കുദേശത്ത് ജനിച്ച ദൈവമെന്ന് മുരുകനെ വിശേഷിപ്പിച്ചത് തമിഴ്‌നാട്ടുകാരെ ചൊടിപ്പിച്ചു. മുരുകന്‍ തങ്ങളുടെ ദൈവമാണെന്ന് പറഞ്ഞുകൊണ്ട് വലിയ സൈബര്‍ യുദ്ധം തന്നെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറി. എന്‍.ടി.ആറിന്റെ മുരുകന് ചെക്ക് വെച്ചുകൊണ്ട് തമിഴില്‍ പുതിയ മുരുകന്റെ സിനിമ കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്തു.

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമിഴ് മുരുകന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. എന്‍.ടി.ആറിന്റെ ‘തെലുങ്ക്/ ഹിന്ദി മുരുകനുള്ള മറുപടിയാണ് ഈ ‘തമിഴ്’ മുരുകനെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ തമിഴിലെ പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് വെട്രിമാരന്‍ ഈ ചിത്രം ഒരുക്കുന്നതെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അറിവുമതിയുടെ ഇതേ പേരിലുള്ള നോവലിന് വെട്രിമാരന്‍ ഒരുക്കുന്ന ചലച്ചിത്രഭാഷ്യമാകും തമിഴ് മുരുകന്‍.

മൂന്ന് മുരുകന്മാര്‍ ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ ഓരോ സിനിമയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. വെട്രിമാരന്റെ സ്ഥിരം ശൈലിയില്‍ വയലന്‍സും തെറിവിളിയുമായിട്ടാണോ തമിഴ് മുരുകന്‍ ഒരുക്കുന്നതെന്ന് ചിലര്‍ ട്രോളുന്നുണ്ട്. തെലുങ്ക് സിനിമയായതിനാല്‍ ഐറ്റം ഡാന്‍സ് ചെയ്യുന്ന മുരുകനെ ത്രിവിക്രമിന്റെ സിനിമയില്‍ കാണേണ്ടി വരുമെന്നും പരിഹാസങ്ങള്‍ ഉയരുന്നു.

Content Highlight: Three movies are announced based on Murugan in Tamil and Telugu

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം