യു.എസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാരും; നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധം: റഷ്യ
World
യു.എസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാരും; നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധം: റഷ്യ
നിഷാന. വി.വി
Friday, 9th January 2026, 11:28 am

മോസ്‌കോ: യു.എസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണ കപ്പലിലെ ജീവനക്കാരില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.

മൂന്ന് ഇന്ത്യയ്ക്കാരുള്‍പ്പെടെ  പതിനേഴ്‌ ഉക്രേനിയന്‍ പൗരന്മാരും ആറ് ജോര്‍ജിയന്‍ പൗരന്മാരും  രണ്ട്  റഷ്യന്‍ പൗരന്മാരും അടങ്ങുന്ന ക്രൂ അംഗങ്ങളുടെ വിവരങ്ങള്‍ റഷ്യ ടുഡേ പുറത്ത് വിട്ടിട്ടുണ്ട്.

‘യു.എസ് ഉപരോധങ്ങള്‍ ലംഘിച്ചു’ വെന്നാരോപിച്ച് ബുധനാഴ്ചയായിരുന്നു എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.

‘മാരിനേര’എന്ന കപ്പലാണ് യു.എസ് തീരരക്ഷാ സേന പിടിച്ചെടുത്തിരുന്നത്.

എന്നാല്‍ മാരിനേരയ്ക്ക് റഷ്യന്‍ പതാക ഉയര്‍ത്തി സഞ്ചരിക്കാന്‍ നിയമപരമായ അനുമതി ലഭിച്ചതായും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമാണെന്നും റഷ്യ പ്രസ്താവനയില്‍ അറിയിച്ചു.

സമുദ്ര ഗതാഗതം അട്ടിമറിക്കരുതെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും റഷ്യ പ്രതികരിച്ചു.

കൂടാതെ യു.എസ് നടപടി രാഷ്ട്രീയ സൈനിക-സംഘര്‍ഷം സൃഷ്ടിക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

‘ടാങ്കര്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്ന റഷ്യന്‍ പൗരന്മാരോട് മാനുഷികവും മാന്യവുമായ പെരുമാറ്റം യു.എസ് ഉറപ്പാക്കണം അവരുടെ അവകാശങ്ങളും താത്പര്യങ്ങളും കര്‍ശനമായി പാലിക്കണം,’ റഷ്യ പ്രസ്താവനയില്‍ പറഞ്ഞു.

ജീവനക്കാരെ മാതൃരാജ്യത്തേക്ക് മടക്കിയയക്കുന്നതില്‍ ഒരു തടസ്സവും വരുത്തരുതെന്നും കൂട്ടിച്ചേര്‍ത്തു.

വെനസ്വേലെയുടെ പ്രകൃതി വിഭവങ്ങളില്‍ വാഷിങ്ടണിന്റെ പരിധിയില്ലാത്ത നിയന്ത്രണം സ്ഥാപിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും ചില യു.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ അങ്ങേയറ്റം വിരോധാഭാസമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

അത്തരം നവ കൊളോണിയലിസ്റ്റ് പ്രവണതകളെ തങ്ങള്‍ ശക്തമായി നിരാകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.

വെനിസ്വേലയിലെ യു.എസ് അധിനിവേശത്തിന് ശേഷം യു.എസ് പിടിച്ചെടുക്കുന്ന രണ്ടാമത്തെ കപ്പലാണ് മാരിനേര.

Content Highlight: Three Indians on board Russian-flagged oil tanker seized by US; Action violates international law: Russia

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.