കനത്ത ചൂടിനെ സഹിച്ചും ഖാംനഇക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത് പതിനായിരങ്ങള്‍
Trending
കനത്ത ചൂടിനെ സഹിച്ചും ഖാംനഇക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത് പതിനായിരങ്ങള്‍
റെന്വര്‍ പി
Saturday, 4th July 2026, 8:04 pm

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കടുത്ത ചൂടിനെ അവഗണിച്ചും എത്തിച്ചേര്‍ന്നത് പതിനായിരക്കണക്കിനു പേര്‍. ടെഹ്‌റാനിലെ ഇംമാം ഖൊമെയ്‌നി ഗ്രാന്‍ഡ് മൊസല്ല മത സമുച്ഛയത്തിലാണ് ഖാംനഇയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചത്.

ശനിയാഴ്ച പകല്‍ സമയത്ത് കനത്ത വെയിലിലും നിരവധി പേരാണ് ഗ്രാന്‍ഡ് മൊസല്ലയിലെത്തിച്ചേര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വരും ദിവസങ്ങളില്‍ താപനില 40 ഡിഗ്രിയോട് അടുക്കാന്‍ സാധ്യതയുള്ളതിനാല്‍ പകല്‍ സമയത്ത് ഇവിടെ വെള്ളം സ്‌പ്രേ ചെയ്ത് താപനില കുറക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഖാംനഇയുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ടെഹ്‌റാനിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ടെഹ്‌റാനില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദശലക്ഷക്കണക്കിന് പേര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.

‘ഖാംനഇ നമുക്കെല്ലാവര്‍ക്കും ഒരു പിതാവിനെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ, നാമെല്ലാവരും അനാഥരായി… അദ്ദേഹത്തെപ്പോലെ മറ്റാരുമില്ലായിരുന്നു,’ എന്ന് അന്ത്യോപചാരമര്‍പിക്കാനെത്തിയ 38 വയസ്സുകാരനായ പുരോഹിതനായ മുഹമ്മദ് മിര്‍സലേഹി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

‘അദ്ദേഹം യഥാര്‍ത്ഥത്തില്‍ അതുല്യമായ വ്യക്തിത്വത്തിനുടമയായിരുന്നു,’ എന്നും മുഹമ്മദ് മിര്‍സലേഹി പറഞ്ഞു.

ഫെബ്രുവരി 28നാണ് ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ യു.എസ് – ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഖാംനഇ കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷമാണ് ഇപ്പോള്‍ സംസ്‌കാരച്ചടങ്ങുകള്‍. ജൂണ്‍ 13നായിരുന്നു സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചത്.

മാര്‍ച്ചില്‍ തന്നെ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇസ്രഈല്‍-യു.എസ് സഖ്യം ഇറാനെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ നീണ്ടുപോവുകയായിരുന്നു.

ഖാംനഇക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, കൊച്ചുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങുകളും ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കൊപ്പമാണ് നടത്തുന്നത്.

ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ടെഹ്‌റാനിലെ ചടങ്ങുകള്‍. തുടര്‍ന്ന് ഖാംനഇയുടെ ഭൗതിക ശരീരം ഖോം നഗരത്തിലെത്തിക്കും. നജഫ്, കര്‍ബല നഗരങ്ങളിലും ചടങ്ങുകളുണ്ടാവും. മഷാദ് നഗരത്തിലെ റേസ മസ്ജിദിലെ ഖബര്‍സ്ഥാനിലാണ് ഭൗതിക ശരീരം സംസ്‌കരിക്കുക.

Content Highlight: Thousands flock to Tehran to mourn slain Supreme Leader despite sizzling heat

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.