| Wednesday, 12th February 2025, 4:21 pm

അന്ന് ആനന്ദത്തിലെ സീന്‍ ആകെ കുളമായി; നിവിന്‍ ചേട്ടന്‍ കൂളായി നിന്നു, ഷോട്ട് ഓക്കെയായി: തോമസ് മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞങ്ങള്‍ ഒരുമിച്ചുള്ള സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്റെ ഭാഗത്ത് നിന്ന് കൈവിട്ട് പോകുകയും ആകെ കുളമാകുകയും ചെയ്തിരുന്നു. ആ സമയത്തൊക്കെ അദ്ദേഹം വളരെ കൂളായിട്ടാണ് നിന്നത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ആനന്ദം. 2016ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു നേടിയത്. നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ചിത്രം രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ സൗഹൃദമായിരുന്നു പറഞ്ഞത്.

സിദ്ധി, തോമസ് മാത്യു, വിശാഖ് നായര്‍, അനാര്‍ക്കലി മരക്കാര്‍, അരുണ്‍ കുര്യന്‍, റോഷന്‍ മാത്യു, അനു ആന്റണി, റോണി ഡേവിഡ്, വിനീത കോശി തുടങ്ങിയ മികച്ച താരങ്ങളായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു അക്ഷയ് എന്ന കഥാപാത്രം. തോമസ് മാത്യുവായിരുന്നു ആ വേഷം ചെയ്തത്. സിനിമയില്‍ നടന്റെ സഹോദരനായി കാമിയോ വേഷത്തില്‍ എത്തിയത് നിവിന്‍ പോളിയായിരുന്നു.

ഇപ്പോള്‍ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയെ കുറിച്ച് പറയുകയാണ് തോമസ് മാത്യു. നടനെ താന്‍ യഥാര്‍ത്ഥത്തില്‍ സഹോദരനായി തന്നെയായിരുന്നു കണ്ടിരുന്നതെന്നും ആനന്ദം സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ വളരെ സ്‌നേഹത്തോടെയാണ് നിവിന്‍ തന്നോട് പെരുമാറിയതെന്നും തോമസ് പറഞ്ഞു.

‘ആനന്ദം സിനിമയില്‍ ഞാന്‍ ആകെ വര്‍ക്ക് ചെയ്ത സീനിയര്‍ ആക്ടര്‍ നിവിന്‍ ചേട്ടനായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഫാന്‍ ബോയ് ആണ്. നിവിന്‍ ചേട്ടന്റെ വന്‍ ഫാനാണ് ഞാന്‍. നല്ല എക്‌സൈറ്റ്‌മെന്റും പരിഭ്രമവും ഉണ്ടായിരുന്നു. പക്ഷെ അത് വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു പോയിരുന്നു.

നിവിന്‍ ചേട്ടന്‍ ആനന്ദത്തില്‍ എന്റെ സഹോദരനായിട്ടാണ് അഭിനയിച്ചത്. ഞാന്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ കണ്ടിരുന്നതും അങ്ങനെ തന്നെയാണ്. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്.

ഞങ്ങള്‍ ഒരുമിച്ചുള്ള സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്റെ ഭാഗത്ത് നിന്ന് കൈവിട്ട് പോകുകയും ആകെ കുളമാകുകയും ചെയ്തിരുന്നു. ആ സമയത്തൊക്കെ അദ്ദേഹം വളരെ കൂളായിട്ടാണ് നിന്നത്. അങ്ങനെ ഞാന്‍ സീന്‍ പിന്നീട് വളരെ നന്നായിട്ട് തന്നെ ചെയ്തു. സീന്‍ ഓക്കെയായതും എല്ലാവരും കയ്യടിച്ചു. അത് ശരിക്കും വളരെ നല്ല എക്‌സ്പീരിയന്‍സായിരുന്നു. നല്ല രസമായിരുന്നു.

ആനന്ദത്തിന് ശേഷം ഞാന്‍ നിവിന്‍ ചേട്ടനെ പിന്നെ കോണ്‍ടാക്ട് ചെയ്തിട്ടില്ല. മറ്റുള്ളവരുമായി കോണ്‍ടാക്ട് കീപ്പ് ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ കുറച്ച് പിന്നിലാണ്. ആ സിനിമക്ക് ശേഷം ഞാന്‍ പിന്നെ നിവിന്‍ ചേട്ടനെ കണ്ടിട്ടുപോലുമില്ല. വിനീതേട്ടനുമായി കോണ്‍ടാക്ട് ഉണ്ടായിരുന്നു,’ തോമസ് മാത്യു പറഞ്ഞു.

Content Highlight: Thomas Mathew Talks About Nivin Pauly And Aanandam Movie

Latest Stories

We use cookies to give you the best possible experience. Learn more