ഈ യുദ്ധം ഇറാന്റെ സൃഷ്ടിയല്ല: ഒമാന്‍ വിദേശകാര്യ മന്ത്രി
World
ഈ യുദ്ധം ഇറാന്റെ സൃഷ്ടിയല്ല: ഒമാന്‍ വിദേശകാര്യ മന്ത്രി
നിഷാന. വി.വി
Tuesday, 24th March 2026, 7:17 am

മസ്‌ക്കറ്റ്: ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക യുദ്ധത്തില്‍ ഇറാന് പങ്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി.

എന്ത് തന്നെയായാലും ഈ യുദ്ധം ഇറാന്റെ സൃഷ്ടിയല്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി പറഞ്ഞു.

‘ഇറാനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്ത് തന്നെയായലും നിലവിലെ യുദ്ധം അവരുടെ സൃഷ്ടിയല്ല,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

യുദ്ധം ഇതിനോടകം തന്നെ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിതമായ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീവ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം നേരത്തെയും ഇറാന് അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നു..

അമേരിക്കയുടെ നടപടിയില്‍ നിരാശനാണെന്നും കൂടുതല്‍ ആഴത്തില്‍ ഇനിയും യുദ്ധത്തില്‍ ഇടപെടരുതെന്നും ബുസൈദി നേരത്തെ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

യുദ്ധത്തിന് മുമ്പ് ഇറാന്‍-അമേരിക്ക ആണവ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഒമാനായിരുന്നു.

ഫെബ്രുവരി 28 നാണ് ഇറാനെതിരായി അമേരിക്ക- ഇസ്രഈല്‍ യുദ്ധം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ ഉള്‍പ്പടെയുള്ള ഉന്നത നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

നിലവില്‍ ഇറാനെതിരെ അഞ്ച് ദിവസത്തേക്കുളള താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.

ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നുവെന്നും ഇറാനിലെ ഇന്ധന കേന്ദ്രങ്ങളിലേക്ക് അഞ്ച് ദിവസത്തേക്ക് ആക്രണമുണ്ടാകില്ലെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ശാശ്വതമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചു.

എന്നാല്‍ ഇറാനും വാഷിങ്ടണും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല,’ ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ട്രംപിന്റെത് ഇന്ധന വിലകള്‍ കുറയ്ക്കാനുള്ള തന്ത്രമാണെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത് ഭയന്നുള്ള പിന്മാറ്റമാണെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റായ ഐ.ആര്‍.ഐ.ബി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഇറാന്റെ പ്രത്യാക്രമണം ഭയന്ന് ട്രംപ് ആക്രമണത്തില്‍ നിന്നും ഹോര്‍മുസ് തുറക്കാനുള്ള 48 മണിക്കൂര്‍ അന്ത്യശാസനത്തില്‍ നിന്നും പിന്മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു,

Content Highlight: This war is not Iran’s creation: Omani Foreign Minister

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.