നോര്‍വേ: ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രഈലിന്റെ അനധികൃത കുടിയേറ്റ മേഖലകളുമായുള്ള എല്ലാവിധ വ്യപാര ബന്ധങ്ങളും നിരോധിക്കാനൊരുങ്ങി നോര്‍വേ. ഇത് സംബന്ധിച്ച് നിയമം നിര്‍മിക്കുന്നതിനായുള്ള നിര്‍ദേശം നോര്‍വേ വിദേശകാര്യ മന്ത്രാലയം സമര്‍പ്പിച്ചു.
ഇസ്രഈലിന്റെ നിയമവിരുദ്ധ സംരംഭങ്ങളില്‍ നിന്ന് ലാഭം നേടുന്നതില്‍ നിന്നോ പിന്തുണയ്ക്കുന്നതില്‍ നിന്നോ നോര്‍വീജിയന്‍ പൗരന്മാരെയും കമ്പനികളെയും വിലക്കാന്‍ ബില്ല് ശുപാര്‍ശ ചെയ്യുന്നു.
‘ ഫലസ്തീനിലെ ഇസ്രഈലി കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. അത്തരക്കാരുമായുള്ള വ്യാപാരം ഞങ്ങള്‍ നിരോധിക്കും,’ നോര്‍വേ വിദേശകാര്യ മന്ത്രി എസ്‌പെന്‍ ബാര്‍ത്ത് എയ്ഡ് പറഞ്ഞു.
പുതിയ ബില്‍ അനുസരിച്ച് നോര്‍വേയിലെ പൗരന്മാര്‍ക്കോ കമ്പനികള്‍ക്കോ ഇസ്രഈലിന്റെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനോ അങ്ങോട്ട് കയറ്റുമതി ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ക്രിമിനല്‍ ശിക്ഷ ലഭിക്കും.
ഉത്പ്പന്നങ്ങളുടെ വ്യാപാരം മാത്രമല്ല, ഈ പ്രദേശങ്ങളില്‍ വസ്തുവകകള്‍ വാങ്ങുന്നതും, അവിടുത്തെ നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതും, അവിടുത്തെ ബിസിനസുകള്‍ ഏറ്റെടുക്കുന്നതും പുതിയ നിയമപ്രകാരം നിരോധിക്കും.
‘ഇസ്രഈലിന്റെ കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. അവ ഫലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനും കടുത്ത അക്രമങ്ങള്‍ക്കും കാരണമാകുന്നു. നോര്‍വേയിലെ കമ്പനികളോ പൗരന്മാരോ ഇതില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ പാടില്ല,’ നോര്‍വേ വിദേശകാര്യ മന്ത്രി എസ്‌പെന്‍ ബാര്‍ത്ത് ഐഡെ വ്യക്തമാക്കി.
അതേസമയം, ഫലസ്തീനികളുടെ നിയമാനുസൃതമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ക്കുള്ള മാനുഷിക സഹായങ്ങള്‍ക്കും ഈ നിരോധനം ബാധകമായിരിക്കില്ല.
ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര നീതിന്യായ കോടതിയും ഇസ്രഈലിന്റെ ഈ കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2024-ല്‍ നോര്‍വേ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. മൂന്ന് മാസത്തെ പൊതുചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഈ ബില്ലിന്മേല്‍ അന്തിമ വോട്ടെടുപ്പ് നടക്കുക.
Content Highlight: This must end; Norway prepares to ban trade ties with Israeli illegal immigration centers
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.