ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം; മോദിക്ക് ഇസ്രഈലിന്റെ സ്പീക്കര്‍ ഓഫ് ദി നെസെറ്റ് അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദനവുമായി അമിത് ഷാ
India
ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം; മോദിക്ക് ഇസ്രഈലിന്റെ സ്പീക്കര്‍ ഓഫ് ദി നെസെറ്റ് അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദനവുമായി അമിത് ഷാ
നിഷാന. വി.വി
Thursday, 26th February 2026, 8:58 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രഈല്‍ പാര്‍ലമെന്റിന്റെ സ്പീക്കര്‍ ഓഫ് ദി നെസെറ്റ് അവാര്‍ഡ് ലഭിച്ചതില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പ്രധാനമന്ത്രിയുടെ രാഷ്ട്രതന്ത്രജ്ഞതയെ എടുത്ത് കാണിക്കുന്നതാണ്‌ ഈ അവാര്‍ഡെന്നും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും അമിത് ഷാ പറഞ്ഞു.

‘ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണിത്. പരസ്പര ശാക്തീകരണത്തിനും എല്ലാവരുടെയും ക്ഷേമത്തിനുമായി രാജ്യങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാനമന്ത്രിയുടെ രാഷ്ട്രതന്ത്രജ്ഞതയുടെ ഉദാഹരണമാണ് അദ്ദേഹത്തിന് ലഭിച്ച സ്പീക്കര്‍ ഓഫ് ദി നെസെറ്റ് അവാര്‍ഡ്. മോദി ജീക്ക് അഭിനന്ദനങ്ങള്‍,’ അമിത് ഷാ പറഞ്ഞു.

ഇന്ത്യയും ഇസ്രഈലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുളള അസാധാരണ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് മോദിക്ക് സ്പീക്കര്‍ ഓഫ് ദി നെസെറ്റ് മെഡല്‍ നല്‍കിയത്.

ഇസ്രഈല്‍ പാര്‍ലമെന്റിന്റെ പരമോന്നത ബഹുമതിയാണിത്. ഇസ്രഈല്‍ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ ഒഹാനയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.

കഴിഞ്ഞ ദിവസമാണ് മോദി ഇസ്രഇലില്‍ രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി പോയത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇസ്രഈലിനൊപ്പം നില്‍ക്കുമെന്ന് മോദി പറഞ്ഞു.
2023 ഒക്ടോബറിലെ ആക്രമണത്തെ പരാമര്‍ശിച്ച് കൊണ്ട് സംസാരിക്കവെ, ഈ നിമിഷവും അടുത്ത നിമിഷവും ഇന്ത്യ ഇസ്രഈലിനൊപ്പം ഉറച്ചുനില്‍ക്കുന്നെന്ന് പ്രസ്താവിച്ചിരുന്നു.

‘നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളുടെ ദുഖം ഞങ്ങള്‍ പങ്കിടുന്നു. ഈ നിമിഷത്തിലും അതിന് ശേഷവും പൂര്‍ണബോധ്യത്തോടെ ഇന്ത്യ ഇസ്രഈലിനൊപ്പം ഉറച്ചുനില്‍ക്കുന്നു’ മോദി ഇസ്രഈല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

ഇസ്രഈലുമായുള്ള ബന്ധം രക്തം കൊണ്ടും ത്യാഗം കൊണ്ടും രചിക്കപ്പെട്ടതാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് 4000ത്തിലേറ ഇന്ത്യന്‍ സൈനികര്‍ ഈ പ്രദേശത്ത് ജീവന്‍ വെടിഞ്ഞുവെന്നും മോദി പറഞ്ഞു.

മോദിയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യ-ഇസ്രഈല്‍ സഖ്യം വലിയതാണെന്ന് പറഞ്ഞു.

മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് രാജ്യത്തുണ്ടായത്. മോദി ഫലസ്തീന്‍ ജനങ്ങളെ കൈവിട്ടുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇസ്രഈല്‍ പാര്‍ലമെന്റില്‍ ഗസയിലെ വംശഹത്യയെകുറിച്ച് സംസാരിക്കൂ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മോദിയോട് ആവശ്യപ്പെട്ടിരുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Content Highlight: This is a proud moment for India; Amit Shah congratulates Modi on receiving Israel’s Speaker of the Year award

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.