ടെഹ്‌റാന്‍: ഇസ്രഈലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയെ സജീവമായി പങ്കാളിയാക്കുന്നതില്‍ താന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ചാനല്‍ പതിനാലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം. ഇറാനില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് പതിറ്റാണ്ടുകളായി താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും, പ്രോക്‌സി ഗ്രൂപ്പുകള്‍ക്ക് പകരം ഇറാന്‍ ഭരണകൂടത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രഈലിന്റെ സുരക്ഷാ സംവിധാനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ നാല്‍പത് വര്‍ഷമായി താന്‍ ഇതിനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും തന്റെ രാഷ്ട്രീയ അജണ്ടയുടെ കേന്ദ്ര ബിന്ദു ഇറാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇസ്രഈലിന്റെ സുരക്ഷയും സംസ്ഥാന താത്പര്യങ്ങളും സംരക്ഷിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടത്തിന്മേല്‍ സമ്മര്‍ദം ചെലുത്തുന്നതും ഈ രീതിയില്‍ യു.എസ് ഇടപെടല്‍ ഉറപ്പാക്കുന്നതിനും കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ ശ്രമിക്കുകയാണ്. എന്റെ രാഷ്ട്രീയ അജണ്ടയുടെ പ്രധാന മുന്‍ഗണന ഇതായിരുന്നു,’ നെതന്യാഹു പറഞ്ഞു.
ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ സമയമെടുത്തതായും അദ്ദേഹം വ്യക്തമാക്കി. യു.എസ് മാധ്യമങ്ങളിലെ സജീവ സാന്നിധ്യവും അമേരിക്കന്‍ നേതാക്കളുമായുള്ള അടുത്ത ബന്ധവും തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സഹായിച്ചുവെന്നും നെതന്യാഹു പറഞ്ഞു.
Content Highlight: This has been my political agenda for forty years; I exerted pressure on the U.S. to prolong the war against Iran: Netanyahu.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.