മോദിയെ സ്വീകരിച്ചവരില്‍ തിരുവനന്തപുരം മേയറില്ല; ഇതിനുപിന്നില്‍ ബി.ജെ.പിയിലെ ഗ്രൂപ്പിസമാണോയെന്ന് വി. ശിവന്‍കുട്ടി
Kerala
മോദിയെ സ്വീകരിച്ചവരില്‍ തിരുവനന്തപുരം മേയറില്ല; ഇതിനുപിന്നില്‍ ബി.ജെ.പിയിലെ ഗ്രൂപ്പിസമാണോയെന്ന് വി. ശിവന്‍കുട്ടി
രാഗേന്ദു. പി.ആര്‍
Friday, 23rd January 2026, 6:49 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സ്വീകരണ ചടങ്ങില്‍ നിന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി.

സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസാണ് വി.വി. രാജേഷിനെ ഒഴിവാക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിലും വി.വി. രാജേഷിന്റെ സാന്നിധ്യം ഉള്ളതിനാല്‍ സ്വീകരണ ചടങ്ങില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണമെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറല്‍ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വി. ശിവന്‍കുട്ടിയുടെ പ്രതികരണം.

ഇക്കാര്യത്തിലുള്ള ബി.ജെ.പിയുടെ ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ‘തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചാല്‍, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കും’ എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വ്യാപകമായി പ്രചരിപ്പിച്ചത്.

എന്നാല്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ മേയര്‍ക്ക് ആ പട്ടികയില്‍ ഇടമില്ല. ബി.ജെ.പിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നില്‍? അതോ വി.വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം ‘സ്റ്റാറ്റസ്’ ഇല്ലാത്ത ആളാണോ? ഇക്കാര്യത്തില്‍ വരുന്ന വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ‘വികസന ബ്ലൂ പ്രിന്റ്’ എവിടെ? 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബാധ്യത ഇല്ലെന്ന നിലപാട് ബി.ജെ.പി ഇവിടെയും ആവര്‍ത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രം നടത്തുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ പറയട്ടെ, നമ്മുടെ സ്‌കൂളുകള്‍ക്കുള്ള സമഗ്ര ശിക്ഷാ ഫണ്ടില്‍ 1,148.13 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത് കേവലം ഒരു കണക്കല്ല, നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്.

വയനാട് ദുരന്തമുണ്ടായപ്പോള്‍ പോലും അര്‍ഹമായ സഹായം നിഷേധിച്ചവരാണ് ഇവര്‍. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനം നടപ്പിലാക്കുന്നില്ല എന്ന ആരോപണം പച്ചക്കള്ളമാണെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതാക്കള്‍ യു.പിയും ബീഹാറുമൊക്കെ മാതൃകയാക്കിയാണ് കേരളത്തെ വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളുടെ ശൃംഖല കേരളത്തിലാണുള്ളത്.

പി.എം ശ്രീ സ്‌കൂളിനേക്കാള്‍ എത്രയോ മികച്ചതാണ് കേരളത്തിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളും. കേരളത്തിന് അര്‍ഹമായ ഫണ്ടുകള്‍ അനുവദിക്കാതെ, വികസനത്തിന് തുരങ്കം വെക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും മന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

റെയില്‍വേ വികസനത്തിലെ അവഗണന അവസാനിപ്പിക്കാനും തടഞ്ഞുവെച്ചിരിക്കുന്ന വിദ്യാഭ്യാസ ഫണ്ട് അടിയന്തരമായി അനുവദിക്കാനും കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Thiruvananthapuram Mayor not among those who welcomed Modi; V. Sivankutty wonders if groupism in BJP is behind this

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.