സഞ്ജുവിന് സ്വന്തം നാട്ടിൽ കളിക്കാൻ അവസരമൊരുങ്ങുമോ? ഇന്ത്യ വീണ്ടും കാര്യവട്ടത്തെത്തും; ന്യൂസിലാൻഡ് പരമ്പരയ്ക്കുള്ള ഷെഡ്യൂൾ ഇങ്ങനെ
Sports News
സഞ്ജുവിന് സ്വന്തം നാട്ടിൽ കളിക്കാൻ അവസരമൊരുങ്ങുമോ? ഇന്ത്യ വീണ്ടും കാര്യവട്ടത്തെത്തും; ന്യൂസിലാൻഡ് പരമ്പരയ്ക്കുള്ള ഷെഡ്യൂൾ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th June 2025, 8:48 am

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന ടി-20 പരമ്പരയ്ക്കുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ച് ബി.സി.സി.ഐ. അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ഈ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി – 20 മത്സരങ്ങളുമാണുള്ളത്.

ഇതിലെ അവസാന ടി -20 മത്സരത്തിലാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക. ഇതോടെ രോഹിത്തിന്റെ ഈ ഫോർമാറ്റിലെ വിരമിക്കലിനു ശേഷം ഇന്ത്യൻ ടീമിൽ ഓപ്പണറായി ഇറങ്ങുന്ന സഞ്ജു സാംസണിന് സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാനുള്ള അവസരം ലഭിക്കും.

2026 ജനുവരി 11ന് ബറോഡയിൽ നടക്കുന്ന ഒന്നാം ഏകദിനത്തോടെയാണ് കിവീസിനെതിരെയുള്ള പരമ്പരയ്ക്ക് തുടക്കമാവുക. രണ്ടാം ഏകദിനം രാജ്‌കോട്ടും മൂന്നാം ഏകദിനം ഇൻഡോറും നടക്കും. ജൂൺ 21നാണ് പരമ്പരയിലെ ടി – 20 മത്സരങ്ങൾ ആരംഭിക്കുക.

ഒന്നാം ടി – 20 നാഗ്പൂരിൽ നടക്കുമ്പോൾ രണ്ടും മൂന്നും റായ്‌പൂരും ഗുവാഹാട്ടിയിലുമായി അരങ്ങേറും. വിശാഖപട്ടമാണ് നാലാം മത്സരത്തിന് വേദിയാവുക. പരമ്പരയിലെ അവസാന മത്സരമായ അഞ്ചാം ടി – 20യാണ് തിരുവന്തപുരത്ത് നടക്കുക. ജനുവരി 31നാണ് മത്സരം.

2026 ഫെബ്രുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയായിരിക്കുമിത്.

ന്യൂസിലാൻഡ് പരമ്പരയുടെ ഷെഡ്യൂൾ

ഏകദിനം

ഒന്നാം ഏകദിനം: ബറോഡ – ജനുവരി 11

രണ്ടാം ഏകദിനം: രാജ്കോട്ട് – ജനുവരി 14

മൂന്നാം ഏകദിനം: ഇൻഡോർ – ജനുവരി 18

ടി – 20 മത്സരങ്ങൾ

ഒന്നാം ടി – 20: നാഗ്പൂർ – ജനുവരി 21

രണ്ടാം ടി – 20: റായ്‌പൂർ – ജനുവരി 23

munnam ടി – 20: ഗുവാഹാട്ടി – ജനുവരി 25

നാലാം ടി – 20: വിശാഖപട്ടണം – ജനുവരി 28

അഞ്ചാം ടി – 20: തിരുവന്തപുരം – ജനുവരി 31

2023 നവംബറിലാണ് കാര്യവട്ടത്തെ ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തില്‍ അവസാനമായി ഒരു ഇന്റര്‍നാഷണല്‍ മത്സരം നടന്നത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20യിലായിരുന്നു കാര്യവട്ടത്ത് നടന്നത്. മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മാത്രമല്ല ലോകകപ്പ് ക്രിക്കറ്റിന് മുമ്പുള്ള ചില പരിശീലന മത്സരങ്ങളും ഇതേ സ്റ്റേഡിയത്തില്‍ നടന്നിട്ടുണ്ട്.

എന്നാല്‍ 2025 സെപ്റ്റംബറില്‍ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പിലെ മത്സരങ്ങള്‍ വേദിയായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നെങ്കിലും ഐ.സി.സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്റ്റേഡിയത്തിന് കഴിഞ്ഞിരുന്നില്ല. ഇത് കാരണം വനിതാ ലോകകപ്പ് വേദികളില്‍ നിന്ന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തെ മാറ്റിയിരുന്നു.

Content Highlight: Thiruvananthapuram Greenfield Stadium will host 5th T20 match in New Zealand tour of India 2026