ബി.ജെ.പിയും അവരുടെ ബി.ടീമും കിണഞ്ഞ് പരിശ്രമിച്ച തിരുവനന്തപുരത്ത് സംഭവിച്ചത്
Discourse
ബി.ജെ.പിയും അവരുടെ ബി.ടീമും കിണഞ്ഞ് പരിശ്രമിച്ച തിരുവനന്തപുരത്ത് സംഭവിച്ചത്
ടി.സി. രാജേഷ്
Thursday, 17th December 2020, 3:54 pm

6ല്‍ നിന്ന് 35ലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2015ല്‍ ബി.ജെ.പി നടത്തിയ ഞെട്ടിക്കുന്ന മുന്നേറ്റമായിരുന്നു അത്. 41ല്‍ നിന്ന് 21 ലേക്ക് യു.ഡി.എഫ് കൂപ്പുകുത്തിയതും അപ്രതീക്ഷിതമായിരുന്നു. 6ല്‍ നിന്ന് ഒറ്റയടിക്ക് 35ലെത്താമെങ്കില്‍ 15 സീറ്റുകൂടി നേടി ഇത്തവണ ഭരണത്തിലെത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ബി.ജെ.പി കരുതി.

അതു മുന്നില്‍ കണ്ടാണ് മേയര്‍ സ്ഥാനം വനിതാ സംവരണമായിരുന്നിട്ടുകൂടി തങ്ങളുടെ ജില്ലാ പ്രസിഡന്റായ വി.വി. രാജേഷിനെ അവര്‍ മത്സരത്തിനിറക്കിയത്. പക്ഷേ, ഭരണം പിടിക്കാനായില്ലെന്നു മാത്രമല്ല, കഴിഞ്ഞ തവണത്തെ അതേ സീറ്റുനിലയില്‍ തുടരാനും ബി.ജെ.പി നിര്‍ബന്ധിതമായി.

ഒരുപക്ഷേ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ വളര്‍ച്ചയുടെ പരമാവധിതന്നെ ഇതായിക്കൂടെന്നില്ല. നൂറു സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 35 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തുമ്പോഴും ഏതാനും ചില പോക്കറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് മേല്‍ക്കൈ നല്‍കുന്നത്. ബി.ജെ.പി എന്ന പാര്‍ട്ടി ചിത്രത്തില്‍പോലുമില്ലാത്ത വാര്‍ഡുകള്‍ നഗരസഭാ പരിധിക്കുള്ളില്‍ ഒന്നിലേറെയുണ്ട്. അതൊക്കെ തീരദേശമേഖലയാണെന്നതും ശ്രദ്ധേയം. ഇവിടെ ഇടതും വലതും മാറിമാറി ബലപരീക്ഷണത്തിലുണ്ടുതാനും.

ഇത്തവണ നഗരത്തില്‍ ആകെ 27 സീറ്റുകളില്‍ ബി.ജെ.പിയുടെ ആകെ വോട്ടുവിഹിതം 1000ല്‍ താഴെയാണ്. അതായത് ഈ സീറ്റുകളില്‍ വിജയിക്കുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ച് സ്വപ്നം മാത്രമായിരിക്കും. അല്ലെങ്കില്‍ പ്രബലരായ ആരെയെങ്കിലും കൂട്ടുപിടിക്കണം. ആയിരം വോട്ടില്‍ കുറവുള്ള 27 ഇടങ്ങളില്‍ എട്ടിടത്ത് 500ല്‍ താഴെ വോട്ടും രണ്ടിടത്ത് നൂറില്‍ താഴെ വോട്ടും മൂന്നിടത്ത് അന്‍പതില്‍ താഴെ വോട്ടുമാണ് ബി.ജെ.പിക്കു ലഭിച്ചിട്ടുള്ളത്.

ആകെയുള്ള 100 സീറ്റുകളില്‍ ഇത്തവണ 52 എണ്ണം ഇടതുമുന്നണിക്കു ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 35 സീറ്റും യു.ഡി.എഫിന് 10 സീറ്റുകളും ലഭിച്ചു. മൂന്നു സീറ്റുകളാണ് അപ്രതീക്ഷിതമായി സ്വതന്ത്രര്‍ക്ക് ലഭിച്ചത്. കൊട്ടിഘോഷിച്ചു വന്ന തിരുവനന്തപുരം വികസന മുന്നേറ്റത്തിന് ഒരു സീറ്റുപോലും നേടാനായില്ല. കഴിഞ്ഞ ഭരണസമിതിയില്‍ 43 സീറ്റുകളായിരുന്നു ഇടതുമുന്നണിക്ക്. ഒരിടത്ത് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പിന്നീട് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നിരുന്നു. ഇത്തവണ ഇടതുമുന്നണി എട്ടു സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ബി.ജെ.പി തല്‍സ്ഥിതി തുടര്‍ന്നു. യു.ഡി.എഫിന് സീറ്റുകള്‍ വീണ്ടും പകുതിയില്‍ താഴെയായി കുറഞ്ഞു.

വി.വി രാജേഷ്

കഴിഞ്ഞതവണ വിജയിച്ച 43ല്‍ 30 സീറ്റുകള്‍ ഇത്തവണ ഇടതുമുന്നണി നിലനിറുത്തി. പിന്നീട് ഒപ്പമെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ സീറ്റും ഇടതുമുന്നണി നേടി. അതേസമയം തന്നെ ബി.ജെ.പിയില്‍ നിന്ന് 10 സീറ്റുകളും യു.ഡി.എഫില്‍ നിന്ന് 11 സീറ്റുകളും പിടിച്ചെടുത്തുമാണ് 52 എന്ന മാന്ത്രികസംഖ്യയില്‍ എത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചത്.

ബി.ജെ.പി ആകട്ടെ തങ്ങളുടെ 35 സീറ്റുകളില്‍ 24 എണ്ണവും നിലനിറുത്തി. 11 സീറ്റുകളാണ് ബി.ജെ.പി ഇത്തവണ മറ്റു മുന്നണികളില്‍ നിന്ന് പിടിച്ചെടുത്തത്. ഇടതുമുന്നണിയില്‍ നിന്ന് 9 സീറ്റുകളും യു.ഡിഎ.ഫില്‍ നിന്ന് രണ്ടു സീറ്റുകളും അവര്‍ പിടിച്ചെടുത്തു. യു.ഡി.എഫിന് തങ്ങളുടെ 21 സീറ്റുകളില്‍ ആറെണ്ണം മാത്രമാണ് നിലനിര്‍ത്താനായത്.

ഇടതുമുന്നണിയുടെ മൂന്നു സീറ്റുകളും ബി.ജെ.പിയുടെ ഒരു സീറ്റും യു.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. യു.ഡി.എഫിന്റെ നഷ്ടമായ സീറ്റുകളില്‍ നല്ല പങ്കും ഇത്തവണ ഇടതുമുന്നണിയാണ് നേടിയത്. കഴിഞ്ഞതവണ നറുക്കെടുപ്പിലൂടെ നഷ്ടമായ മണ്ണന്തല സീറ്റ് ഇടതുമുന്നണിയില്‍ നിന്നു പിടിച്ചെടുക്കാന്‍ യു.ഡി.എഫിന് സാധിച്ചു. വിജയിച്ച സ്വതന്ത്രരില്‍ രണ്ടുപേര്‍ യു.ഡി.എഫിന്റെയും ഒരാള്‍ എല്‍.ഡി.എഫിന്റെയും സീറ്റാണ് കരസ്ഥമാക്കിയത്.

ബി.ജെ.പി ഇത്തവണ തങ്ങളുടെ പല കൗണ്‍സിലര്‍മാരേയും വാര്‍ഡ് മാറ്റി മല്‍സരിപ്പിച്ചിരുന്നു. നിലവിലുള്ള കൗണ്‍സിലര്‍മാരുടെ ഭാര്യമാരെ ബി.ജെ.പി മൂന്നിടങ്ങളില്‍ മല്‍സരിപ്പിച്ചിരുന്നു. അവരില്‍ ഭൂരിപക്ഷംപേരും വിജയിച്ചപ്പോള്‍ നിലവിലെ കൗണ്‍സിലര്‍മാര്‍ പരസ്പരം മല്‍സരിച്ച മിക്കവാറും വാര്‍ഡുകളിലും ബി.ജെ.പി സ്ഥാനാര്‍ഥികളാണ് വിജയിച്ചതെന്നതും ശ്രദ്ധേയം. ബി.ജെ.പിയില്‍ നിന്ന് വിട്ടുപോയി ഇടതു സ്വതന്ത്രയായി മല്‍സരിച്ച കഴിഞ്ഞ കൗണ്‍സിലിലെ കൗണ്‍സിലര്‍ ബി.ജെ.പിയോട് പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയി ബി.ജെ.പിയില്‍ ചേര്‍ന്ന് വാര്‍ഡുമാറി മല്‍സരിച്ച കൗണ്‍സിലര്‍ വിജയിക്കുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡില്‍ സി.പി.എമ്മിലെ പുഷ്പലത പരാജയപ്പെട്ടത് 184 വോട്ടുകള്‍ക്കാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 74 വോട്ടുകളാണ്. കഴിഞ്ഞതവണ 1169 ആയിരുന്നു യു.ഡി.എഫിന് ലഭിച്ച വോട്ടുകള്‍. ഇത്തവണ ഫോര്‍വേഡ് ബ്ലോക്കിന് ഈ വാര്‍ഡ് നീക്കി വച്ചപ്പോള്‍ തന്നെ ബി.ജെ.പി- കോണ്‍ഗ്രസ് ബാന്ധവം മണക്കേണ്ടതായിരുന്നു. അതിന്റെ ജാഗ്രതക്കുറവാണ് പുഷ്പലതയുടെ തോല്‍വിക്കു കാരണം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എട്ട് ജനറല്‍ സീറ്റുകളിലാണ് ഇടതുമുന്നണി വനിതകളെ സ്ഥാനാര്‍ഥികളായി നിറുത്തിയിരുന്നത്. അവരില്‍ മൂന്നുപേരൊഴികെ എല്ലാവരും തോറ്റു, അതും ബി.ജെ.പി സ്ഥാനാര്‍ഥികളോട്. കഴിഞ്ഞതവണ സംവരണ വാര്‍ഡുകളില്‍ മല്‍സരിച്ചു വിജയിച്ച ഒന്നിലേറെ വനിതകളെ ബി.ജെ.പി ഇത്തവണ വേറേ സംവരണ വാര്‍ഡുകളിലേക്ക് മാറ്റി മല്‍സരിപ്പിക്കുകയായിരുന്നു. അവരിലാകട്ടെ ഒരാളൊഴികെ എല്ലാവരുംതന്നെ വിജയിച്ചു. അതില്‍ ചിലര്‍ മറ്റു മുന്നണികളില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. പരാജയപ്പെട്ടത് ജനറല്‍ പട്ടികജാതി സംവരണ വാര്‍ഡില്‍ മല്‍സരിച്ച വനിതയാണെന്നതും ശ്രദ്ധേയം.

ഇത്തവണ ജനറല്‍ വാര്‍ഡുകളായി മാറിയ വാര്‍ഡുകളിലേക്ക് വനിതാ സംവരണമായി മാറിയ വാര്‍ഡുകളില്‍നിന്ന് മല്‍സരിക്കാനെത്തിയ ബി.ജെ.പിയുടെ പുരുഷ സ്ഥാനാര്‍ഥികളും മിക്കവരുംതന്നെ വിജയിച്ചിട്ടുണ്ട്. അതും ഇടതുമുന്നണിയില്‍ നിന്ന് അവര്‍ പിടിച്ചെടുക്കുകയായിരുന്നു. നിലവിലെ കൗണ്‍സിലര്‍മാര്‍ നേര്‍ക്കുനേര്‍ മല്‍സരിച്ച വാര്‍ഡുകളിലും ഇടതുമുന്നണിയെ പരാജയപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

വാര്‍ഡു മാറി പരീക്ഷണം നടത്തിയ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥികളില്‍ മുന്‍ മേയര്‍ കെ. ശ്രീകുമാര്‍ ഉള്‍പ്പെടെ മിക്കവരും പരാജയപ്പെട്ടു. ജനറല്‍ വാര്‍ഡില്‍ സിറ്റിംഗ് കൗണ്‍സിലര്‍മാരായ വനിതകളെ മല്‍സരിപ്പിക്കാതെ അവരെ പരസ്പരം മാറ്റിപ്പരീക്ഷിച്ച ബി.ജെ.പിയുടെ തന്ത്രം വിജയിച്ചുവെന്നുവേണം കരുതാന്‍.

കെ. ശ്രീകുമാര്‍

തിരുവനന്തപുരം വിമാനത്താവളം അദാനിക്കു വില്‍ക്കരുതെന്ന ഇടതുമുന്നണിയുടെ ആവശ്യത്തെ വികസന വിരോധമായി ചിത്രീകരിച്ച് രംഗത്തെത്തിയ അരാഷ്ട്രീയ കൂട്ടുകെട്ടായിരുന്നു ‘തിരുവനന്തപുരം വികസന മുന്നേറ്റം’. കിഴക്കമ്പലത്തെ ട്വന്റി- ട്വന്റി മോഡലിന്റെ വേറൊരു രൂപം. ടെക്നോപാര്‍ക്ക് മുന്‍ സി.ഇ.ഒ ജി. വിജയരാഘവനും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ സംഘടനയായ ക്രെഡായിയുടെ ഭാരവാഹി രഘുചന്ദ്രന്‍ നായരുമാണ് ഇതിന്റെ മുന്നണിപ്പോരാളികള്‍.

തിരുവനന്തപുരത്ത് വികസനം നടക്കുന്നില്ല, സര്‍വ്വത്ര മാലിന്യമാണ്, കൗണ്‍സിലര്‍മാര്‍ക്ക് വിദ്യാഭ്യാസമില്ല എന്നൊക്കെയായിരുന്നു ഇവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണം. ബി.ജെ.പിയുടെ ബി ടീമാണോ എന്നുപോലും സംശയിക്കത്തക്ക വിധത്തിലായിരുന്നു പ്രചാരണവും പ്രവര്‍ത്തനവും. പ്രകടനപത്രികയൊക്കെ മുന്‍ രാജകുടുംബാംഗങ്ങളെക്കൊണ്ട് ആഘോഷമായാണ് പ്രകാശനം ചെയ്തത്. പ്രത്യേകം പത്രപ്പരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ചാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തിയത്.

14 സീറ്റുകളിലാണ് തിരുവനന്തപുരം വികസന മുന്നേറ്റം മല്‍സരിച്ചത്. കോര്‍പ്പറേഷനില്‍ തങ്ങള്‍ നാലാമത്തെ മുന്നണിയായിരിക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. പക്ഷേ, പതിനാല് സ്ഥാനാര്‍ഥികള്‍ക്കുംകൂടി ആകെ 3023 വോട്ടാണ് ലഭിച്ചത്. ദോഷം പറയരുതല്ലോ, മല്‍സരിച്ച പതിന്നാലില്‍ പതിനൊന്നിടത്തും നാലാമത് എത്തിയിട്ടുണ്ട്. ഒരിടത്ത് മൂന്നാമതാണ്- കിണവൂരില്‍. അവിടെ കോണ്‍ഗ്രസിന്റെ വിമതയായിരുന്നു ഇവരുടെ സ്ഥാനാര്‍ഥി. വാര്‍ഡില്‍ അത്യാവശ്യം സ്വാധീനമുള്ള ശീലാസ് എന്നയാള്‍ ഇവരെയാണ് പിന്തുണച്ചത്.]

സി.പി.എമ്മുകാരനായിരുന്ന ശീലാസ് 2015ലെ തെരഞ്ഞെടുപ്പില്‍ ഇടതുവിമതനായി മല്‍സരിച്ച് 1168 വോട്ടു പിടിച്ച് സി.പി.എമ്മിനെ ഇവിടെ പരാജയപ്പെടുത്തുകയും കൗണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഈ നേട്ടം ടി.വി.എമ്മിന്റേതല്ല, ശീലാസിന്റേതാണ്.

ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാലാം സ്ഥാനത്താണ്. ഇവിടെ ഇത്തവണത്തെ ഇടതുവിജയത്തിന് ട.വി.എം പിടിച്ച വോട്ടുകള്‍ സഹായകമായിട്ടുണ്ടെന്നതില്‍ സംശയമില്ല. ഈ ഒരു വാര്‍ഡിലല്ലാതെ മറ്റൊരിടത്തും ഏതെങ്കിലും തരത്തില്‍ സ്ഥാനാര്‍ഥികളുടെ വിജയത്തെ സ്വാധീനിക്കാന്‍ ടി.വി.എമ്മിന് സാധിച്ചിട്ടില്ല. ഒരിടത്ത് ആറാമതും മറ്റൊരിടത്ത് പത്താമതുമായിരുന്നു വികസന മുന്നേറ്റക്കാരുടെ സ്ഥാനം.


കേരള കോണ്‍ഗ്രസിന്റെ വരവു മൂലം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് നഷ്ടമായി- കാലടി. ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഇവിടെ മല്‍സരിച്ച കേരള കോണ്‍ഗ്രസിന് 186 വോട്ടു മാത്രമാണ് കിട്ടിയത്. കേരള കോണ്‍ഗ്രസിനു സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിക്കാര്‍ നിശ്ശബ്ദ പിന്തുണ നല്‍കിയ സ്വതന്ത്രനായ എം. രാജപ്പന്‍ നായര്‍ക്ക് 1600 വോട്ടുകള്‍ കിട്ടി. വിജയിച്ച ബിജെപിക്ക് ലഭിച്ചത് 1623 വോട്ടു മാത്രമാണ്. വെറും 23 വോട്ടിന്റെ ഭൂരിപക്ഷം. രാജപ്പന്‍നായരുടെ അപരന്മാരും പിടിച്ചു നാല്‍പതിലേറെ വോട്ട്. നെട്ടയം വാര്‍ഡിലും ഇടതുപക്ഷത്തിന്റെ വിമതന്‍ പിടിച്ച വോട്ടുകളാണ് ഇടതുസ്ഥാനാര്‍ഥിയുടെ തോല്‍വിക്കും ബി.ജെ.പിയുടെ വിജയത്തിനും കാരണമായത്.

യു.ഡി.എഫില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്ത രണ്ടു സീറ്റുകളിലും യു.ഡി.എഫിന്റെ വോട്ടു വിഹിതം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഒരിടത്ത് അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടിടത്തും ഇടതുമുന്നണിയാകട്ടെ വിജയിച്ചില്ലെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ വോട്ടു വിഹിതം ഉയര്‍ത്തുകയും ചെയ്തു. എല്‍.ഡി.എഫില്‍ നിന്ന് എന്‍.ഡി.എ പിടിച്ചെടുത്ത 9 സീറ്റുകളില്‍ അഞ്ചിടത്തും യു.ഡി.എഫിന്റെ വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രണ്ടിടത്ത് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തുമായി.

യു.ഡി.എഫിന്റെ പല സീറ്റുകളിലും ഇത്തവണ മേല്‍ക്കൈ നേടാന്‍ സാധിച്ചതുതന്നെയാണ് ഇടതുമുന്നണിക്ക് തിരുവനന്തപുരത്ത് ഗുണകരമായത്. തീരദേശമേഖലയിലെ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗക്കാര്‍ ബി.ജെ.പിയുടെ മുന്നേറ്റം ചെറുക്കാന്‍ ഇടതുപക്ഷത്തിന് അനുകൂലമായി ചിന്തിച്ചുവെന്നു വേണം കരുതാന്‍. അതേസമയം ഇടതുപക്ഷത്തിന്റെ കയ്യിലിരുന്ന പൊന്നുമംഗലം പോലെ ചിലയിടങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനുമായി ചിതറിയപ്പോള്‍ അവിടെ ബി.ജെ.പി വിജയിച്ചുകയറുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Local Election Analysis – Thiruvananthapuram Corporation

ടി.സി. രാജേഷ്
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, മീഡിയാ മാനേജ്‌മെന്റ് വിദഗ്ധന്‍