തിരുപ്രംകുണ്ഡ്രം; തമിഴ്നാട് സർക്കാറിന് തിരിച്ചടി; കൽത്തൂണിൽ ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി
India
തിരുപ്രംകുണ്ഡ്രം; തമിഴ്നാട് സർക്കാറിന് തിരിച്ചടി; കൽത്തൂണിൽ ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി
ശ്രീലക്ഷ്മി എ.വി.
Tuesday, 6th January 2026, 3:18 pm

മധുരൈ: തിരുപ്രംകുണ്ഡ്രം കാർത്തികദീപം വിവാദത്തിൽ തമിഴ്നാട് സർക്കാറിന് തിരിച്ചടി. ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ഭാരവാഹികൾക്ക് ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

സംസ്ഥാന സർക്കാർ സാങ്കല്പിക ഭീതി പരത്തുകയാണെന്ന് കോടതി വിമർശിച്ചു. ദർഗയ്ക്കുസമീപം ദീപം തെളിയിക്കുന്നത് മതസൗഹാർദം തകർക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് ദീപത്തൂണിൽ ദീപം തെളിയിച്ചിരുന്നു എന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഇതിന് തെളിവില്ലെന്ന് പുരാവസ്തു വകുപ്പിന്റെ പഠന റിപ്പോർട്ട് ഉദ്ധരിച്ച് സർക്കാർ വാദിച്ചു.

ആറുദിവസം നീണ്ട തുടർച്ചയായ വാദത്തിന് ശേഷമാണ് ജസ്റ്റിസുമാരായ ജി.ജയചന്ദ്രൻ, കെ.കെ രാമകൃഷ്ണൻ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.

ജസ്റ്റിസ് ജി.ആർ സ്വാമിനാഥന്റെ ഉത്തരവ് നിലനിർത്തിയ ഡിവിഷൻ ബെഞ്ച് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

സർക്കാർ അസ്വസ്ഥത പടർത്താൻ ശ്രമിക്കരുതെന്നും ആ നിലയിലേക്ക് സർക്കാർ താഴില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു.

ദീപം തെളിയിക്കുന്നതിന് ചില നിയന്ത്രണങ്ങളും കോടതിയുടെ ഉത്തരവിലുണ്ട്. ദേവസ്ഥാനത്തിന്റെ നിർദേശ പ്രകാരം ആറുപേർക്കുമാത്രമേ മലമുകളിലേക്ക് പ്രവേശനം നൽകാവൂ. ഇതിനായി പുരാവസ്തുവകുപ്പിന്റെ അനുമതി വാങ്ങണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

‘ദീപത്തൂണിൽ വിളക്ക് കൊളുത്താം. കുന്നിലെ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ എ.എസ്.ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ഏർപ്പെടുത്തും. കാർത്തിക ദീപം ഉത്സവത്തിൽ ദേവസ്ഥാനത്ത് അവർ തെരഞ്ഞെടുക്കുന്നവർ മുഖേന ദീപം കൊളുത്തണം.

ദേവസ്ഥാനത്തേക്ക് പോകുന്നവരോടൊപ്പം പൊതുജനങ്ങളെ അനുവദിക്കില്ല. അംഗങ്ങളുടെ എണ്ണം എ.എസ്.ഐ.യുമായും പൊലീസുമായും കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. ജില്ലാ കളക്ടർ പരിപാടി ഏകോപിപ്പിക്കും,’ കോടതി അറിയിച്ചു

Content Highlight: Thirupramkundram; Setback for Tamil Nadu government; Madras High Court allows lighting of lamp at stone pillar

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.