ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍ നോബോളുകള്‍ വിളിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്കാവില്ല; ക്രിക്കറ്റ് നിയമത്തില്‍ വീണ്ടും പരിഷ്‌കാരവുമായി ഐ.സി.സി
Cricket
ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍ നോബോളുകള്‍ വിളിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്കാവില്ല; ക്രിക്കറ്റ് നിയമത്തില്‍ വീണ്ടും പരിഷ്‌കാരവുമായി ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th December 2019, 6:55 pm

ദുബായ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് പരമ്പര മുതല്‍ കളിനിയമത്തില്‍ പരിഷ്‌കരണം വരുത്തി ഐ.സി.സി. ഫ്രണ്ട് ഫുട്ട് നോബോളുകള്‍ ഇത്രനാള്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരാണു വിളിച്ചിരുന്നതെങ്കില്‍, ഇനിമുതല്‍ അക്കാര്യം ചെയ്യുക, തേഡ് അമ്പയറായിരിക്കും.

മൂന്ന് ട്വന്റി20-കളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍ ഇതു പരീക്ഷണാടിസ്ഥാനത്തിലാണു നടപ്പാക്കുക. വെള്ളിയാഴ്ച ഹൈദരാബാദിലാണ് ആദ്യ ട്വന്റി20.

എല്ലാ ബോളുകളും തേഡ് അമ്പയര്‍മാര്‍ നിരീക്ഷിക്കണമെന്നും അതില്‍ ഫ്രണ്ട് ഫുട്ട് നോബോള്‍ കണ്ടാല്‍ വിളിക്കേണ്ടത് അവരാണെന്നുമായിരുന്നു വ്യാഴാഴ്ച ഐ.സി.സി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയത്.

ഇനി അതിലെന്തെങ്കിലും ആശയക്കുഴപ്പം സംഭവിച്ചാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിച്ചുവേണം തീരുമാനമെടുക്കാനെന്നും കുറിപ്പില്‍ പറയുന്നു. തേഡ് അമ്പയറോട് ആലോചിക്കാതെ സ്വന്തമായി നോബോള്‍ വിളിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് അനുമതിയില്ലെന്നും അതില്‍ പറയുന്നു.

ഇനി സംശയത്തിന്റെ ആനുകൂല്യമുണ്ടെങ്കില്‍ അത് ബൗളര്‍ക്കായിരിക്കും ലഭിക്കുക. നോബോള്‍ തീരുമാനങ്ങളില്‍ കൃത്യതയുണ്ടാകുമോ എന്നു പരിശോധിക്കാന്‍ വേണ്ടിയാണ് ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതെന്നു കുറിപ്പില്‍ പറയുന്നുണ്ട്. കളി തടസ്സപ്പെടുത്തുന്ന തരത്തിലേക്ക് ഇതു മാറുമോ എന്നു പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷം ഓഗസ്റ്റില്‍ ഐ.സി.സി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. അതിനും മുന്‍പ് 2016-ല്‍ ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ പരമ്പരയില്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഐ.സി.സിയുടെ ക്രിക്കറ്റ് സമിതിയുടെ ശുപാര്‍ശ പ്രകാരമാണു വീണ്ടും പരീക്ഷണം നടത്തുന്നത്.