എഫ്.സി ബാഴ്‌സലോണയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം റഫീന്യ ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യതകളേറെയാണെന്ന് മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരവും ആഴ്‌സണല്‍ ലെജന്‍ഡുമായ തിയറി ഹെന്‌റി. ഈ സീസണില്‍ താരം പുറത്തെടുക്കുന്ന മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് ബാഴ്‌സലോണയുടെ ഗോളടിയന്ത്രത്തിന് പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതകളെ കുറിച്ച് ഹെന്‌റി സംസാരിച്ചത്.
ബാഴ്‌സലോണയ്ക്കായി സീസണില്‍ ഇതുവരെ കളിച്ച 41 മത്സരത്തില്‍ നിന്നും 27 തവണ ഗോള്‍വല ചലിപ്പിച്ച റഫീന്യ 11 തവണ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു.
താരത്തിന്റെ പ്രകടനങ്ങളെ കുറിച്ച് സ്‌പോര്‍ട്‌സ് ബൈബിളിനോട് സംസാരിക്കവെയാണ് ഹെന്‌റി റഫീന്യ ബാലണ്‍ ഡി ഓര്‍ നേടാനുള്ള സാധ്യകളും തുറന്നുകാട്ടിയത്.
‘റഫീന്യ ഏറെ മുന്‍പന്തിയിലാണ്, അതെ, ബാലണ്‍ ഡി ഓറിന്റെ കാര്യത്തില്‍ തന്നെ. ചാമ്പ്യന്‍സ് ലീഗില്‍ അവന്‍ നടത്തുന്ന പ്രകടനങ്ങള്‍ തന്നെയാണ് ഇതിന് കാരണവും. ചാമ്പ്യന്‍സ് ലീഗില്‍ ഇതിനോടകം തന്നെ അവന്‍ 11 ഗോളുകള്‍ നേടിക്കഴിഞ്ഞു.
കംപ്ലീറ്റ് ഫുട്‌ബോളറിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ഒരു സ്‌ട്രൈക്കര്‍ എന്ന നിലയില്‍ എങ്ങനെ സമ്മര്‍ദം ചെലുത്തണമെന്നും പ്രതിരോധിക്കണമെന്നും എങ്ങനെ നിങ്ങളുടെ ഫുള്‍ ബാക്കിനെ സഹായിക്കണമെന്നും ഏത് രീതിയില്‍ പ്രസ് ചെയ്യണമെന്നും കൃത്യമായി അറിയേണ്ടതുണ്ട്, നിങ്ങള്‍ പല കാര്യങ്ങളും ചെയ്യേണ്ടതായുണ്ട്. ഇതെല്ലാം റഫീന്യ കൃത്യമായി ചെയ്യുന്നുമുണ്ട്,’ ഹെന്‌റി പറഞ്ഞു.
തിയറി ഹെന്‌റി
മാര്‍ച്ച് 11ന് ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയ്‌ക്കെതിരെ നടന്ന രണ്ടാം പാദ മത്സരത്തില്‍ റഫീന്യയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ ബാഴ്‌സലോണ ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ചിരുന്നു. ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ബ്ലൂഗ്രാന, 4-1 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് മുമ്പോട്ട് കുതിച്ചത്.
ബാഴ്‌സയുടെ തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കൊംപാനിയില്‍ നടന്ന രണ്ടാം പാദ മത്സരത്തിന്റെ 11ാം മിനിട്ടില്‍ ഗോള്‍ നേടിയ റഫീന്യ കറ്റാലന്‍മാരെ മുമ്പിലെത്തിച്ചു. രണ്ട് മിനിട്ടിനിപ്പുറം ബെന്‍ഫിക്കയുടെ അര്‍ജന്റൈന്‍ കരുത്തന്‍ നിക്കോളാസ് ഒട്ടമെന്‍ഡി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി.
27ാം മിനിട്ടില്‍ ലാമിന്‍ യമാലിലൂടെ ബാഴ്‌സ ലീഡ് നേടുകയും 42ാം മിനിട്ടില്‍ റഫീന്യ രണ്ടാം ഗോള്‍ സ്വന്തമാക്കുകയുമായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ പോയതോടെ ബാഴ്‌സ വിജയം പിടിച്ചടക്കി.
ഇതിനിടെ മാര്‍ച്ച് 20ന് കോപ്പ കാറ്റലൂണിയയുടെ സെമി ഫൈനലില്‍ എസ്പാന്യോളിനെയും ഏപ്രില്‍ മൂന്നിന് കോപ്പ ഡെല്‍ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെയും ടീമിന് നേരിടാനുണ്ട്. ലീഗ് മത്സരങ്ങള്‍ക്ക് പുറമെയാണിത്.
Content Highlight: Thierry Henry picks Raphinha as favorite to win 2025 Ballon d’Or