വടക്കന്‍ മലബാറിന്റെ തെയ്യപ്രപഞ്ചം
Kerala Tourism
വടക്കന്‍ മലബാറിന്റെ തെയ്യപ്രപഞ്ചം
ജിൻസി വി ഡേവിഡ്
Friday, 10th October 2025, 3:05 pm
കേരളത്തിലെ പ്രാദേശിക നായകരുടെയും വീരന്മാരുടെയും ദൈവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളികളുടെയും കഥകള്‍ തെയ്യത്തില്‍ അടങ്ങിയിരിക്കുന്നു. ദളിതര്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തപ്പെട്ട; കീഴാളരെന്നു സാമൂഹിക വ്യവസ്ഥിതി അടയാളപ്പെടുത്തിയ വിഭാഗങ്ങള്‍ക്കും ദൈവത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ അവസരമൊരുക്കുന്ന ഒരു സാമൂഹിക വിപ്ലവശേഷി കൂടി തെയ്യത്തിനുണ്ട്.

കേരളത്തിലെ വടക്കന്‍ ജില്ലകളായ കണ്ണൂരും കാസര്‍ഗോഡും ഇന്ന് വിനോദസഞ്ചാര മേഖലയിലെ പ്രധാന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ മാധുര്യവും വശ്യതയും പുഴകളുടെയും കടല്‍ത്തീരങ്ങളുടെയും കോട്ടകളുടെയും ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെ സൗന്ദര്യവും പച്ചപ്പും മാത്രമല്ല, ഇവിടങ്ങളിലെ ഗ്രാമീണ സമൂഹങ്ങളുടെ പ്രധാന ആചാര അനുഷ്ഠാനങ്ങളിലൊന്നായ തെയ്യം എന്ന ജനകീയകലയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ വര്‍ഷംതോറും (ചിലയിടത്ത് 2,3 വര്‍ഷങ്ങളിലും) നൂറുകണക്കിന് കാവുകളിലും അറകളിലും കോട്ടകളിലും തറവാടുകളിലുമായി അരങ്ങേറുന്ന തെയ്യം നാട്ടുകാരുടെ ആധ്യാത്മികവും വിശ്വാസപരവുമായ ജീവിതത്തിന്റെ അടിത്തറയാണ്.

രാത്രിയുടെ ഇരുണ്ട പുതപ്പിനിടയില്‍, ഓലച്ചൂട്ടുകളുടെയും തീപ്പന്തങ്ങളുടെയും വെളിച്ചത്തില്‍, മുഴങ്ങുന്ന ചെണ്ടമേളത്തിന്റെയും മറ്റും അകമ്പടിയോടെ, കുരുത്തോലകളുടെയും ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളിലുള്ള അലങ്കാരങ്ങളോടെ മനുഷ്യന്‍ ദൈവമായി വിശ്വാസികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.

മുച്ചിലോട്ട് ഭഗവതി തെയ്യം

‘പഞ്ച നക്ഷത്ര ഹോട്ടലുകളിലോ അടച്ചിട്ട ഏതെങ്കിലും ഓഡിറ്റോറിയത്തില്‍ നിന്നോ കാണാനാകുന്ന ഒരു കലാരൂപമല്ല തെയ്യം. വടക്കന്‍ കേരളത്തിലെ കൊച്ചു കൊച്ചു കാവുകളിലും ക്ഷേത്രങ്ങള്‍ക്കുള്ളിലും എത്തണമതിന്. തെയ്യം എന്നത് ഒരു കലാരൂപത്തിലുപരി ഞങ്ങളുടെ വിശ്വാസമാണ്, ആചാര അനുഷ്ഠനമാണ്,’ തെയ്യം കലാകാരനായ പ്രജീഷ് പറഞ്ഞു.

തെയ്യങ്ങള്‍ക്ക് പേരുകേട്ട കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരുകാരനാണ് പ്രജീഷ്. വളരെ ചെറുപ്പം മുതല്‍ തന്നെ തെയ്യം കെട്ടുന്ന ഈ കലാകാരന്റെ ജീവനാഡിയാണ് ഈ കലാരൂപം. ഇത് പ്രജീഷിന്റെ മാത്രം കാര്യമല്ല, തെയ്യങ്ങളും കാവുകളും ആചാരാനുഷ്ഠാനങ്ങളും പിന്തുടര്‍ന്ന് പോരുന്ന വടക്കന്‍ കേരളത്തിലെ ഗ്രാമീണ സമൂഹങ്ങളുടെയൊക്കെയും ജീവനാഡി തന്നെയാണ് തെയ്യം.

വടക്കന്‍ കേരളത്തിലെ ജില്ലകളായ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളിലും തെക്കന്‍ കര്‍ണാടകയിലുമായി 400ലധികം വ്യത്യസ്ത തരം തെയ്യങ്ങള്‍ ഉണ്ട്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ സന്ധ്യയ്ക്കും പ്രഭാതത്തിനും ഇടയിലുള്ള സമയങ്ങളിലായാണ് പൊതുവെ ഈ അനുഷ്ഠാനം നടക്കുക.

ഓരോ തെയ്യവും പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെങ്കിലും മറ്റേതൊരു കലാരൂപവും പോലെ എപ്പോഴും അവതരിപ്പിക്കുന്ന ഒന്നല്ല അത്. തെയ്യങ്ങള്‍ വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച മാത്രമോ അല്ലെങ്കില്‍ സ്റ്റേജുകളില്‍ അവതരിപ്പിക്കുന്ന ഒരു കലയോ അല്ല. അതിലുപരി, ദ്രാവിഡ ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും ആഴത്തിലുള്ള അനുഷ്ഠാന കലായാണ്.

കണ്ടനാർ കേളന്‍റെ അഗ്നിപ്രവേശം

കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ ലോകത്തിന് നെറുകയിലെത്തിക്കുന്നതില്‍ തെയ്യത്തിനും പങ്കുണ്ട്. ‘തെയ്യം’ എന്ന പദം സംസ്‌കൃതത്തില്‍ നിന്നും പിറവിയെടുത്തതാണ്. സംസ്‌കൃതത്തിലെ ദൈവത്തില്‍ നിന്നാണ് തെയ്യം എന്ന പദം ഉരുത്തിരിഞ്ഞത്. പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വീരനെയോ ഒരു പ്രാദേശിക ദേവതയെയോ പ്രകൃതിശക്തിയെയോ ആണ് തെയ്യങ്ങളായി കെട്ടിയാടുന്നത്.

കേരളത്തിലെ പ്രാദേശിക നായകരുടെയും വീരന്മാരുടെയും ദൈവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളികളുടെയും കഥകള്‍ തെയ്യത്തില്‍ അടങ്ങിയിരിക്കുന്നു. ദളിതര്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തപ്പെട്ട; കീഴാളരെന്നു സാമൂഹിക വ്യവസ്ഥിതി അടയാളപ്പെടുത്തിയ വിഭാഗങ്ങള്‍ക്കും ദൈവത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ അവസരമൊരുക്കുന്ന ഒരു സാമൂഹിക വിപ്ലവശേഷി കൂടി തെയ്യത്തിനുണ്ട്.

വണ്ണാന്‍, മലയന്‍, വേലന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, കോപ്പാളന്‍, പുലയന്‍, മാവിലന്‍, വെട്ടുവന്‍, കോലത്താരി എന്നീ സമുദായങ്ങളാണ് പ്രധാനമായും തെയ്യം അവതരിപ്പിക്കുന്നത്. എങ്കിലും വിവിധ സമുദായങ്ങളും (അതിന്റെ ജാതിശ്രേണികളും ആദ്യവസാനം) തെയ്യാചാരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

‘തെയ്യത്തിലെ പ്രധാന ചടങ്ങ് കളിയാട്ടം എന്നാണ് അറിയപ്പെടുന്നത്. ഒരു കൂട്ടുകുടുംബമോ ജാതി സമൂഹമോ ഒരു ആരാധനാലയത്തില്‍ സംഘടിപ്പിക്കുന്ന ആചാരപരമായ ഉത്സവമാണിത്.

വിവിധ തരത്തിലുള്ള തെയ്യങ്ങള്‍ ഉണ്ട്. അഞ്ച്, പതിനഞ്ച്, ഇരുപത്തിയഞ്ച്, മുപ്പത്തിയഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായും, അസാധാരണ സംഭവങ്ങള്‍ ആഘോഷിക്കുന്നതിനായി നടത്തുന്ന നേര്‍ച്ചക്കളിയാട്ടത്തിന്റെയും ഭാഗമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ ഉണ്ട്.

തെയ്യം പ്രധാനമായും പുരുഷന്മാരാണ് അവതരിപ്പിക്കുന്നത്. തെയ്യം കെട്ടുന്ന ആളെ കോലധാരി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. പ്രധാനപ്പെട്ട തെയ്യങ്ങള്‍ കെട്ടിയാടുന്നതിന് ഏകദേശം രണ്ടാഴ്ച തൊട്ട് നാല്പത്തിയൊന്ന് ദിവസം മുമ്പ് തന്നെ കോലധാരി വ്രതമെടുക്കുകയും അതിനായി ഒരുങ്ങുകയും ചെയ്യും.

ചില ക്ഷേത്രങ്ങളില്‍ നിന്ന് തൊഴുതു വരവോടെ പ്രത്യേകം തയ്യാറാക്കിയ ‘കുച്ചിലില്‍’ ആയിരിക്കും മറ്റുള്ളവരില്‍ നിന്നെല്ലാം മാറി വ്രതമിരിക്കുക. നോറ്റിരിക്കുക എന്നാണ് പ്രാദേശികമായി ഇതിനെ പറയുക.

തെയ്യം സാധാരണയായി രണ്ട് തരത്തിലായിട്ടാണ് അവതരിപ്പിക്കുക. വാമൊഴിയായി തോറ്റം പാട്ടിന്റെ രൂപത്തിലും തുടര്‍ന്ന് കോലം കെട്ടി തെയ്യമായുമാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ചില തെയ്യങ്ങള്‍ വാമൊഴിയായി തന്നെ മൂന്ന് മുതല്‍ ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന ആചാരാനുഷ്ഠാനമാണ്.

കതിവന്നൂര്‍ വീരന്‍ പോലുള്ള തെയ്യമാണ് നീണ്ടുനില്‍ക്കുന്ന തോറ്റം പാട്ടിലൂടെ അവതരിപ്പിക്കുന്ന തെയ്യം. അത്രയും ദിവസം ഒരേ ആള്‍ തന്നെയായിരിക്കും തെയ്യം കെട്ടി ആടുക. ചമയങ്ങള്‍ മാറും തോറ്റംപാട്ടിന്റെ നീളം കൂടും. പക്ഷേ തെയ്യക്കാരന്‍ ആടിക്കൊണ്ടേയിരിക്കും, ‘പ്രജീഷ് പറഞ്ഞു.

കതിവന്നൂര്‍ വീരന്‍

കേരളത്തിന്റെ സാംസ്‌കാരിക തനിമ അനുഭവിച്ചറിയാനെത്തുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പുത്തനുണര്‍വ് നല്‍കുന്ന ഒരു അനുഭവം തന്നെയായിരിക്കും തെയ്യം. വലിയ നഗരങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ ഗ്രാമങ്ങളിലേക്ക് എത്തുന്നതോടേ ഗ്രാമീണ ഭംഗിയും കേരളത്തിന്റെ തനതായ സംസ്‌കാരവും അറിയാനും അനുഭവിക്കാനുമുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നു.

‘തെയ്യങ്ങള്‍ പലവിധമുണ്ട്. വീരന്‍ തെയ്യങ്ങള്‍, ചാമുണ്ഡി തെയ്യങ്ങള്‍, ഭഗവതി തെയ്യങ്ങള്‍, ഗുളികന്‍ തെയ്യങ്ങള്‍ എന്നിങ്ങനെ പലതും. അവതരിപ്പിക്കുന്ന തെയ്യങ്ങള്‍ അനുസരിച്ച് ചമയങ്ങളും വാദ്യങ്ങളുടെ താളവും മാറും. ആദ്യകാലത്തൊക്കെ പ്രകൃതിയില്‍ നിന്ന് തന്നെ ശേഖരിക്കുന്ന നിറങ്ങളായിരുന്നു ചമയത്തിനായി ഉപയോഗിച്ചിരുന്നത്. വെള്ള നിറത്തിന് അരിപ്പൊടി കുഴമ്പായി ഉപയോഗിക്കുന്നു, മഞ്ഞയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്നു. തെയ്യങ്ങളുടെ പ്രധാന നിറം ചുവപ്പാണ് മഞ്ഞളും ചുണ്ണാമ്പുകല്ലും ചേര്‍ത്ത് ചുവപ്പ് നിറം ഉണ്ടാക്കും. അരി നെല്ലിന്റെ ഉമി കത്തിച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തിയാണ് കറുപ്പ് നിറം ഉണ്ടാക്കുക. എന്നാല്‍ ഇപ്പോള്‍ കറുപ്പ് നിറം ഒഴികെ മറ്റുള്ളതെല്ലാം പുറത്ത് നിന്ന് വാങ്ങുന്നതാണ്,’ പ്രജീഷ് പറഞ്ഞു.

തെയ്യം വടക്കന്‍ കേരളത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഒന്നാണ്. ഇത് കലാരൂപമായി മാത്രം കാണാനാവില്ല, മറിച്ച് ജനങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നൊരു പൈതൃകമാണ്. ലോകസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന ഒന്നായി തെയ്യം മാറിക്കഴിഞ്ഞു. അതിനാല്‍ തെയ്യത്തിന്റെ മഹിമയും പാരമ്പര്യവും വരും തലമുറകള്‍ക്ക് കൈമാറി വരേണ്ടതുണ്ട്.

 

വിഷ്ണുമൂര്‍ത്തി തെയ്യം

വിഷ്ണുമൂര്‍ത്തിയുടെ ചരിത്രം നീലേശ്വരം ഗ്രാമത്തില്‍ കാലികളെ മേച്ചു ജീവിച്ചിരുന്ന പലന്തായി കണ്ണന്‍ എന്ന തീയ്യര്‍ സമുദായത്തില്‍ പെട്ട അനാഥനായ ഒരു ഇടയ ബാലനുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗ്രാമസംരക്ഷകനും നാടുവാഴിയുമായ കുറുവാടന്‍ കുറുപ്പിന്റെ ദേശമാണവിടം. കരുത്തനും പ്രതാപിയും സമ്പന്നനുമാണ് കുറുവാടന്‍ കുറുപ്പ്. നാട്ടുകാര്‍ക്ക് അയാളെ ഭയമായിരുന്നു. ഒരു മേടമാസക്കാലത്ത് കുറുപ്പിന്റെ വീടിന് സമീപത്ത് കൂടി കന്നാലിക്കൂട്ടത്തെ മേയ്ച്ചുവന്ന കണ്ണന്‍ കുറുപ്പിന്റെ വീട്ടുമുറ്റത്തു നിറയെ മാമ്പഴങ്ങള്‍ ഉള്ള ഒരു മാവ് കണ്ടു. കുറുപ്പ് അവിടെ ഇല്ലെന്നു മനസിലാക്കിയ കണ്ണന്‍ മാവില് കയറി മാങ്ങകള് പറിച്ചു തിന്നാന്‍ തുടങ്ങി.

അതിനിടയില് ഒരു മാമ്പഴം കണ്ണന്റെ കൈയില്‍ അബദ്ധത്തില്‍ താഴെ കുളി കഴിഞ്ഞ് പോകുകയായിരുന്ന കുറുപ്പിന്റെ അനന്തരവളുടെ ദേഹത്തേക്ക് വീണു. കണ്ണന്‍ തന്നോട് അപമര്യാദ ആയി പെരുമാറിയെന്ന് അവള്‍ പരാതി പറഞ്ഞു. സംഭവമറിഞ്ഞ കുറുവാടന്‍ കുറുപ്പ് കലികൊണ്ട് തുള്ളി, കണ്ണനെ കൊല്ലുമെന്ന് കുറുപ്പ് പറഞ്ഞു. പിന്നാലെ പാലന്തായി കണ്ണന്‍, നീലേശ്വരം നാട്ടില് നിന്നും പലായനം ചെയ്തു.

വിഷ്ണുമൂര്‍ത്തി തെയ്യം

നിരവധി ദിവസത്തെ അലച്ചലിനൊടുവില്‍ മംഗലാപുരത്തെത്തിയ കണ്ണന്‍ അവിടെയുള്ള ഒരു തീയ്യര്‍ തറവാട്ടിലെത്തി. അവിടത്തെ വൃദ്ധയായ അമ്മ അവന് അഭയം നല്‍കി. കറകളഞ്ഞ വിഷ്ണുഭക്തയായിരുന്ന ആ സ്ത്രീ നിത്യവും തറവാട്ടിലെ പള്ളിയറയില്‍ മഹാവിഷ്ണുവിന് വിളക്ക് വെക്കാറുണ്ടായിരുന്നു. വിളക്ക് വെക്കുന്ന ജോലി പിന്നെ കണ്ണന്‍ ഏറ്റെടുത്തു. ചുരുങ്ങിയ കാലം കൊണ്ട് അവനും വിഷ്ണു ഭക്തനായി മാറി.

കണ്ണന് ഒരുനാള്‍ ഒരുള്‍വിളിയുണ്ടായി നീലേശ്വരത്തേക്ക് പോകണം. നീലേശ്വരത്തേക്ക് പോകാനുള്ള ആഗ്രഹം തറവാട്ടമ്മയായ ആ വൃദ്ധസ്ത്രീയെ അറിയിച്ചപ്പോള്‍, പള്ളിയറയില്‍ വച്ച ഒരു പള്ളിവാളും പരിചയും കൊടുത്ത് കണ്ണനെ അവര്‍ സന്തോഷത്തോടെ യാത്രയാക്കി.

കണ്ണന്‍ നാട്ടിലെത്തി. ഇതറിഞ്ഞ കുറുപ്പ് അവനെ ആക്രമിക്കാനെത്തി. കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന കണ്ണന്റെ തല അയാള്‍ അറുത്തുകളഞ്ഞു. പിന്നാലെ കുറിപ്പിന്റെ തറവാട്ടില്‍ വലിയ അനര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പ്രശ്‌നം വെച്ച് നോക്കിയതില്‍ വിഷുഭക്തനായ കണ്ണനെ കൊലപ്പെടുത്തിയതില്‍ ഭഗവാന്‍ ക്ഷോഭിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കണ്ണന് വേണ്ടി തെയ്യം കെട്ടി ആടാന്‍ ആരംഭിച്ചു.

കതിവനൂര്‍ വീരന്‍ തെയ്യം

കണ്ണൂര്‍ ജില്ലയില്‍ ഏറെ പ്രശസ്തമായ തെയ്യങ്ങളിലൊന്നാണ് കതിവന്നൂര്‍ വീരന്‍ തെയ്യം. അനവധി വീരകഥകളുടെയും ജനകീയവിശ്വാസങ്ങളുടെയും പ്രതീകമായാണ് ഈ തെയ്യം ഇന്നും കാവുകളില്‍ അരങ്ങേറുന്നത്. മാങ്ങാട്ടുള്ള കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം മന്ദപ്പന്‍ എന്ന ആണ്‍കുഞ്ഞ് ജനിച്ചു. ചെറുപ്പം മുതല്‍ മടിയും നായാട്ട് ശീലവും മാത്രം പുലര്‍ത്തിയ മന്ദപ്പനെ അച്ഛന്‍ ശാസിച്ചെങ്കിലും മാറ്റമുണ്ടായില്ല.

കതിവനൂര്‍ വീരന്‍ തെയ്യം

കൂട്ടുകാര്‍ കുടകിലേക്കു പോകുമ്പോള്‍ അവനും ചേര്‍ന്നു. എന്നാല്‍ പോകും വഴി ഒരു വലിയ ഒറ്റ കാഞ്ഞിരമരത്തിന്നടുത്ത് ഇരുന്ന് സുഹൃത്തുക്കള്‍ മന്ദപ്പന് മദ്യം കൊടുത്ത് മയക്കി കിടത്തി. മന്ദപ്പനെ അവിടെ ഉപേക്ഷിച്ച് അവര്‍ പോയി. ബോധം വന്നപ്പോള്‍ മന്ദപ്പന് കൂട്ടുകാരുടെ ചതി മനസ്സിലായി. ആരും തനിക്ക് തുണയില്ലെന്ന് തോന്നിയ അവന്‍ അവിടെ വച്ച് ഇനി മറഞ്ഞു മാങ്ങാട്ടെക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് കുടകിലേക്ക് പുറപ്പെട്ടു.

വഴിയില്‍ വച്ചു കൂട്ടുകാരും മന്ദപ്പനും തമ്മില്‍ കണ്ടെങ്കിലും ഒന്നുമുരിയാടാതെ യാത്ര തുടര്‍ന്നു. കുടകിലെത്തി മന്ദപ്പന്‍ നേരെ പോയത് കതിവനൂരുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്കായിരുന്നു. അവിടെ മന്ദപ്പനെ അമ്മായി തന്റെ മകനെപോലെ വളര്‍ത്തി. അമ്മാവന്‍ അവനെ ആയോധനമുറകള്‍ പഠിക്കാന്‍ അയച്ചു. കളരിയില്‍ ഗുരുക്കളുടെ അടുത്തു നിന്നും വളരെ വേഗം അവന്‍ വിദ്യകള്‍ ഓരോന്നായി പഠിച്ചെടുത്തു.

കുടകില്‍ വെച്ച് മന്ദപ്പന്‍ ചെമ്മരത്തിയെ കാണുകയും പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. സന്തോഷജീവിതത്തിനിടെ ചെമ്മരത്തി ഭര്‍ത്താവിന്റെ മടിയെ കുറ്റപ്പെടുത്തി. ഒരു ദിവസം ഭക്ഷണം കഴിക്കാനിരിക്കവേ കുടകര്‍ മലയാളത്താന്മാരെ ആക്രമിക്കാനെത്തുന്നതായുള്ള യുദ്ധ കാഹളം മന്ദപ്പന്‍ കേട്ടു. മന്ദപ്പന്‍ തികഞ്ഞ വീര്യത്തോടെ പടയില്‍ പങ്കെടുത്തു ശത്രുക്കളെ തോല്‍പ്പിച്ചു. എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടകര്‍ ഒളിയമ്പെയ്ത് അവനെ കൊന്നുകളഞ്ഞു.

വീരന്റെ മരണം സഹിക്കാനാകാതെ ചെമ്മരത്തി ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. പിന്നീട് മന്ദപ്പന്‍ ദൈവമായി ആരാധിക്കപ്പെട്ടു, ഇന്ന് കതിവന്നൂര്‍ വീരന്‍ തെയ്യമായി അദ്ദേഹം ഓര്‍ക്കപ്പെടുന്നു.

 

കരിഞ്ചാമുണ്ഡി തെയ്യം

വടക്കന്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്ന കരിഞ്ചാമുണ്ഡി തെയ്യം പരാശക്തിയുടെ അവതാരമാണ്. കരിഞ്ചാമുണ്ഡി, മാപ്പിളത്തെയ്യങ്ങള്‍ തെയ്യക്കാലത്തെ വേറിട്ട കാഴ്ചകളിലൊന്ന്. ഭയം ജനിപ്പിക്കുന്ന ചില കഥകളാണ് ഈ തെയ്യങ്ങളുടെ ഐതിഹ്യങ്ങള്‍ക്ക് പിന്നിലുള്ളത്. ഗര്‍ഭിണിയായ തന്റെ ഭാര്യയുടെ നിറവയര്‍ പിളര്‍ന്ന് ഭ്രൂണം കടിച്ചുകീറി ചോരകുടിച്ച കാട്ടുമൂര്‍ത്തിയെ ഒരു മാപ്പിള യുവാവ് ആക്രമിക്കുന്നതും ആക്രമിക്കപ്പെട്ട കരിഞ്ചാമുണ്ഡി, അയാളെ കൊല്ലുന്നതും അയാളും ദൈവമായി മാറുന്നതുമൊക്കെയാണ് ഐതീഹ്യം.

പായത്തുമലയിലെ ഒരു മുസ്‌ലിം സ്ത്രീക്ക് ഒരു പാതിരാത്രിയില്‍ പ്രസവവേദന വന്നു. അവരുടെ ഭര്‍ത്താവായ കലന്തന്‍ പാതിരാത്രി ചൂട്ടുകറ്റയുമായി വയറ്റാട്ടിയുടെ വീടുതേടി നടന്നു. വയറ്റാട്ടിയുടെ വീടറിയാതെ അയാള്‍ പല വീടുകളിലും മുട്ടിവിളിച്ചു. ആരെയും കിട്ടിയില്ല. ഒടുവില്‍ വയറ്റാട്ടിയെ തേടി കൊടുങ്കാട്ടിലൂടെ നടക്കുമ്പോള്‍ അവിടെ ഒരു വള്ളിയൂഞ്ഞാല്‍ ആടുന്ന പെണ്‍കുട്ടിയെ കണ്ടു. അവളോടും അയാള്‍ വയറ്റാട്ടിയെ അന്വേഷിച്ചു.

ഇവിടെ അടുത്തൊന്നും വയറ്റാട്ടിമാരില്ലെന്നും തനിക്ക് പ്രസവമെടുക്കാന്‍ അറിയാമെന്നും വേണമെങ്കില്‍ താന്‍ സഹായിക്കാമെന്നും അവള്‍ പറഞ്ഞു. പിന്നീടൊന്നും ചിന്തിക്കാതെ അവളെയും കൂട്ടി വീട്ടിലെത്തിയ കലന്തന്‍ യുവതിയെ ഭാര്യ കിടന്ന മുറിയിലേക്ക് അയച്ചു. അകത്ത് കയറിയ ഉടന്‍ അവള്‍ വാതിലടച്ച് തഴുതുമിട്ടു. ഭാര്യയുടെ നിലവിളി നിമിഷനേരത്തിനകം നിന്നു.

കരിഞ്ചാമുണ്ഡി തെയ്യം

പെണ്‍കുട്ടി അകത്ത് കയറി നിരക്ക് കുറെ കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കാതായതോടെ കലന്തന്‍ പരിഭ്രാന്തനായി. അയാള്‍ അകത്തുകയറി വാതിലില്‍ മുട്ടിനോക്കി. അനക്കമൊന്നുമില്ല. എന്തുവേണമെന്നറിയാതെ നില്‍ക്കുന്നതിനിടെ കാലില്‍ ചൂടുള്ളൊരു നനവ് പടരുന്നത് അയാള്‍ അറിഞ്ഞു. താഴേക്ക് നോക്കിയപ്പോള്‍ ചുടു ചോര ഒഴുകി പടര്‍ന്നിരിക്കുന്നു.

വാതില്‍ ചവിട്ടിത്തുറന്ന കലന്തന്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കീറി കൊലപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ ചോര കുടിക്കുകയാണ് ഒരു കറുത്ത രൂപം.

ഒട്ടുമാലോചിക്കാതെ പാഞ്ഞു ചെന്ന കലന്തന്‍ ആ രൂപത്തെ ആഞ്ഞുതൊഴിച്ചു. നടുവിനായിരുന്നു ചവിട്ടുകൊണ്ടത്. ആ രൂപം നടുവൊടിഞ്ഞ് തെറിച്ചുവീണു. അപ്രതീക്ഷതമായ ആക്രമണത്തില്‍ പകച്ചുപോയ രൂപം ഇരുളിലേക്ക് പാഞ്ഞു. കൈയില്‍ കിട്ടിയ ഉലക്കയുമായി കലന്തന്‍ മാപ്പിളയും പിന്നാലെ പാഞ്ഞു. കൂരിരുട്ടില്‍ തൊട്ടുമുമ്പിലെ ചിലമ്പൊച്ച ലക്ഷ്യമാക്കി അയാള്‍ ഉലക്ക വീശി ആഞ്ഞടിച്ചു. ആ അടി കൊണ്ടതും രൂപത്തിന്റെ നടുവിനായിരുന്നു. പ്രദേശം മുഴുവന്‍ മുഴങ്ങുന്ന ഒരു ഭീകരമായ നിലവിളി അവിടെ ഉയര്‍ന്നു.

നടുതകര്‍ന്ന കാട്ടുമൂര്‍ത്തി മാപ്പിളയോട് പ്രതികാരം ചെയ്യാന്‍ മലഞ്ചെരിവിലെ വലിയൊരു കല്ലുരുട്ടി താഴേക്കിട്ടു. പുളിങ്ങോം പള്ളി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഉരുണ്ടുവരുന്ന കൂറ്റന്‍ പാറയ്ക്ക് മുന്നില്‍ പൊടുന്നനെ മറ്റൊരു രൂപം പ്രത്യക്ഷപ്പെട്ടു. പൊട്ടന്‍ തെയ്യമായിരുന്നു അത്.

പാഞ്ഞുവരുന്ന കരിമ്പാറയ്ക്ക് മുന്നില്‍ പൊട്ടന്‍ നിന്നു. എന്നിട്ട് തന്റെ ചൂരല്‍ വടി വീശി പാഞ്ഞുവന്ന പാറയിലൊന്നു തൊട്ടു. അതോടെ പള്ളിക്ക് നേരെ പാഞ്ഞ കല്ല് പല കഷണങ്ങളായി ചിതറിത്തെറിച്ചു. പുളിങ്ങോം മഖാമിന്റെ പല സമീപ പ്രദേശങ്ങളിലും ഇന്നു കാണുന്ന കൂറ്റന്‍ പാറക്കഷണങ്ങള്‍ പൊട്ടന്‍ പണ്ടുതകര്‍ത്തെറിഞ്ഞ കല്ലിന്റെ അവിശിഷ്ടങ്ങളാണെന്നാണ് ഐതിഹ്യം.

അന്ന് കരിഞ്ചാമുണ്ഡി തിരികെ പോയി. എന്നാല്‍ ഒരു നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രാത്രി കമ്പല്ലൂര്‍ പുഴയില്‍ ചൂണ്ടയിടുകയായിരുന്ന കലന്തന്‍ മാപ്പിളയെ ആരോ പുഴയിലേക്ക് എടുത്തെറിഞ്ഞു. പിറ്റേ ദിവസം മാപ്പിളയുടെ ജഡം പൊന്തി. കരിഞ്ചാമുണ്ഡിയുടെ പ്രതികാരമെന്ന് ജനം പറഞ്ഞു. പ്രശ്‌നവിചാരത്തില്‍ കലന്തനും ദൈവമായെന്ന് വിധിയുണ്ടായി. മാപ്പിളയുടെ ജഡം പൊന്തിയ കാര്യങ്കോട് പുഴയിലെ ആ കയം ഇന്ന് ആവുള്ളക്കയം എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭൈരവന്‍ തെയ്യം

വടക്കന്‍ മലബാറിലെ പ്രശസ്തമായ ഒരു ശൈവ തെയ്യമാണ് ഭൈരവന്‍ തെയ്യം. ഭഗവാന്‍ ശിവന്റെ ഭയാനകമായൊരു രൂപമാണ് ഭൈരവന്‍. ശിവാംശ ഭൂതമായ ഭൈരവനെ ആണ് ഭൈരവന്‍ തെയ്യമായി കെട്ടിയാടുന്നത്. ബ്രഹ്‌മ ദേവന്റെ ശിരസ്സറുത്തതിന് പാപം മാറ്റാന്‍ കപാലവുമായി ഭിക്ഷയാചിക്കുന്ന പരമശിവനാണ് ഭൈരവന്‍.

ഒരിക്കല്‍ മഹാവിഷ്ണുവും ബ്രഹ്‌മാവും തമ്മില്‍ ആരാണ് വലിയവന്‍ എന്നതിനെ ചൊല്ലി ഒരു തര്‍ക്കം നടന്നു. അവര്‍ യുഗങ്ങളോളം യുദ്ധം ചെയ്തു. എങ്കിലും ആരും വിജയം കണ്ടില്ല. ഒടുവില്‍ തര്‍ക്കം പരിഹരിക്കാന്‍ അവര്‍ ശിവന്റെ അടുക്കല്‍ ചെന്നു. സഹായിക്കാമെന്ന് ശിവനും സമ്മതിച്ചു.

കൈലാസത്തില്‍ ഉണ്ടായിരുന്ന വലിയ ഒരു ശിവവലിംഗത്തിന്റെ രണ്ടറ്റങ്ങളില്‍ എതെങ്കിലുമൊന്ന് ആര് ആദ്യം കണ്ട് തിരിച്ചു വരുന്നുവോ അവരായിരിക്കും വിജയി എന്ന ശിവന്‍ പ്രഖ്യാപിച്ചു.

മത്സരം തുടങ്ങി ബ്രഹ്‌മദേവന്‍ ശിവലിംഗത്തിന്റെ മുകള്‍ ഭാഗത്തേക്കും മഹാവിഷ്ണു താഴേക്കും യാത്ര ആരംഭിച്ചു. ഒരുപാട് കാലം യാത്ര ചെയ്തു. എങ്കിലും രണ്ടു പേര്‍ക്കും ലക്ഷ്യ സ്ഥാനം കണ്ടെത്താന്‍ പറ്റിയില്ല.

ഭൈരവന്‍ തെയ്യം | ഗോപകുമാർ ഫോട്ടോഗ്രാഫി

ഇങ്ങനെ പോയാല്‍ യുഗങ്ങള്‍ കഴിഞ്ഞാലും ഇതിന്റെ മുകള്‍ ഭാഗം കണ്ടെത്താന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയ ബ്രഹ്‌മദേവന്‍ ശിവലിംഗത്തിന്റെ മുകളില്‍ നിന്നും താഴോട്ട് പതിച്ചു കൊണ്ടിരിക്കുന്ന കൈതപ്പൂവിനോട് സഹായം അഭ്യര്‍ഥിച്ചു. കൈതപ്പൂവിനെ ശിവലിംഗത്തിന്റെ മുകളില്‍നിന്നും എടുത്തതാണെന്ന് കള്ളം പറയാന്‍ ബ്രഹ്‌മദേവന്‍ അതിനോട് ആവശ്യപെട്ടു. ബ്രഹ്‌മദേവന്റെ ആവശ്യം കേട്ട കൈതപ്പൂവ് സമ്മതം മൂളി.

കൈതപ്പൂവും കൊണ്ട് ശിവ സന്നിധിയില്‍ എത്തിയ ബ്രഹ്‌മദേവന്‍ താന്‍ ശിവലിംഗത്തിന്റെ മുകള്‍ വശത്ത് നിന്നാണ് വരുന്നതെന്ന് കളവ് പറഞ്ഞു. അതിന് തെളിവായിട്ടാണ് കൈതപ്പൂവ് കൊണ്ടുവന്നതെന്നും പറഞ്ഞു. ബ്രഹ്‌മദേവന്‍ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലാക്കിയ ശിവന്‍ കൈതപ്പൂവിനോട്ട് ഇത് സത്യമാണോ എന്ന് ചോദിച്ചു. കൈതപ്പൂവ് അതെയെന്ന് മറുപടിയും പറഞ്ഞു.

കോപം പൂണ്ട മഹാദേവന്‍ ബ്രഹ്‌മാവിന്റെ അഞ്ചാം ശിരസ്സ് അറുത്തെടുത്തു. ആരും നിന്നെ പൂജിക്കാതാകട്ടെ എന്ന് ശപിക്കുകയും ചെയ്തു. കളവിന് കൂട്ടുനിന്ന കൈതപ്പൂവിനെ ആരും പൂജയ്‌ക്കെടുക്കതാകട്ടെ എന്നും മഹാദേവന്‍ ശപിച്ചു.

തന്റെ ശിരസ്സറുത്ത് കളഞ്ഞതില്‍ കോപിഷ്ഠനായ ബ്രഹ്‌മാവ് പരമശിവന്‍ ഇനി പന്തീരാണ്ടു വര്‍ഷം കപാലവുമേന്തി ഭിക്ഷയാചിക്കട്ടെ എന്ന് ശപിച്ചു. അങ്ങനെ ബ്രഹ്‌മശാപം തീര്‍ക്കാന്‍ പരമശിവന്‍ ഭൈരവവേഷം ധരിച്ചു ബ്രഹ്‌മകപാലം ഭിക്ഷാ പത്രമാക്കി പന്തീരാണ്ടു കാലം ഏന്തി ഭിക്ഷ യാചിച്ചു. പരമശിവന്റെ ഈ ഭിക്ഷാടന വേഷം തന്നെ ആണ് ഭൈരവന്‍ തെയ്യം ആയി കെട്ടിയാടുന്നത്.

അഗ്നിഭൈരവന്‍, ആദിഭൈരവന്‍, യോഗിഭൈരവന്‍, കാലഭൈരവന്‍, കങ്കാളഭൈരവന്‍, ശാക്തേയഭൈരവന്‍, ഈശ്വരഭൈരവന്‍, കപാലഭൈരവന്‍ എന്നിങ്ങനെ ഭൈരവന് എട്ടു ഭാവങ്ങളുണ്ട്. മന്ത്രമൂര്‍ത്തി വിഭാഗത്തില്‍ പെടുന്ന ഭൈരവന്‍ തെയ്യം കെട്ടിയാടുന്നത് മലയ സമുദായത്തില്‍ ഉള്ളവരാണ്. മലയര്‍ സമൂഹമാണ് ഇത് അവതരിപ്പിക്കുന്നത്. ഈ തെയ്യം അവതരിപ്പിക്കുമ്പോള്‍ കലാകാരന്‍ കണ്ണുകളില്‍ വെള്ളി നിറത്തിലുള്ള പൊയ്ക്കണ്ണ് ധരിക്കും. അതിലെ ചെറിയ ദ്വാരത്തിലൂടെയാണ് കലാകാരന്‍ കാണുന്നത്.

 

ഗുളികന്‍ തെയ്യം

ഗുളികന്‍ തെയ്യം ശൈവബലത്തിന്റെ പ്രതീകമാണ്. മൃകണ്ഡുവിന്റെ മകന്‍ മാര്‍ക്കണ്ഡേയന്റെ കഥ ഇതില്‍ അവതരിപ്പിക്കുന്നു.
പരമശിവ ഭക്തനായ മൃകണ്ഡു എന്ന മഹര്‍ഷി പുത്രലബ്ധിക്കായി പരമശിവനെ തപസ് ചെയ്തു. തപസ്സില്‍ സംപ്രീതനായി പ്രത്യക്ഷനായ പരമശിവന്‍ ഒരു പുത്രന് ജന്മം നയ്യാന്‍ മൃകണ്ഡുവിനു വരം നല്‍കി അനുഗ്രഹിച്ചു.

എന്നാല്‍ അനുഗ്രഹത്തില്‍ ഒരു വ്യവസ്ഥയുണ്ടായിരുന്നു ഒന്നുകില്‍ ദീര്‍ഘായുസ്സുള്ള ബുദ്ധിശൂന്യനായ ഒരു മകന്‍, അല്ലെങ്കില്‍ വെറും പതിനാറു വര്‍ഷം മാത്രം ആയുസ്സുള്ള ദിവ്യനായ ഒരു പുത്രന്‍ ഇതില്‍ ഏതെങ്കിലും ഒരു വരം തെരഞ്ഞെടുക്കണം എന്നായിരുന്നു വ്യവസ്ഥ അല്‍പായുസ്സെങ്കിലും ദിവ്യനായ ഒരു കുട്ടി മതി എന്ന് മൃകണ്ഡു പരാമശിവനോട് ആവശ്യപ്പെട്ടു. അങ്ങനെ മൃകണ്ഡു മാര്‍കണ്ഡേയനു ജന്മം നല്‍കി. അതീവ ശ്രേഷ്ടനായ മാര്‍ക്കണ്ഡേയനും ശിവ ഭക്തനായി തന്നെ വളര്‍ന്നു.

ഗുളികന്‍ തെയ്യം

തനിക്ക് 16 വയസ് വരെയേ ജീവിക്കാന്‍ സാധിക്കുകയുള്ളു എന്നറിഞ്ഞ മാര്‍ക്കണ്ഡേയന്‍ കടല്‍ത്തീരത്ത് ശിവലിംഗം പണിതു ഭക്തിപൂര്‍വ്വം ആരാധിച്ചു. 16 വയസ് പൂര്‍ത്തിയാകുന്ന ദിവസം മാര്‍ക്കണ്ഡേയനെ കൂട്ടിക്കൊണ്ടുപോകാന്‍ മരണദേവനായ യമന്‍ധര്‍മന്‍ വരികയും ചെയ്തു. എന്നാല്‍ മാര്‍ക്കണ്ഡേയന്‍ ശിവലിംഗം ചേര്‍ത്തുപിടിച്ചു. മാര്‍ക്കണ്ഡേയനെ കൊണ്ടുപോകാതെ തരമില്ല എന്നതിനാല്‍ യമദേവനും യമപാശത്താല്‍ അവനെ കെട്ടിവലിക്കാന്‍ ആരംഭിച്ചു.

ഉടന്‍ തന്നെ ശിവന്‍ പ്രത്യക്ഷപ്പെടുകയും തൃക്കണ്ണ് തുറന്ന് യമനെ ഭസ്മമാക്കുകയും ചെയ്തു. അതോടെ ഭൂമിയില്‍ ആളുകള്‍ മരിക്കാതായി. തല്‍ഫലമായി ഭൂമി ദേവി താങ്ങാനാവാത്ത ഭാരം കൊണ്ട് പൊറുതി മുട്ടുകയും ദേവന്മാരോട് പരാതി പറയുകയും ചെയ്തു.

ദേവന്മാര്‍ മഹാദേവനോടും പരാതി പറഞ്ഞു. വഴിയുണ്ടാക്കാം എന്ന് പറഞ്ഞ് അവരെ വിട്ട മഹാദേവന്റെ ഇടതു കാലിലെ പെരുവിരല്‍ പൊട്ടി പിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികന്‍. തൃശൂലവും കാലപാശവും നല്‍കി ശിവന്‍ ഗുളികനെ കാലന്റെ പ്രവര്‍ത്തി ചെയ്യാന്‍ ഭൂമിയിലേക്കയച്ചു.

ഗുളികന്‍ ജീവജാലങ്ങളുടെ മരണ സമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. കാലന്‍, അന്തകന്‍, കാലാന്തകന്‍ എന്നീ പേരുകളിലും ഗുളികന്‍ അറിയപ്പെടുന്നു. അര്‍ധരാത്രിക്ക് ശേഷം കാവുകളില്‍ കെട്ടിയാടുന്ന ഈ തെയ്യത്തിന്റെ നടത്തം പൊയ്ക്കാലുകളില്‍ ആണെന്നുള്ളത് ഒരു സവിശേഷതയാണ്. നാഗവംശത്തില്‍ പെട്ട രൂപമാണ് ഗുളികന്. പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപ സാദൃശ്യം മുടിയിലും കാണാം.

ഗുളികന്‍ തെയ്യം | രോഹിത് ആർ.ജെ കുമാർ

ഗുളികന്‍ തെയ്യം വടക്കന്‍ കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ തെയ്യങ്ങളിലൊന്നാണ്. കുലഗുളികന്‍, തെക്കന്‍ ഗുളികന്‍, വടക്കന്‍ ഗുളികന്‍, കരിങ്കുളികന്‍, കാരഗുളികന്‍, ഉമട്ടഗുളികന്‍, മരണഗുളികന്‍, മന്ത്രഗുളികന്‍ തുടങ്ങിയ വകഭേദങ്ങളുണ്ട്. മലയര്‍, പുലയന്‍, മാവിലന്‍ തുടങ്ങിയ സമൂഹങ്ങള്‍ ആണ് ഗുളികന്‍ തെയ്യങ്ങള്‍ അവതരിപ്പിക്കുന്നത്.

പൊട്ടന്‍ തെയ്യം

ശ്രീപരമേശ്വരന്‍ ചണ്ഡാള വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ചെന്നും അതിന്റെ പുരാവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണ് പൊട്ടന്‍ തെയ്യമെന്നുമാണ് ഐതീഹ്യം. എട്ടാം നൂറ്റാണ്ടില്‍,ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തില്‍ മനീഷാപഞ്ചകത്തില്‍ ഈ സംഭവം പരാമര്‍ശിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വെച്ചാണ് ഇത് നടന്നതെന്നും വിശ്വസിക്കപ്പെടുന്നു. പുളിങ്ങോത്ത് വെച്ച് ശങ്കരാചാര്യരും അലങ്കാരനെന്ന പുലയ യുവാവിന്റെ വേഷത്തിലെത്തിയ മഹാദേവനും തമ്മില്‍ കണ്ടുമുട്ടി. രാമന്തളിയിലെ ശങ്കരനാരായണ ക്ഷേത്രത്തില്‍ നിന്നും തലക്കാവേരിയിലേക്ക് പോകുകയായിരുന്നു ശങ്കരന്‍.

പുളിങ്ങോത്തെത്തിയപ്പോള്‍ അന്ന് അവിടെ കൂട്ടുമെന്ന് ശങ്കരാചാര്യര്‍ തീരുമാനിച്ചു. അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിന്‍ ചെരുവില്‍ ഇരുന്ന് അലങ്കാരന്‍ എന്ന പുലയ യുവാവ് അത് കേട്ടു. ആചാര്യരുടെ ശബ്ദത്തിലെ ഞാനെന്ന ഭാവം അദ്ദേഹം പറയുന്ന അദ്വൈത വാക്കുകള്‍ക്ക് നിരക്കുന്നതല്ലെന്ന് അലങ്കാരന് തോന്നി. പിറ്റേന്ന് പുലര്‍ച്ചെ തലക്കവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയില്‍ നിന്ന് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി. തിരി തിരി തിരി പുലയ എന്ന ശങ്കരാചാര്യര്‍ അലറി. തെറ്റ് തെറ്റെന്ന് കേട്ട് തെറ്റുവാനെന്ത് മൂലം തെറ്റല്ലേ ചൊവ്വരിപ്പോള്‍ തെറ്റുവാന്‍ ചൊല്ലിയത്’ എന്ന് പൊട്ടന്‍ തിരിച്ച് ചോദിച്ചു.

അലങ്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതായതോടെ ശങ്കരാചാര്യര്‍ തെറ്റ് തിരിച്ചറിഞ്ഞെന്നും ചണ്ഡാളനെ ഗുരുവായി വണങ്ങിയെന്നും കഥ. പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ആ കാട്ടുവഴി ഇന്നുമുണ്ട്. ഒരേ വരമ്പില്‍ നിന്നും ബ്രാഹ്‌മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാന്‍ അലങ്കാരന്‍ തന്റെ കൈയിലെ മാടിക്കോല്‍ വഴിയുടെ കുറുകെ വച്ച് വഴി രണ്ടാക്കിയ രണ്ടാക്കിയ വരമ്പാണ് ‘ഇടവരമ്പ്’ എന്ന സ്ഥലപ്പേരെന്നും ആളുകള്‍ വിശ്വസിക്കുന്നു.

സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്ത് നേരത്തെ തന്നെ തയ്യാറക്കിയ മുഖാവരണം അണിയുകയാണ് പതിവ്. വയറിലും മാറിലും അരി അരച്ചു തേക്കുന്നതും പതിവാണ്. ഉടലില്‍ മൂന്ന് കറുത്ത വരകളും ഉണ്ടാകും. തലയില്‍ കുരുത്തോല കൊണ്ടുള്ള മുടിയും അരയില്‍ ധരിക്കുന്ന കുരുത്തോലകളും പൊട്ടന്‍ തെയ്യത്തിന്റെ പ്രത്യേകതയാണ്.

കുട്ടിച്ചാത്തന്‍ തെയ്യം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ ഒരു മന്ത്ര തന്ത്ര ബ്രാഹ്‌മണ കുടുംബമാണ് കാളകാട്ടു ഇല്ലം. കാളകാട്ടു തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ് വൈഷ്ണവംശമുള്ള കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാളകാട്ടു കുട്ടിച്ചാത്തന്‍ എന്നും ഈ തെയ്യത്തെ വിളിക്കാറുണ്ട്. ബ്രാഹ്‌മണര്‍ (നമ്പൂതിരിമാര്‍) കെട്ടിയാടുന്ന ഈ തെയ്യത്തെ ബ്രാഹ്‌മണേതര കുടുംബങ്ങളും ആരാധിച്ചു വരുന്നു.

മന്ഥര പര്‍വതത്തിന്റെ ഉയര്‍ച്ച തുലനപ്പെടുത്തതിന് മഹാവിഷ്ണു ഗൃദ്ധ്രരാജനായി അവതരിച്ചുവെന്നും അതാണ് കുട്ടിച്ചാത്തനെന്നുമാണ് തെയ്യക്കോലങ്ങള്‍ കെട്ടുന്ന മലയരുടെ വിശ്വാസം. പതിനെട്ട് ബ്രാഹ്‌മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന മന്ത്രമൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയാണ് ഈ തെയ്യം. 108ലധികം ചാത്തന്‍മാരുള്ളതില്‍ മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു കഥയുണ്ട്. ശിവനും പാര്‍വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്ക് കരുവാള്‍ എന്ന പേരിലും കുട്ടിച്ചാത്തന്‍ എന്ന പേരിലും രണ്ടു മക്കളുണ്ടായി. ഇതില്‍ കുട്ടിച്ചാത്തന്‍ കറുത്ത ശരീരവുമായി നെറ്റിയില്‍ പൂവ്, തൃക്കണ്‍ എന്നിവയുമായാണ് ജനിച്ചത്. കുട്ടിച്ചാത്തനെ ശിവപാര്‍വതി ദമ്പതിമാര്‍ മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് നല്‍കി.

അസാമാന്യ ബുദ്ധിയുള്ള കുട്ടിച്ചാത്തന്‍ പഠിപ്പില്‍ ഒന്നാമനായിരുന്നുവെങ്കിലും ഗുരുവിനെ അനുസരിക്കാന്‍ തീരെ തയ്യാറായില്ല. അത് കൊണ്ട് തന്നെ ഗുരു കുട്ടിച്ചാത്തനെ എപ്പോഴും ശകാരിച്ചു. പലപ്പോഴും ഗുരു ചിന്തിക്കുന്നതിലും അപ്പുറം ചാത്തന്‍ ചിന്തിച്ചു തുടങ്ങി. ചാത്തന്റെ നിരവധി ചോദ്യങ്ങള്‍ക്ക് ഗുരുവിന് ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു.

ഒരിക്കല്‍ കുളിച്ചു വരികയായിരുന്ന ഗുരു ചാത്തന്‍ തന്റെ പുസ്തകം എടുത്ത് വായിക്കുന്നത് കണ്ടു തന്റെ പുസ്തകം എടുത്ത് വായിച്ചിട്ടാണ് തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചാത്തന്‍ ചോദിക്കുന്നതെന്ന് കരുതി കോപാകുലനായി ഗുരു ചാത്തനെ ചൂരല്‍ കൊണ്ട് അടിക്കാന്‍ ആരംഭിച്ചു. ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന ചാത്തന്റെ സ്വഭാവം പെട്ടെന്ന് മാറുകയും ഗുരുവിന്റെ തല അറുക്കുകയും പഠിപ്പ് മതിയാക്കി സ്ഥലം വിടുകയും ചെയ്തു.

ഇതറിഞ്ഞ കാളകാടര്‍ കോപാകുലനാകുകയും വിശന്നു വലഞ്ഞു വരുന്ന കുട്ടിച്ചാത്തന് ഭക്ഷണം കൊടുക്കരുത് എന്ന് ആത്തോലമ്മയോട് പറയുകയും ചെയ്തു. ദേഷ്യം പൂണ്ട ചാത്തന്‍ ആത്തോലമ്മയുടെ ഇടത് മാറില്‍ കല്ലെറിയുകയും ഇതില്‍ കുപിതനായ കാളകാടര്‍ കുട്ടിയെ കന്നുകാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു. കാലി മേയ്ച്ച് തളര്‍ന്നു വന്ന ചാത്തന്‍ ആത്തോലമ്മയോട് പാല് ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല. ഇതിന് പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാള കൂട്ടത്തെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു.

വിവരമറിഞ്ഞ കാളകാടര്‍ കുട്ടിച്ചാത്തനെ വെട്ടിക്കൊന്നു. എന്നാല്‍ വീണ്ടും ജനിച്ച് പ്രതികാര ദാഹിയായി ചാത്തന്‍ കാളകാട്ടില്ലം ചുട്ടു ചാമ്പലാക്കി. കുപിതനായ നമ്പൂതിരി ബ്രാഹ്‌മണരെ വരുത്തി ഹോമകുണ്ഡങ്ങള്‍ തീര്‍ത്ത് വീണ്ടും ചാത്തനെ 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളില്‍ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളില്‍ നിന്ന് അനേകം ചാത്തന്മാര്‍ ഉണ്ടായി. അവര്‍ സമീപ പ്രദേശത്തെ ബ്രഹ്‌മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.

അങ്ങിനെ ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍ കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു. പ്രതികാര ദാഹിയായി നടക്കുന്ന ചാത്തന്‍ ചാലയില്‍ പെരുമലയന്റെ ഭക്തിയില്‍ സംപ്രീതനാവുകയും പൂജയും നേര്‍ച്ചയും നല്‍കി അങ്ങിനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. ആദ്യമായി കുട്ടിച്ചാത്തന്റെ കോലസ്വരൂപം കെട്ടിയാടിയതും ചാലയില്‍ പെരുമലയന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

 

Content Highlight: Theyyam culture of Northern Malabar

 

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം