റെയില്‍വേ സ്റ്റേഷനിലെ ഹിന്ദി നെയിം ബോര്‍ഡിനെതിരെ കനിമൊഴി; 'അവര്‍ നിര്‍ത്തുന്നില്ല, നമ്മള്‍ തോല്‍ക്കുന്നുമില്ല'
India
റെയില്‍വേ സ്റ്റേഷനിലെ ഹിന്ദി നെയിം ബോര്‍ഡിനെതിരെ കനിമൊഴി; 'അവര്‍ നിര്‍ത്തുന്നില്ല, നമ്മള്‍ തോല്‍ക്കുന്നുമില്ല'
യെലന കെ.വി
Friday, 30th January 2026, 4:36 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ റെയില്‍വേ സ്റ്റേഷനുകളിലെ ബോസുകളില്‍ ഹിന്ദി ഭാഷയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.കെ എം.പി കനിമൊഴി കരുണാനിധി.

ചെന്നൈ പാര്‍ക്ക് ടൗണ്‍ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനിലെ പുതിയ ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ കനിമൊഴി രംഗത്തെത്തിയത്.

‘കല്ലക്കുടിയില്‍ തുടങ്ങിയതാണ് ഇത്, ഇപ്പോള്‍ ചെന്നൈ പാര്‍ക്ക് സ്റ്റേഷന്‍ വരെ എത്തി. അവര്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്താന്‍ പോകുന്നില്ല, നമ്മള്‍ ഇതിനെ എതിര്‍ക്കുന്നത് അവസാനിപ്പിക്കാനും പോകുന്നില്ല,’ കനിമൊഴി എക്‌സില്‍ കുറിച്ചു.

1953-ല്‍ ഡാല്‍മിയാപുരം റെയില്‍വേ സ്റ്റേഷന്റെ പേര് ‘കല്ലക്കുടി’ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം. കരുണാനിധിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ ഹിന്ദി വിരുദ്ധ സമരത്തെക്കുറിച്ചും കനിമൊഴി തന്റെ പോസ്റ്റില്‍ കുറിച്ചു. റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ച കരുണാനിധിയെയും സമരക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ സമരവീര്യം ഇന്നും തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് ബോര്‍ഡിന് പകരം ഹിന്ദി ബോര്‍ഡിന് പ്രധാന്യം നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്.

അമൃത് ഭാരത് പദ്ധതിയും ഭാഷാ വിവാദവും അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ 75-ഓളം റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ചു വരികയാണ്. അതിന്റെ ഭാഗമായി സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ മിഴ് മുകളിലും, ഹിന്ദി നടുവിലും, ഇംഗ്ലീഷ് താഴെയുമാണ് നല്‍കിയിരിക്കുന്നത്. മുന്‍പ് പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനുമായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.

ഇംഗ്ലീഷിന്റെ പ്രാധാന്യം കുറച്ച് ഹിന്ദിക്ക് നടുവില്‍ ഇടം നല്‍കിയത് ആസൂത്രിത നീക്കമാണെന്ന് ഡി.എം.കെ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പൊള്ളാച്ചി, ശങ്കരന്‍കോവില്‍ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

പൊള്ളാച്ചി ജംഗ്ഷനിലെ ഹിന്ദി അക്ഷരങ്ങള്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് മായ്ച്ചിരുന്നു.
തുടര്‍ന്ന് റെയില്‍വേ സംരക്ഷണ സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചു.

തമിഴ്‌നാടിന്റെ മണ്ണില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്നും, ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും ഭരണപരമായ മാറ്റങ്ങളിലൂടെയും ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ബിജെപിയുടെ വാദം.

Content Highlight:  They wont stop imposing it dmks kanimozhi flags station signboard in hindi

 

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.