| Thursday, 26th June 2025, 3:52 pm

ട്രെയ്‌ലര്‍ വന്നപ്പോള്‍ വിമർശനം വന്നിരുന്നു; സ്ത്രീകൾക്ക് കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയിൽ കാണിച്ചിട്ടില്ല: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സ്വാസിക. 2009ല്‍ റിലീസായ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സ്വാസിക ഇപ്പോള്‍ തമിഴിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി.

തമിഴ് സിനിമകളായ ലബ്ബര്‍ പന്ത്, റെട്രോ, പ്രഭ, അപ്പുച്ചി ഗ്രാമം എന്നീ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്. മാമന്‍ എന്ന ചിത്രത്തിലും സ്വാസിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ചതുരം സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

ഗ്ലാമര്‍ റോളില്‍ എത്തുമ്പോള്‍ ഇഷ്ടം കുറയുമെന്നൊന്നും ചിന്തിച്ചിരുന്നില്ലെന്നും സംവിധായകരായ ജോഷി, ജയരാജ് എന്നിവര്‍ ചതുരം സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞെന്നും സ്വാസിക പറയുന്നു.

സിനിമയുടെ ട്രെയ്‌ലര്‍ വന്നപ്പോള്‍ ചിലര്‍ വിമര്‍ശിച്ചിരുന്നെന്നും എല്ലാകാര്യങ്ങളെയും മനസിലാക്കി വേണം വിമര്‍ശിക്കാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.

‘ഗ്ലാമര്‍ റോളില്‍ എത്തുമ്പോള്‍ ഇഷ്ടം കുറയുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്തു കാര്യം ചെയ്യുമ്പോഴും അത് നന്നായി വരും എന്നാണല്ലോ പ്രതീക്ഷിക്കുക. സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞു.

സിനിമയുടെ ട്രെയ്‌ലര്‍ വന്നപ്പോള്‍ ചിലര്‍ വിമര്‍ശനവുമായി വന്നിരുന്നു. ‘എ’ എന്നാല്‍ ആണുങ്ങള്‍ എന്നല്ല, ‘അഡല്‍റ്റ്‌സ് ഒണ്‍ലി’ എന്നാണ്. പതിനെട്ട് വയസിന് മുകളിലുള്ള ആര്‍ക്കും കാണാം. അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല. ഇപ്പോഴും പലരുടെയും വിചാരം ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതൊരു സോഫ്റ്റ് പോണ്‍ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസിലാക്കി വിമര്‍ശിക്കുന്നത് നന്നായിരിക്കും,’ സ്വാസിക പറയുന്നു.

Content Highlight: There was criticism when the trailer came out; the film did not show anything that women should not see: Swasika

We use cookies to give you the best possible experience. Learn more