തിരുവനന്തപുരം: കേരളത്തിലെ അതി കഠിനമായ ഉഷ്ണതരംഗത്തിന് ശമനമുണ്ടാവുമെന്ന ആശ്വാസ വാര്‍ത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
12 ജില്ലകളില്‍ നിലവില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഇടുക്കിയിലും വയനാടും മാത്രാണ് സ്വല്‍പം ആശ്വാസമുള്ളത്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം 40.1 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയ്ക്കും വടക്ക് കര്‍ണാടയ്ക്കും മുകളിലായി രൂപപ്പെട്ട എതിര്‍ ചക്രവാതം കാരണമാണ് രാത്രികാലങ്ങളില്‍പ്പോലും അന്തരീക്ഷം തണുക്കാത്ത അവസ്ഥയും മഴമേഘങ്ങളുടെ അഭാവവും ഉണ്ടാകുന്നത്.
എന്നാലിത് ഇന്ന് ദുര്‍ബലമാകുന്നതോടെ അന്തരീക്ഷം തണുക്കാനും ഉച്ചയ്ക്ക് ശേഷം വേനല്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്. ഏപ്രില്‍ അവസാനവാരത്തോടെ സംസ്ഥാനത്ത് മഴ ശക്തമായേക്കാം. ഇതോടെ ചൂടിന് ഗണ്യമായ കുറവുണ്ടായേക്കാം.
എന്നാല്‍ ഇത്തവണ വേനല്‍ ലഭിച്ചത് വളരെ കുറവാണ്. ഈ സീസണില്‍ ലഭിക്കേണ്ട മിന്നലോടു കൂടിയ മഴ പല ജില്ലകളിലും ഇത്തവണ നാമമാത്രമായി ചുരുങ്ങി.
ചൂട് കഠിനമാവുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ. ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Content Highlight: There may be relief from the scorching heat; Summer rains likely by the end of April
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.